Tuesday September 26, 2017
Latest Updates

പാമ്പില്ലാ നാട്ടിലൊരു പാമ്പ് വന്നാല്‍ ആഘോഷം … പൊടി പൂരം

പാമ്പില്ലാ നാട്ടിലൊരു പാമ്പ് വന്നാല്‍ ആഘോഷം … പൊടി പൂരം

ഡബ്ലിന്‍ : അപ്രതീക്ഷിതമായി ഒരതിഥിയെ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ബ്രേ മൃഗാശുപത്രി അധികൃതര്‍.രോഗിയായല്ല അതിഥിയെത്തിയത് എന്നതു മാത്രമല്ല സന്തോഷത്തിനടിസ്ഥാനം. ഈ വിരുന്നുകാരന്‍ ഒരു പാമ്പാണ്.ബാല്ലിബ്രാക്കിലെ ഒരു മരത്തില്‍ വെയില്‍ കായുകയായിരുന്ന പാവം അല്‍ബിനോ കോണിനെ പിടികൂടുകയായിരുന്നു.

ആശുപത്രിയുമായി ബന്ധപ്പെട്ട ധൈര്യശാലിയായ ഒരു ‘വാവ സുരേഷാ’ണ് അവനെ കുടുക്കിയത്. ഒരു കാഡ്ബോര്‍ഡ് പെട്ടിയില്‍ വിശ്രമിക്കാനായി ആശുപത്രി അധികൃതര്‍ കക്ഷിയ്ക്ക് സൗകര്യമൊരുക്കിയിട്ടണ്ട്.

ഇതിനിടെ ആശുപത്രിയധികൃതര്‍ അതിന്റെ ഉടമസ്ഥനെയും തേടുന്നുണ്ട്.മൂന്നടി നീളമുള്ള വെളുത്ത ചെമ്പിച്ച കണ്ണുകളുള്ള സുന്ദരനെയാണ് ഇവര്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.അവന്‍ ചുമ്മാ വട്ടം കറങ്ങുന്ന സ്വഭാവക്കാരനാണ്. അവിടെ വെയില്‍ നന്നായി ആസ്വദിച്ചിരിക്കുകയാണ് .അവന് പോകാന്‍ ഭാവമുള്ളതായി തോന്നുന്നില്ല- ആശുപത്രിയിലെ നേഴ്സ് സ്റ്റീഫന്‍ പറഞ്ഞു.

ഇവന് മൂന്നടി നീളമേയുള്ളു. ഇതിനു മുമ്പ് ഇവിടെ ഇതേ പോലെ ഒരു പാമ്പിനെ ആശുപത്രി അധികൃതര്‍ക്ക് കിട്ടിയിരുന്നു അഞ്ചടിയായിരുന്നു അവന്റെ നീളം-നഴ്സ് പറഞ്ഞു.ഈ പാമ്പിനെ ‘അറിയാവുന്ന’ ആരെങ്കിലുമുണ്ടെങ്കില്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടണം. ഉടമസ്ഥനാണെന്നും പറഞ്ഞ് ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അതിന് തെളിവും ഹാജരാക്കണമെന്നും അധികൃതര്‍ പറഞ്ഞു.കൂടുതല്‍ വിവരത്തിന് 01-2723857 ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

പാമ്പുകള്‍ ഇല്ലാത്ത ലോകത്തിലെ അപൂര്‍വം രാജ്യങ്ങളില്‍ ഒന്നായ അയര്‍ലണ്ടില്‍ വിനോദത്തിന് വേണ്ടി മാത്രമേ പാമ്പുകളെ വളര്‍ത്താന്‍ അനുവദിച്ചിട്ടുള്ളു.അതും ലൈസന്‍സോടെ മാത്രം.അതിനിടെ ഈ ‘അല്‍ബിനോ കോണ്‍ എവിടെ നിന്ന് വന്നെന്ന വിചാരത്തിലാണ് മൃഗ സ്‌നേഹികളും,വിശ്വാസികളും…..!
ഐറിഷ് മലയാളി ന്യൂസ്

Scroll To Top