Wednesday August 16, 2017
Latest Updates

പബ്ബുകളില്‍ നിന്നും മദ്യപിക്കുന്നവരെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കാന്‍ അയര്‍ലണ്ടില്‍ സര്‍ക്കാര്‍ ചിലവില്‍ സംവിധാനമൊരുക്കും 

പബ്ബുകളില്‍ നിന്നും മദ്യപിക്കുന്നവരെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കാന്‍ അയര്‍ലണ്ടില്‍ സര്‍ക്കാര്‍ ചിലവില്‍ സംവിധാനമൊരുക്കും 

ഡബ്ലിന്‍:മദ്യപിച്ച് വാഹനമോടിക്കുന്നത് പിടികൂടിയാല്‍ മൂന്നു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുമെന്ന അയര്‍ലണ്ടിലെ പുതിയ ഗതാഗതബില്ലിനെ മറികടക്കാന്‍ ഉപായവുമായി സര്‍ക്കാര്‍തന്നെ രംഗത്ത് .പബ്ബുകളില്‍ നിന്നും മദ്യപിക്കുന്നവരെ വീടുകളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ സംവിധാനമൊരുക്കിക്കൊണ്ടാണത്.

ടൂറിസം മന്ത്രി ബ്രണ്ടന്‍ ഗ്രീഫാണ് പുതിയ ഇളവുകളടങ്ങിയ പദ്ധതി പ്രഖ്യാപിച്ചത്.പദ്ധതി നടപ്പാക്കാനുള്ള ചുമതല ഏറ്റെടുക്കാനായി ഇന്‍ഷ്വറന്‍സ് കമ്പനികളോടും ഇക്കാര്യം സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രി ഷെയ്ന്‍ റോസിന്റെ വിവാദ റോഡ് ഗതാഗത പരിഷ്‌കരണ ബില്ലിന്റെ പോരായ്മകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കരുതുന്നു.100മില്ലി മദ്യമോ ഒരു ഗ്ലാസ് വൈനോ പോലും കുടിച്ചിട്ട് വാഹനം ഓടിക്കാന്‍ കഴിയാത്ത വ്യവസ്ഥകളാണ് ഗതാഗതമന്ത്രി പുതിയ ബില്ലില്‍ മുന്നോട്ടുവെച്ചത്.കഴിഞ്ഞയാഴ്ച ബില്ലിന് മന്ത്രിസഭയുടെ പിന്തുണ ലഭിച്ചെങ്കിലും ഫിനഗേലിന്റെ ഒട്ടേറെ നേതാക്കള്‍ ബില്‍ വ്യവസ്ഥകളില്‍ ആശങ്ക അറിയിച്ചിരുന്നു.

ഗ്രാമീണ ജനതയെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു പ്രധാനമായുള്ള ഉത്ക്കണ്ഠ.അത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ചെലവില്‍ മദ്യപാനികളെ വീട്ടിലെത്തിക്കാമെന്ന വ്യവസ്ഥ മുമ്പോട്ട് വെച്ചിരിക്കുന്നത്.പബ്ബുടമകള്‍ക്ക് ടാക്‌സ് ഇന്‍സെന്റീവ് നല്‍കിയും,പ്രത്യേക ഇന്ധന ക്വോട്ട അനുവദിച്ചുമായിരിക്കും സര്‍ക്കാര്‍ സഹായിക്കുക എന്നാണ് ടൂറിസം മന്ത്രി പറയുന്നത്.

എന്നാല്‍ ഈ വിവാദ വ്യവസ്ഥകളുടെ പ്രായോഗികത കൂടുതല്‍ പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയെന്നാണ് ഏറ്റവും പുതിയ റിപോര്‍ട്.ബില്‍ വ്യവസ്ഥകളെ ബുധനാഴ്ചത്തെ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ചര്‍ച്ച ചെയ്യും. സമ്മര്‍ കഴിഞ്ഞ് ബില്ലുകള്‍ പരിഗണിക്കാമെന്നു നിര്‍ദേശിച്ചേക്കുമെന്നൊക്കെയാണ് പ്രധാനമന്ത്രിയോടടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം

Scroll To Top