Thursday February 23, 2017
Latest Updates

പാലായുടെ സ്വന്തം കൈപ്പന്‍പ്ലാക്കലച്ചന്‍ ഓര്‍മ്മയായി 

പാലായുടെ സ്വന്തം കൈപ്പന്‍പ്ലാക്കലച്ചന്‍ ഓര്‍മ്മയായി 

ഏഴു പതിറ്റാണ്ടു പിന്നിട്ട സമര്‍പ്പിതസേവനത്തിന്റെ മിഴിവാര്‍ന്ന ചരിത്രമാണ് ഇന്നലെ രാത്രി അന്തരിച്ച ഫാ.അബ്രഹാം കൈപ്പന്‍പ്ലാക്കല്‍. ‘മകനേ, പിതാവിനെയും മാതാവിനെയും വാര്‍ധക്യത്തില്‍ സഹായിക്കുക, മരിക്കുന്നതു വരെ അവര്‍ക്ക് ദു:ഖമുണ്ടാക്കരുത്. അവരോടു കാണിക്കുന്ന കാരുണ്യം വിസ്മരിക്കപ്പെടുകയില്ല. കഷ്ടതയുടെ ദിനത്തില്‍ അതു നിനക്ക് കാരുണ്യത്തിനായി ഭവിയ്ക്കും’ (പ്രഭാഷകന്‍ 3:5).

ജീവിതത്തിന്റെ സായംസന്ധ്യയില്‍ അനാഥത്വത്തിന്റെ ഭാണ്ഡവും പേറി നിന്ദനം നിറഞ്ഞ നിരത്തുകളില്‍ നിന്നെത്തി മൃത്യുവിന്റെ അഴിമുഖത്തു ആരെയോ കാത്തിരിക്കുന്ന നൂറുകണക്കിന് നിരാശ്രയ വൃദ്ധരുടെ മധ്യേ മേല്‍പ്പറഞ്ഞ ബൈബിള്‍ വാക്യങ്ങള്‍ നല്‍കുന്ന പ്രചോദനവും അയ്യായിരത്തിലേറെ അഗതികളുടെ പ്രാര്‍ത്ഥനയുമായി 100 ജന്മദിനങ്ങള്‍ പിന്നിട്ട പാലായുടെ സ്വന്തം കൈപ്പന്‍പ്ലാക്കലച്ചന്‍. സ്‌നേഹാര്‍ദ്രമായ സേവനം കൊണ്ട് ആയിരക്കണക്കിന് ആബാലവൃദ്ധരെ സനാഥരാക്കിയ, ദൈവത്തിന്റെ സ്വന്തം കൈയൊപ്പ് പതിഞ്ഞ ആ പുണ്യസപര്യ, 2014 ഏപ്രില്‍ 16–ന് 100 വയസ്സ് പൂര്‍ത്തിയാക്കിയിരുന്നു.

1914 ഏപ്രില്‍ 16–ന് കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍പെട്ട കൊഴുവനാല്‍ ആണ് ഫാ.അബ്രഹാം കൈപ്പന്‍പ്ലാക്കലിന്റെ ജന്മസ്ഥലം. മൂന്ന് ആണ്മക്കളും മൂന്നു പെണ്‍ മക്കളുമുള്ള കുടുംബത്തിലെ ഇളയ സന്തതി. മക്കളുടെ സ്വാഭാവരൂപവല്‍ക്കരണത്തില്‍, പ്രത്യേകിച്ച്, ദരിദ്രരോടുള്ള സഹാനുഭൂതിയില്‍, ചുവടിട്ടത് സ്വന്തം മാതാപിതാക്കള്‍ ജോസഫും ത്രേസ്യായും തന്നെ. കൊഴുവനാല്‍, മുത്തോലി, പാലാ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് വൈദികപഠനം. 1939–ഡിസംബറില്‍ നവപൂജാര്‍പ്പണം. അടുത്ത 20 വര്‍ഷം സാധാരണ വൈദികരെപ്പോലെ ഇടവകകളിലെ അജപാലനം. ആദ്യ ഇടവകയായ അതിരമ്പുഴയില്‍ ദളിത് കൈസ്തവ ഉന്നമനം എന്ന വകുപ്പ് സ്തുത്യര്‍ഹമായി കൈകാര്യം ചെയ്തു. തുടര്‍ന്ന് ചങ്ങനാശ്ശേരി, പിഴക്, മല്ലികശ്ശേരി, കരൂര്‍, ളാലം ഇടവകകളില്‍. 1959–ല്‍ പാലാ ളാലം സെന്റ് മേരീസ് പള്ളി വികാരിയായിരിക്കെ സ്വന്തം ഇടവകയില്‍ കണ്ട ചില ദയനീയ ദൃശ്യങ്ങള്‍ ജീവിതഗതി മാറ്റിമറിച്ചു. 

