Thursday July 27, 2017
Latest Updates

പിഞ്ച് ബാലന്റെ അരുംകൊലപാതകം;വിറങ്ങലിച്ച് ഡബ്ലിന്‍ നിവാസികള്‍

പിഞ്ച് ബാലന്റെ അരുംകൊലപാതകം;വിറങ്ങലിച്ച് ഡബ്ലിന്‍ നിവാസികള്‍

ഡബ്ലിന്‍ :ദുരൂഹ സാഹചര്യത്തില്‍ മൂന്നുവയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിറങ്ങലിച്ച് ഡബ്ലിന്‍ നിവാസികള്‍.കിമ്മേജിലെ റിവര്‍സൈഡ് അപാര്‍ട്മെന്റിലെ ഫ്ളാറ്റിലാണ് പിഞ്ച് ബാലന്റെ കൊലപാതകം നടന്നത്. കുട്ടിയുടെ അമ്മയെ ഗുരുതര മുറിവുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് പോഡില്‍ പാര്‍ക്കിലെ കിമ്മേജിനെ നടുക്കിയ കൊലപാതകം നടന്നത്.
കത്തികൊണ്ടുള്ള ആഴത്തിലുള്ള മുറിവേറ്റാണ് മരണം.ഗുരുതരമായ മുറിവുകളോടെ ഇറാനിയന്‍ ഡോക്ടര്‍ (40)കൂടിയായ അമ്മ സെന്റ് ജയിംസ് ഹോസ്പിറ്റലിലാണ്.

വിവരമറിഞ്ഞവരെല്ലാം കണ്ണീര്‍പ്പുക്കളുമായി ആ ഫ്ളാറ്റിനു മുന്നിലെത്തി.ടെഡി ബെയറും കളിപ്പാട്ടങ്ങളുമൊക്കെ ഫ്ളാറ്റിനുമുന്നില്‍ അനാഥമായി കിടക്കുന്നു. എന്തിനുവേണ്ടിയാണ് ഈ അരുംകൊലപാതകമെന്ന് ആര്‍ക്കും അറിയില്ല. ആരാണ് നടത്തിയതെന്നതിനും ഉത്തരമില്ല.എന്തിനാണ് ഈ അരുംകൊലയെന്ന് പരിസരവാസികളാരോ കെട്ടിത്തൂക്കിയ പേപ്പര്‍ത്തുണ്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഫല്‍റ്റില്‍ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു ഇറാനിയന്‍ ഡോക്ടറും ഭര്‍ത്താവും.പിന്നീട് അവര്‍ വേര്‍പിരിഞ്ഞു.വീട്ടിനുള്ളില്‍ അക്രമം നടന്നതിന്റെയോ ബലപ്രയോഗത്തിന്റെയോ സൂചനകളില്ല.മൂന്നാമത് ഒരാളുടെ സാന്നിധ്യവും ഗാര്‍ഡ സംശയിക്കുന്നില്ല.വനിതാ ഡോക്ടറെ ചോദ്യം ചെയ്താല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂവെന്ന് ഗാര്‍ഡ വെളിപ്പെടുത്തി.

സംഭവത്തിനുപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്.മകനും അമ്മയുമായി വളരെ സന്തോഷമായാണ് കഴിഞ്ഞിരുന്നതെന്ന് അയല്‍വാസി ലോറഫെയ്ന്‍ ലിയോന്‍ പറഞ്ഞു.അമ്മയ്ക്ക് അവനെ ജീവനായിരുന്നു.ഭ്രാന്തമായ ഒരു സ്നേഹമാണ് അവള്‍ക്ക് അവനോടുണ്ടായിരുന്നത്.ഇടയ്ക്ക് അവന്‍ അച്ഛനോടൊപ്പം കുട്ടി സൈക്കിള്‍ ഓടിക്കുന്നതും കാണാറുണ്ടായിരുന്നു.എന്നാല്‍ ദമ്പതികള്‍ പിന്നീട് വേര്‍പിരിഞ്ഞു.ഈ അപാര്‍ട്മെന്റ് കോംപ്ലക്സിലാകെ ഈ ഒരു കുഞ്ഞ് മാത്രമേ ഉണ്ടായിരുന്നുള്ളു.കേസന്വേഷണത്തെ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് ക്രംലിന്‍ ഗാര്‍ഡ അറിയിച്ചു.ഫോണ്‍-003531-666-6200

Scroll To Top