Friday January 19, 2018
Latest Updates

പബ്ലിക് സര്‍വീസ് കാര്‍ഡ്  അയര്‍ലണ്ടില്‍ താമസിക്കുന്ന എല്ലാവര്‍ക്കും നിര്‍ബന്ധമാക്കിയേക്കും, ദേശീയ ഐഡി കാര്‍ഡായി പരിഗണിയ്ക്കും 

പബ്ലിക് സര്‍വീസ് കാര്‍ഡ്  അയര്‍ലണ്ടില്‍ താമസിക്കുന്ന എല്ലാവര്‍ക്കും നിര്‍ബന്ധമാക്കിയേക്കും, ദേശീയ ഐഡി കാര്‍ഡായി പരിഗണിയ്ക്കും 

ഡബ്ലിന്‍ :പബ്ലിക് സര്‍വീസ് കാര്‍ഡ് (പി എസ് സി  ) അയര്‍ലണ്ടുകാരുടെ യഥാര്‍ഥ ദേശീയ ഐഡി കാര്‍ഡ് ആയിത്തീരുമോയെന്ന ആശങ്ക ഉയരുന്നു.അയര്‍ലണ്ടില്‍ താമസിക്കുന്ന എല്ലാവര്‍ക്കും പബ്ലിക്ക് സര്‍വീസ് കാര്‍ഡ് വേണ്ടിവരുമെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ മനസിലാക്കി തുടങ്ങുന്നതേയുള്ളൂ.ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കിയെടുക്കുന്നതിന് വരെ പിപി എസ് കാര്‍ഡ് വേണമെന്ന നിബന്ധനയോടെ പൗരത്വം സ്വീകരിച്ചവര്‍ മാത്രമല്ല,അയര്‍ലണ്ടില്‍ താമസിക്കുന്ന ആര്‍ക്കും പബ്ലിക്ക് സര്‍വീസ് കാര്‍ഡ് എടുക്കേണ്ടി വരും.

അയര്‍ലണ്ടില്‍ താമസിക്കുന്ന ആര്‍ക്കും,പൗരത്വ വ്യത്യാസം പരിഗണിക്കാതെ ,കൗണ്ടി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പിപിഎസ് ഓഫിസില്‍ അപ്പോയിന്റ്‌മെന്റ് എടുത്ത് കാര്‍ഡ് കരസ്ഥമാക്കുന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.

എട്ട് വര്‍ഷം മുന്‍പ് ഇതിനു തുടക്കമിടുമ്പോള്‍ത്തന്നെ പബ്ലിക്ക് സര്‍വീസ് കാര്‍ഡ് ദേശീയ ഐ ഡി ആയി മാറുമെന്നതു സംബന്ധിച്ച ഉല്‍ക്കണ്ഠകള്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ (ഡിപിസി) മുന്നോട്ടുവെച്ചിരുന്നു.ഇത്തരത്തില്‍ പിഎസ്സി ഉപയോഗിക്കുന്നതിന് നിയമപ്രാബല്യമുണ്ടോയെന്ന സംഗതി അന്വേഷിക്കുകയാണ് ഇപ്പോള്‍ കമ്മീഷണര്‍.പിഎസ്സിക്കായി ഇത്രയധികം വിവരങ്ങള്‍ ശേഖരിക്കേണ്ടത് ആവശ്യമാണോ എന്നതും എല്ലാത്തരം സേവനങ്ങള്‍ക്കും ഇത് ബാധകമാക്കില്ലേയെന്ന ആശങ്കയുമാണ് ഇദ്ദേഹം ആദ്യം ഉന്നയിച്ചത്.

അതിനിടെ,ഡാറ്റ പരിരക്ഷിക്കുന്നതു സംബന്ധിച്ച ചുമതലകള്‍ വളരെ ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കി എംപ്ലോയ്മെന്റ് അഫയേഴ്സ് ആന്റ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് രംഗത്തുവന്നിട്ടുണ്ട്.ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷ്ണറുമായി ചേര്‍ന്ന് കാര്‍ഡുപയോഗം സംബന്ധിച്ച പുതിയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വകുപ്പ് പറയുന്നു.കാര്‍ഡിനുളള എല്ലാ ഉപയോഗങ്ങളും നിയമനിര്‍മ്മാണത്തിലൂടെ നടപ്പാക്കണമെന്നും വകുപ്പ് അത് പൂര്‍ണ്ണമായും അംഗീകരിക്കണമെന്നും ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണറും ആവശ്യപ്പെട്ടിട്ടുണ്ട്.