അമേരിക്കന്‍ കവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ‘Road Not Taken’ എന്ന കവിതയില്‍ പറയും പോലെ ‘അധികമാരും ചരിക്കാതിരുന്ന പാത തെരഞ്ഞെടുക്കാന്‍’ ആ ദൃശ്യങ്ങള്‍ വഴിതെളിച്ചു. ആ വര്‍ഷമുണ്ടായ വന്‍ വെള്ളപ്പൊക്കം പാലാ ടൗണിനെ വിഴുങ്ങിയ ദിനരാത്രങ്ങള്‍. ദാരിദ്ര്യവും പട്ടിണിയും മൂലം വലയുന്ന നിരവധി കുടുംബങ്ങള്‍, ചോര്‍ന്നൊലിയ്ക്കുന്ന കുടിലുകള്‍, പരിമിതമായ ജീവിത സൗകര്യങ്ങള്‍ – അദ്ദേഹം നേരില്‍ കണ്ടു. ഇടവകാംഗങ്ങളായ ഏതാനും ചെറുപ്പക്കാരെ സംഘടിപ്പിച്ച് ഭരണങ്ങാനം, ഈരാറ്റുപേട്ട പ്രദേശങ്ങളില്‍ ചെന്ന് അരി, കപ്പ തുടങ്ങിയവ ശേഖരിച്ച് ദുരിത ബാധിതര്‍ക്കിടയില്‍ വിതരണം ചെയ്തു. ടൗണില്‍ അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ സാമൂഹൃവിരുദ്ധരുടെ പിടിയില്‍ പെട്ടിരുന്ന കുട്ടികളും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. ഇവര്‍ക്കെല്ലാം വേണ്ടി തല്‍ക്കാലം ഏതാനും നേരത്തെ ഭക്ഷണം നല്‍കുന്നതിനു പുറമേ, ശാശ്വതമായി നിലനില്‍ക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ചു. അനാഥബാലന്മാര്‍ക്കായി 1959–ല്‍ ‘ബോയ്‌സ് ടൗണ്‍’, പാലായിലെ ഒരു ചെറിയ വാടകക്കെട്ടിടത്തില്‍ കൈപ്പന്‍പ്ലാക്കലച്ചന്‍ ആരംഭിച്ചത് ഈ സാഹചര്യത്തിലായിരുന്നു.

