Sunday September 23, 2018
Latest Updates

പതിനായിരക്കണക്കിന് സൈറ്റുകള്‍ പൂഴ്ത്തിവെക്കുന്നു: നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നാമ

പതിനായിരക്കണക്കിന് സൈറ്റുകള്‍ പൂഴ്ത്തിവെക്കുന്നു: നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നാമ

ഡബ്ലിന്‍ :ഭവന നിര്‍മാണ കമ്പനികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി നാഷണല്‍ അസറ്റ് മാനേജ് മെന്റ് ഏജന്‍സി (നാമ).വീടു പണിയാന്‍ വിട്ടുകൊടുത്ത പതിനായിരക്കണക്കിന് സൈറ്റുകള്‍ ഉപയോഗിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം.ഭൂമി പൂഴ്ത്തിവെക്കുന്ന ഭൂപ്രഭുക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നാമ സി.ഇ.ഒ ബ്രണ്ടന്‍ മക് ഡോണാ നടത്തിയത്.നാമയുടെ വാര്‍ഷിക റിപോര്‍ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

50000 വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സൈറ്റുകള്‍ വില്‍പ്പന നടത്തിയിട്ടുണ്ട്.എന്നാല്‍ വെറും 3000 വീടുകള്‍ മാത്രമാണ് വാങ്ങിയവര്‍ നിര്‍മിച്ചത്.നാമ വിറ്റ 47000 ഹൗസിങ് സൈറ്റുകളില്‍ നിശ്ചിത സമയത്ത് വീടുകള്‍ പണിത് മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ പോലും ഭവനവിലയില്‍ ഗണ്യമായ കുറവ് ഉണ്ടായേനെ.പക്ഷേ സ്ഥലം പൂഴ്ത്തിവെച്ചവര്‍ വിപണിയില്‍ പ്രതിസന്ധിയുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

നാമയുടെ സ്വത്തുവകകളിലും വന്‍ വര്‍ധനയുണ്ടായെന്ന് റിപോര്‍ട് പറയുന്നു. 2.3ബില്യണ്‍ യൂറോ ആയിരുന്ന സര്‍പ്ലസ് മൂന്ന് ബില്ല്യണ്‍ ആയി ഉയര്‍ന്നു.2020 ഓടെ അയര്‍ലണ്ടിന്റെ വസ്തു കമ്പോളം മുന്നില്‍ക്കണ്ടാണ് ഈ സ്വത്തു മൂല്യം കണക്കാക്കിയിരിക്കുന്നത്.വായ്പയില്‍ നിന്നും ലഭിച്ചതുള്‍പ്പടെ 5.4 ബില്ല്യണ്‍ യൂറോയാണ് നാമയുടെ പക്കല്‍ പണമായുള്ളത്.

ഇതില്‍ 5ബില്ല്യണും വസ്തു വില്‍പ്പനയിലൂടെ ലഭിച്ചതാണ്.നികുതി നല്‍കിയതിനുശേഷം 1.5 ബില്ല്യണിന്റെ ലാഭമാണ് നാമയ്ക്ക് കണക്കാക്കുന്നത്.ഇത് ആറാം വര്‍ഷമാണ് നാമ ലാഭമുണ്ടാക്കുന്നത്.

30.2 ബില്യണ്‍ യൂറോയുടെ പഴയ കടമുള്ളതില്‍ 98ശതമാനവും തിരിച്ചടച്ചു.ഈ വര്‍ഷം അവസാനത്തോടെ 500 മില്ല്യണിന്റെ കടം കൂടി കൊടുത്തുതീര്‍ക്കാനാണ് വിഭാവനം ചെയ്യുന്നതെന്നു മക് ഡൊണാ പറഞ്ഞു.അടുത്ത മുന്നൂ വര്‍ഷത്തിനുള്ളില്‍ ഫണ്ട് നല്‍കി ഡബ്ലിന്‍ ഡോക്ക് ലാന്‍ഡില്‍ 3000 വാണിജ്യ ഭവനങ്ങളുണ്ടാക്കുമെന്ന് ഇദ്ദേഹം പറഞ്ഞു.

ബ്രക്സിറ്റ് പശ്ചാത്തലത്തില്‍ യു.കെ വിടുന്ന കമ്പനികള്‍ ഡബ്ലിനിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.യൂറോപ്യന്‍ യൂണിയന്റെ ഏക കമ്പോളത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന പാരീസ്, ലക്സംബര്‍ഗ്,ഫ്രാങ്ക്ഫര്‍ട് എന്നിവയിലെ സാമ്പത്തിക സേവന സ്ഥാപനങ്ങളുമായാണ് നമുക്ക് മല്‍സരിക്കാനുള്ളത്.അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഗാരന്റിയോടെ നികുതിദായകര്‍ക്ക് നല്‍കിയ കണ്ടിന്‍ജന്റ് ബാധ്യതകള്‍ ഇല്ലാതാക്കാനായതാണ് നാമയുടെ ഏറ്റവും വലിയ നേട്ടമെന്ന് ചെയര്‍മാന്‍ ഫ്രാങ്ക് ഡാലി പറഞ്ഞു.2009ല്‍ നാമ നിലവില്‍വന്നപ്പോള്‍ ഇതൊക്കെ സാധ്യമാകുമോയെന്നു സംശയിച്ച ചിലരുണ്ടായിരുന്നു.മൂന്നു വര്‍ഷത്തിനുള്ളില്‍ നാമയും കൂടി ഇടപെട്ട് രാജ്യത്തിന്റെ കടം മൂന്നില്‍ രണ്ടായി കുറച്ചു.2014നും 17നുമിടയില്‍ 4840 പുതിയ വീടുകള്‍ക്ക് ധനസഹായം നല്‍കി.2064 വീടുകള്‍ നിര്‍മാണത്തിലിരിക്കുകയാണ്.1114 വീടുകളുടെ പ്ലാനുകള്‍ക്ക് അംഗീകാരവും നല്‍കിക്കഴിഞ്ഞു.

അടുത്ത ബജറ്റില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് നികുതി ചുമത്തുന്നത് പരിഗണിച്ചുവരികയാണെന്ന് ധനമന്ത്രി മൈക്കിള്‍ നൂനന്‍ പറഞ്ഞു.

എന്നാല്‍ ഇതൊരു തന്ത്രമാണെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തല്‍,ലീക്കായ കരട് പ്രൊപ്പോസലുകള്‍ പ്രകാരം ഒട്ടേറെ പഴുതിട്ടാണ് ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് നികുതി ചുമത്തുന്ന നടപടികള്‍ ഉണ്ടാവുന്നത്.അത്തരമൊരു നിയമപ്രകാരം മന്ത്രി പറയുന്നതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും നിരീക്ഷകര്‍ പറയുന്നു.

Scroll To Top