2009ല്‍ പിഎസ്സി കാര്‍ഡുമായി ബന്ധപ്പെട്ട പ്രാഥമിക യോഗങ്ങളില്‍ പങ്കെടുത്ത ഡിപിസിയിലെ ഉദ്യോഗസ്ഥര്‍, സാമൂഹ്യ-കുടുംബക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് നിരവധി എഴുത്തുകുത്തുകളും ഡിപിസി സാമൂഹ്യസുരക്ഷാ വകുപ്പുമായി നടത്തിയിരുന്നു.എന്നിട്ടും ഒന്നിനും വ്യക്തമായ മറുപടി നല്‍കാതെ പിഎസ്സി കാര്‍ഡെന്ന ദുരൂഹതയുമായി മുന്നോട്ടുപോവുകയായിരുന്നു സര്‍ക്കാര്‍.പിഎസ്സിയില്ലാത്തതിനാല്‍ വൃദ്ധയുടെ പെന്‍ഷന്‍ റദ്ദാക്കിയത് നേരത്തേ വന്‍ വിവാദവും വാര്‍ത്തയുമായിരുന്നു.എന്നിട്ടും വ്യാപകമായി പൊതു സേവനങ്ങള്‍ ലഭ്യമാക്കാന്‍ കാര്‍ഡ് ബാധകമാക്കുന്നതിനുള്ള ഉത്കണ്ഠകള്‍ പിന്നീട് കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവന്നു.

കാര്‍ഡില്‍ പിപിഎസ് നമ്പര്‍ എന്‍കോഡ് ചെയ്യപ്പെട്ടതിന് ന്യായീകരണമില്ലെന്നും 2010ന്റെ തുടക്കത്തില്‍ ഡിപിസി ചൂണ്ടിക്കാട്ടിയിരുന്നു.പിഎസ്സിയെ ഭാവിയില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ആക്കാനുള്ള മാര്‍ഗ്ഗമാണിതെന്നും എല്ലാ സേവനങ്ങള്‍ക്കും പിഎസ്സി ബാധകമാക്കുന്ന നിയമത്തിലായിരിക്കും ഈ നീക്കം അവസാനിക്കുകയെന്നും ഡിപിസി ചൂണ്ടിക്കാട്ടിയിരുന്നു.യൂറോപ്യന്‍ യൂണിയന്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കായുള്ള പ്രത്യേക പ്രോജക്ടിനു സമാന്തരമായി കാര്‍ഡില്‍ മറ്റ് വ്യക്തിഗത വിശദാംശങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിനെതിരെയും കമ്മീഷണര്‍ നിലപാടെടുത്തു.

പിഎസ്സി സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതില്‍ നല്ലനിലയിലല്ല സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.പിഎസ്സിയെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതില്‍ സാമൂഹിക സുരക്ഷാ വകുപ്പ് പരാജയപ്പെട്ടെന്ന വിമര്‍ശനം ഡിപിസിയ്ക്കുമുണ്ട്.ഇക്കാര്യം ഉന്നയിച്ച് 2016ല്‍ ഡിപിസി വിശദമായ കത്തും വകുപ്പിന് നല്‍കിയിരുന്നു.തുറന്നതും സുതാര്യവുമായ രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഈ സംവിധാനത്തില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുന്നതെന്നും അദ്ദേഹം വകുപ്പിനെ ഉപദേശിച്ചിരുന്നു.

തുടര്‍ന്ന് ജൂണില്‍ കാര്‍ഡിലെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡിപ്പാര്‍ട്ട്മെന്റ് വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്തിരുന്നു. പൊതുജനങ്ങള്‍ക്ക് പിഎസ്സി സംബന്ധിച്ച വിശദീകരണത്തിനായി 47 പ്രത്യേക ചോദ്യങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.ഈ ചോദ്യങ്ങള്‍ക്ക് അടിയന്തിരമായി ഉത്തരം നല്‍കേണ്ടതും സുതാര്യതയോടെ അവ പ്രസിദ്ധീകരിക്കേണ്ടതുമാണെന്നും അദ്ദേഹം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

ഏതായാലും അയര്‍ലണ്ടുകാരന്റെ ഡിജിറ്റല്‍ ഐഡന്റിറ്റിയായി പരിണമിച്ചിരിക്കുകയാണ് പിഎസ്സി .ഇതൊരു
നിയമപരമായ ബാധ്യതയാണെന്ന് പൊതുജനങ്ങള്‍ക്ക് തോന്നിത്തുടങ്ങിയത് 2015മുതലാണ്.എന്നിരുന്നാലും ഇതിനെതിരെ പൊതുജനങ്ങളില്‍ നിന്നും കാര്യമായ എതിര്‍പ്പുയരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

Scroll To Top