അക്കാലത്തും പിന്നീടും സംസ്ഥാനത്തുണ്ടായ അനാഥഭവനങ്ങളുടെ പേരുമായി പോലും താരതമ്യ പ്പെടുത്തുമ്പോള്‍ ‘ബോയ്‌സ് ടൗണ്‍’ ഇന്നും വേറിട്ടുനില്‍ക്കുന്നു. തങ്ങള്‍ അനാഥരെന്ന അപകര്‍ഷ ചിന്ത സ്ഥാപനത്തിന്റെ പേരില്‍ പോലും അന്തേവാസികളുടെ മനസ്സിലുണര്‍ത്താതെ സഹായങ്ങളും കടമെടുത്ത തുകയുമുപയോഗിച്ച്, പാലാ – ഉഴവൂര്‍ റോഡില്‍ പരുമലക്കുന്നില്‍ നാലേക്കര്‍ സ്ഥലം വാങ്ങി നിര്‍മിച്ച താല്‍ക്കാലിക ഷെഡ്ഡിലേക്ക്, ‘ബോയ്‌സ് ടൗണ്‍’ മാറ്റി. അവര്‍ക്ക് അഭിരുചിയുള്ള മേഖലകളില്‍ പ്രത്യേകപരിശീലനം നല്‍കുന്നതിനും സുരക്ഷിതമായ ഭാവി നേടുന്നതിനും സംവിധാനങ്ങളേര്‍പ്പെടുത്തി. പതിനഞ്ചു വര്‍ഷം പിന്നിട്ടപ്പോഴേക്കും അന്തേവാസികളുടെ എണ്ണം 300 കവിഞ്ഞു. 1964–ല്‍ തുടങ്ങി 200–ലേറെ അനാഥപെണ്‍കുട്ടികള്‍ക്ക് അഭയം നല്‍കിയ ‘ഗേള്‍സ് ടൗണ്‍’, ബോയ്‌സ് ടൗണിനെപ്പോലെ പുനര്‍ജന്മവും വ്യക്തിവികസനവും നല്‍കുക മാത്രമല്ല, അയല്‍ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ഡിവിഷനുകള്‍ വര്‍ദ്ധിപ്പിക്കാനുമുപകരിച്ചു.

സമര്‍പ്പണപാതയിലെ മറ്റൊരു നാഴികക്കല്ലാണ് 1969–ലെ സ്‌നേഹഗിരി സന്യാസിനി സഭയുടെ സ്ഥാപനം. ഈ സന്യാസിനിസഭയ്ക്ക് 2003–ല്‍ എപ്പാര്‍ക്കിയല്‍ പദവി ലഭിക്കുകയുണ്ടായി. 1969–ല്‍ തന്നെ ആയിരുന്നു വികലാംഗര്‍ക്കും വൃദ്ധര്‍ക്കുമായി ദയാഭവന്‍, കരുണാലയം, വികലാംഗ സ്ത്രീകള്‍ക്കായി സ്‌നേഹാലയം എന്നിവ ആരംഭിച്ചത്. നിരാശ്രയ വൃദ്ധ സ്ത്രീകള്‍ക്കായി 1970–ല്‍ ഏന്തയാറില്‍ ശാന്തിനിലയം, വൃദ്ധര്‍ക്കായി 1971–ല്‍ മണിയംകുളത്ത് രക്ഷാഭവന്‍, 1972–ല്‍ പൂവത്തിളപ്പില്‍ നിര്‍മ്മല ഭവന്‍, വികലാംഗര്‍ക്കും മന്ദബുദ്ധികള്‍ക്കുമായി 1973–ല്‍ പള്ളിക്കത്തോടിനു സമീപം മുണ്ടന്‍ കുന്നില്‍ സ്‌നേഹസദ9, വികലാംഗ സ്ത്രീകള്‍ക്കായി നെന്മേനിയില്‍ ആശാഭവന്‍ കൈപ്പന്‍പ്ലാക്കലച്ചന്റെ സ്‌നേഹ സാമ്രാജ്യം അതിവേഗം വ്യാപിച്ചു. എന്നാല്‍ 1975–ല്‍, എത്തിയ ഗുരുതരമായ ഹൃദ്രോഗം ആ ജീവകാരുണ്യ ജൈത്രയാത്രക്കു തടസ്സമിട്ടു.

പാലാ, കൊട്ടിയം ആശുപത്രികള്‍ കയ്യൊഴിഞ്ഞ് വെല്ലൂര്‍ മെഡിക്കല്‍കോളേജാശുപത്രിയില്‍ മരണത്തിന്റെ കാലൊച്ച കേട്ട നാളുകള്‍….. അദ്ഭുതകരമായ രോഗശാന്തിയുമായി ആഴ്ചകള്‍ നീണ്ട ആശുപത്രിവാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി. വെല്ലൂര്‍ ഡോക്ടര്‍മാര്‍ സുദീര്‍ഘ വിശ്രമം കര്‍ശനമായി നിര്‍ദ്ദേശിച്ചതിനാല്‍, സ്‌നേഹഗിരി സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനായി ബിഷപ്പ് വയലിലിന്റെ ഉപദേശാനുസരണം സ്ഥാപനങ്ങളുടെ ചുമതല പാലാ രൂപതയുടെ മേല്‍നോട്ടത്തില്‍ സ്‌നേഹഗിരി സിസ്റ്റേഴ്‌സിനായി വിട്ടുകൊടുത്തു. മറ്റൊരു വൈദികന്‍ ഡയറക്ടറായി നിയമിക്കപ്പെടുകയും ചെയ്തു. തന്റെ രാപകല്‍ അധ്വാനം കൊണ്ടും പൊതുജനങ്ങളുടെ സഹകരണം സമാഹരിച്ചും ചിട്ടി നടത്തിയും കടം വാങ്ങിയും മറ്റും സ്‌നേഹഗിരിക്കായി സ്വരൂപിച്ച 95 ഏക്കര്‍ സ്ഥലങ്ങളും കെട്ടിടങ്ങളും ഏറെക്കുറെ സ്വയംപര്യാപ്തത നേടിയിരുന്ന 10 അനാത്ഥഭവനങ്ങളും, ഒപ്പം വയലില്‍ പിതാവിന്റെ അനുവാദത്തോടെ സ്ഥാപിച്ച സ്‌നേഹഗിരി സന്യാസിനി സഭയുടെ ഭരണച്ചുമതലയും രൂപതയുടെ നിയന്ത്രണത്തില്‍ തുട4ന്നു.

ഫാ. കൈപ്പന്‍പ്ലാക്കല്‍ ഭഗ്‌നാശനായില്ല. കൊഴുവനാലുള്ള തന്റെ പത്രമേനി വിറ്റ് 1977–ല്‍ പാലായില്‍ ചെത്തിമറ്റത്ത് 80 സെന്റ് സ്ഥലവും കെട്ടിടവും വാങ്ങി. രണ്ടു നിര്‍ധന വൃദ്ധരെയും കൂട്ടി. ഈ ഭവനമാണ് ആദ്യത്തെ ദൈവദാന്‍ സെന്റര്‍. ദൈവം ദാനമായി നല്‍കിയ രണ്ടാം ജന്മത്തില്‍ വൃദ്ധസഹോദര ശുശ്രുഷയാണ് തനിക്കായി ഒരുക്കിയിരിക്കുന്ന ചുമതല എന്ന് വിശ്വസിച്ച് കൂടുതല്‍ ഉന്മേഷപൂര്‍വ്വം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. പുതിയ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനായിട്ടാണ് 1978–ല്‍ ഒസ്സാനം ചാരിറ്റബിള്‍ സൊസൈറ്റി അച്ചന്‍ രൂപീകരിച്ചത്. ക്രമേണ ഒന്നും രണ്ടുമായി അന്തേവാസികളുടെ എണ്ണം കൂടി. അയല്‍പക്ക വീടുകളില്‍ പിടിയരി പിരിവായിരുന്നു ആദ്യകാലത്തെ ഉപജീവന മാര്‍ഗ്ഗം. ക്രമേണ സേവനത്തിന്റെ വ്യത്യസ്തത കണ്ടറിഞ്ഞ നാട്ടുകാര്‍ ഭക്ഷണം, വസ്ത്രം, ഇവക്കു പുറമേ സംഭാവനകളുമായി മികച്ച പിന്തുണ നല്‍കി. അന്തേവാസികളുടെ എണ്ണം പില്‍ക്കാലത്ത് 140 വരെ ഉയര്‍ന്നു.

1980–ല്‍ അപ്രതീക്ഷിതമായി ലഭിച്ച ഒരു സുഹൃത്ത്, ഗാനഗന്ധര്‍വന്‍ കെ. ജെ. യേശുദാസ്, ദൈവദാന്‍ സെന്ററിന് വിലമതിക്കാനാവാത്ത പ്രോത്സാഹനം നല്‍കി. 1980 മുതല്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ യേശുദാസ് നടത്തിയ അഞ്ച് സൗജന്യ ഗാനമേളകള്‍ ദൈവദാന് മികച്ച സാമ്പത്തിക അടിത്തറയും, കൈപ്പന്‍പ്ലാക്കലച്ചനു അന്യാദൃശ്യമായ ആത്മവിശ്വാസവും നല്‍കി. പാലായുടെ വളര്‍ച്ചയില്‍ ഗണ്യമായ സംഭാവന നല്‍കിയ ജോസഫ് മൈക്കിള്‍ മണര്‍കാട്ടായിരുന്നു ശ്രീ.യേശുദാസിനെ കൈപ്പന്‍പ്ലാക്കലച്ചന് പരിചയപ്പെടുത്തിയത്. ഓരോ തവണയും ഗാനമേളയ്ക്ക് മുന്‍പ് യേശുദാസ് ദൈവദാനിലെത്തി അച്ചനെ സന്ദര്‍ശിച്ച ശേഷം വൃദ്ധരോടോത്ത് കുറെ സമയം ചെലവഴിച്ചിരുന്നു; പാടുകയും ചെയ്തിരുന്നു. സന്ദര്‍ശക ഡയറിയില്‍ അദ്ദേഹം എഴുതി: ‘ഇതാണ് ശരിയായ ദേവാലയം, അല്ലാതെ രാത്രിയും പകലും മൂടി കിടക്കുന്ന വന്‍ കെട്ടിടങ്ങളല്ല’. 

കഴിയുമെങ്കില്‍ എല്ലാവരും ദൈവദാന്‍ സെന്റര്‍ സന്ദര്‍ശിക്കണമെന്നും, തന്നോട് എപ്പോഴൊക്കെ കൈപ്പന്‍പ്ലാക്കലച്ചന്‍ ആവശ്യപ്പെട്ടാലും പാലായിലെത്തി സൗജന്യമായി ഗാനമേള അവതരിപ്പിക്കാന്‍ ഒരുക്കമാണെന്നും ആദ്യ ഗാനമേളയുടെ ഒടുവില്‍ യേശുദാസ് പ്രഖ്യാപിച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.

അക്കാലത്ത് പാലാ ടൗണിലെ ഒരു പതിവ് ദൃശ്യമായിരുന്നു ദൈവദാന്‍ അന്തേവാസികളുടെ ശവസംസ്‌കാരം. ഏറ്റം മുമ്പില്‍ കൈമണി കിലുക്കി ഒരു വൃദ്ധന്‍. പിന്നില്‍ നിസ്സംഗതയുടെ കരിമ്പടം പുതച്ച് എട്ടു പത്തു വൃദ്ധര്‍. അവരുടെ പിന്നില്‍ രണ്ടു വൃദ്ധന്മാര്‍ തള്ളുന്ന ഉന്തുവണ്ടിയില്‍ ഒരു ഹോംമേഡ് ശവപ്പെട്ടിയില്‍ കൈക്കുമ്പിളില്‍ കുരിശുമായി ഒരു ശവശരീരം. അതിനും പിന്നിലായി നഗ്‌നപാദനായ ഒരു വൃദ്ധ പുരോഹിതന്‍. അദ്ദേഹം ചൊല്ലുന്ന പ്രാര്‍ഥനകളും പാടുന്ന വിലാപഗാനങ്ങളുമല്ലാതെ മൈക്കിലൂടെയുള്ള മരണ ഗീതങ്ങളോ കണ്ണീരിന്റെ ഗദ്ഗദങ്ങളോ വിലാപയാത്രയ്ക്ക് അകമ്പടി സേവിക്കുന്നില്ല. ഇങ്ങനെ പത്തും നൂറുമല്ല, ആയിരത്തോളം ശവസംസ്‌കാരങ്ങള്‍ക്ക് ളാലം പള്ളി സിമിത്തേരിയിലേക്കും മുനിസിപ്പല്‍ പൊതു ശ്മശാനത്തിലേക്കും ഫാ.കൈപ്പന്‍പ്ലാക്കല്‍ നടത്തിയ ഒരു മൈല്‍ കാല്‍നട പാലാക്കാരുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു.

ദൈവദാന്‍ വൃദ്ധ ഭവനത്തിന്റെ പ്രസക്തിയും നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും, ഒപ്പം യേശുദാസിന്റെ വമ്പിച്ച പ്രോത്സാഹനവും, തലശ്ശേരിക്കു സമീപം കോളയാട് മറ്റൊരു വൃദ്ധഭവനം തുടങ്ങാന്‍ അച്ചന് പ്രചോദനം നല്‍കി. 1982–ല്‍ തുടങ്ങിയ ഈ ഭവനത്തിന് തലശ്ശേരി ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി മികച്ച പിന്തുണ നല്‍കി.

ചെത്തിമറ്റത്തുള്ള ദൈവദാന്‍ സെന്ററില്‍ നിന്ന് അരകിലോമീറ്റര്‍ അകലെ മീനച്ചിലാറിന്‍ തീരത്താണ് 1989–ല്‍ ഫാ.കൈപ്പന്‍പ്ലാക്കല്‍, ജൂബിലിഭവന്‍ ആരംഭിച്ചത്. അറുപതു കഴിഞ്ഞ എഴുപതിലേറെ വൃദ്ധ സ്ത്രീകളാണ് അവിടെയുള്ളത്. പത്തു വര്‍ഷത്തോളം ദൈവദാന്‍ സിസ്റ്റേഴ്‌സ് ആയിരുന്നു ഇവിടെ സേവനമനുഷ്ടിച്ചത്. എന്നാല്‍ അച്ചന്റെ താല്പര്യ പ്രകാരം പാലായിലെ രണ്ടു ഭവനങ്ങളിലും സ്‌നേഹഗിരി സിസ്റ്റേഴ്‌സ് ആണ് ഇപ്പോള്‍ ശുശ്രുഷ നടത്തുന്നത്.

1994–ല്‍ ഫാ.കൈപ്പന്‍പ്ലാക്കല്‍ തന്റെ സേവനം എറണാകുളം അതിരൂപതയിലേക്ക് വ്യാപിപ്പിച്ചു. മലയാറ്റൂര്‍ ഫൊറോനാ പള്ളിയ്ക്ക് സമീപം രണ്ടേക്കര്‍ സ്ഥലം വാങ്ങി ആബാഭവന്‍ എന്ന വൃദ്ധഭവനം തുടങ്ങി. തുടര്‍ന്ന് വൃദ്ധസ്ത്രീകള്‍ക്കു വേണ്ടി 1997ല്‍ ചെറുപുഷ്പം ഭവനും, 1999–ല്‍ മേരിയ ഭവനും.വൃദ്ധ സ്ത്രീകളുടെ മുഴുസമയ പരിചരണത്തിനായി സമര്‍പ്പിത സ്വഭാവമുള്ള സിസ്റ്റേഴ്‌സ് അനുപേക്ഷണീയമാണെന്ന് ബോധ്യമായ ഫാ.കൈപ്പന്‍പ്ലാക്കല്‍ 1996–ല്‍ മലയാറ്റൂര്‍ കേന്ദ്രമായി അന്നത്തെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ആന്റണി പടിയറയുടെ അനുഗ്രഹാശിസ്സുകളോടെ ദൈവദാന്‍ സന്യാസിനി സമൂഹം സ്ഥാപിച്ചു. പടിയറ പിതാവിന്റെ പിന്‍ഗാമി കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ ദൈവദാന്‍ സന്യാസിനി സഭയ്ക്കും, കൈപ്പന്‍പ്ലാക്കലച്ചന് വ്യക്തിപരമായും ഏറെ പ്രോത്സാഹനം നല്‍കിയിരുന്നു.

1977–ലെ തന്റെ ‘രണ്ടാം ജന്മത്തില്‍’, ആദ്യത്തെ ഒന്നര പതിറ്റാണ്ട് ഗാനഗന്ധര്‍വ്വന്‍ യേശുദാസും അടുത്ത ഒന്നര പതിറ്റാണ്ട് പുണ്യശ്ലോകനായ വര്‍ക്കി വിതയത്തിലും തനിയ്ക്കായി ദൈവം പ്രത്യേകം നിയോഗിച്ച കാവല്‍ മാലാഖാമാരായിരുന്നെന്ന് ഫാ.കൈപ്പന്‍പ്ലാക്കല്‍ അഭിമാനിച്ചിരുന്നു.
പാലക്കാട് ജില്ലയില്‍ വടക്കഞ്ചേരിയില്‍ 2000–ല്‍ ആരംഭിച്ച ദൈവദാന്‍ സെന്ററില്‍ ഇന്ന് 160 വൃദ്ധസ്ത്രീകളാണ് സംരക്ഷിക്കപ്പെടുന്നത്. 2001–ല്‍ വൃദ്ധ സ്ത്രികള്‍ക്കായി കോളയാട് ബഥാനിയ ഭവന്‍ തുടങ്ങി. കോളയാട്ടെ രണ്ടു ഭവനങ്ങളിലുമായി 200–ഓളം വൃദ്ധ സ്ത്രീ പുരുഷന്മാരാണ് ദൈവദാന്‍ സിസ്റ്റേഴ്‌സിന്റെ സംരക്ഷണയില്‍ ഗതകാലസ്മരണകള്‍ അയവിറക്കി കഴിയുന്നത്.2006–ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ വൃദ്ധസ്ത്രീകള്‍ക്കു വേണ്ടിയും, 2008–ല്‍ കാലടിക്കു സമീപം കാഞ്ഞൂരില്‍ മന്ദബുദ്ധിസ്ത്രീകള്‍ക്കായും ദൈവദാന്‍ ഭവനങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു


ഫാ.കൈപ്പന്‍പ്ലാക്കലിന്റെ ജീവിതത്തിലെ മറ്റൊരമൂല്യ മുഹൂര്‍ത്തമായിരുന്നു തൊണ്ണൂറ്റിമൂന്നാം വയസ്സിലെ മാര്‍പ്പാപ്പാ സന്ദര്‍ശനം. നിശ്ചയദാര്‍ഡ്യം കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും പ്രതിബന്ധങ്ങള്‍ ഒന്നൊന്നായി തരണം ചെയ്ത് 2006 മെയ് 31–ന് അദ്ദേഹം വത്തിക്കാനില്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സവിധത്തിലെത്തി. 

2010–ലാണ് അതിരമ്പുഴയില്‍ വൃദ്ധസ്ത്രീകള്‍ക്കായി അബ്‌റോഭവന്‍ തന്റെ ബന്ധുവായ ജോയി പണ്ടാരക്കളത്തിന്റെ സഹകരണത്തോടെ കൈപ്പന്‍ പ്ലാക്കലച്ചന്‍ പണികഴിപ്പിച്ചത്. 2013 ഓഗസ്റ്റില്‍ പണി പൂര്‍ത്തിയാകുന്ന രണ്ടാംനില കൂടിയാകുമ്പോള്‍ അന്തേവാസികളുടെ എണ്ണം 70 ആകും. പാലായിലെ ദൈവദാന്‍ സെന്ററും ജൂബലിഭവനുമൊപ്പം അബ്‌റോഭവനും അവ സ്ഥിതിചെയ്യുന്ന അഞ്ച് ഏക്കര്‍ സ്ഥലവും അടുത്തകാലത്ത് സ്‌നേഹഗിരിസഭയ്ക്ക് കൈപ്പന്‍പ്ലാക്കലച്ചന്‍ സമ്മാനമായി നല്‍കി. തന്റെ അവസാന സ്ഥാപനമായി അദ്ദേഹം വിശേഷിപ്പിക്കുന്ന കൂത്താട്ടുകുളം കരുണ ഭവനിലെ പുതിയ ബ്ലോക്കില്‍ 100 നിര്‍ധന വൃദ്ധരോടൊന്നിച്ച് ഒരു നേരം ഭക്ഷണം കഴിക്കുക എന്നതാണ് നൂറാം ജന്മദിനാഘോഷമായി ഫാ.കൈപ്പന്‍പ്ലാക്കല്‍ താല്പര്യപ്പെട്ടത്

ഏറ്റമധികം പേര്‍ക്ക് അന്ത്യകൂദാശയും ഭാഗ്യമരണവും നല്‍കിയ വ്യക്തിയെന്ന നിലയില്‍ ഗിന്നസ്ബുക്കില്‍ സ്ഥാനം പിടിക്കാനര്‍ഹതയുള്ള വ്യക്തിയാണ് ഫാ.അബ്രാഹം കൈപ്പന്‍പ്ലാക്കല്‍. അദേഹം സ്ഥാപിച്ച സ്‌നേഹഗിരി, ദൈവദാന്‍ വൃദ്ധഭവനങ്ങളില്‍ ജീവിതാന്ത്യം ചെലവഴിച്ചു മരണം പ്രാപിച്ചവരുടെ എണ്ണം മുവ്വായിരത്തോളമാണ്. ആരോരുമില്ലാത്തവരും മക്കള്‍ പുറന്തള്ളിയവരുമായ മറ്റൊരു 2000 അഭയം തേടിയെത്തിയെങ്കിലും, കുറെ നാളത്തെ താമസത്തിനു ശേഷം ആരോഗ്യം വീണ്ടെടുത്തും കുടുംബാംഗങ്ങളുമായി രമ്യതയിലെത്തിയും സ്വഭവനങ്ങളിലേക്ക് മടങ്ങുകയുണ്ടായി. സുദീര്‍ഘമായ ആ സേവന പാതയിലെ ആദ്യ നാഴികകല്ലുകളായ പാലാ ബോയ്‌സ്ടൗണ്‍, കൊഴുവനാല്‍ ഗേള്‍സ്ടൗണ്‍, തുടങ്ങിയവയില്‍ അഭയവും പരിശീലനവും ലഭിച്ച നാനാജാതി മതസ്ഥരുടെ എണ്ണം അഞ്ചക്ക സംഖ്യയാണ്.
അഗതികള്‍ക്കു വേണ്ടിയുള്ള ആത്മസമര്‍പ്പണം നിരവധി വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പ്രചോദനമേകി. നിരാശ്രയരും രോഗികളുമായ വൃദ്ധ സഹോദരങ്ങളോടുള്ള സമൂഹമനോഭാവത്തില്‍ പുതിയൊരു അവബോധം സൃഷ്ടിച്ചതാണ് കൈപ്പന്‍പ്ലാക്കലച്ചന്റെ സമാനതകളില്ലാത്ത സേവനത്തിന്റെ മറ്റൊരു നേട്ടം.(കടപ്പാട് ;ഡോ :സെബാസ്റ്റ്യന്‍ നരിവേലി )

 

Scroll To Top