Tuesday January 23, 2018
Latest Updates

പഞ്ചാബ് പിടിയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടി,നയിക്കാന്‍ നവജോത് സിംഗ് സിദ്ദു,സിഖ് സമൂഹത്തോട് മാപ്പു പറഞ്ഞു കേജരിവാള്‍

പഞ്ചാബ് പിടിയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടി,നയിക്കാന്‍ നവജോത് സിംഗ് സിദ്ദു,സിഖ് സമൂഹത്തോട് മാപ്പു പറഞ്ഞു കേജരിവാള്‍

ന്യൂഡല്‍ഹി: പഞ്ചാബ് പിടിയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം.ബിജെ പിയില്‍ നിന്നും രാജി വെച്ച് ഒട്ടേറെ പ്രമുഖ നേതാക്കളാണ് ആം ആദ്മിക്ക് പിന്തുണയുമായി എത്തുന്നത്.പഞ്ചാബിലൊട്ടാകെ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ആം ആദ്മിക്ക് പുതു നേതാക്കളുടെ ഒഴുക്ക് കൂടുതല്‍ സഹായകമാകും.
രാജ്യസഭാംഗമായ മുന്‍ ക്രിക്കറ്റ് താരം നവജോത് സിംഗ് സിദ്ദുവിന്റെ അപ്രതീക്ഷിത രാജി ബിജെപി നേതൃത്വത്തിനു കനത്ത തിരിച്ചടിയായി. രാജ്യസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍.

സിദ്ദു പാര്‍ട്ടി വിട്ടേക്കുമെന്നു നേരത്തെ ശ്രുതിയുണ്ടായിരുന്നു. ഇതു മുന്നില്‍ക്കണ്ട് ഇക്കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹത്തെ രാജ്യസഭയിലേക്കു ബിജെപി നാമനിര്‍ദ്ദേശം ചെയ്തത്. സഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികം കഴിയും മുന്‍പാണ് സിദ്ദുവിന്റെ രാജി.

ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതിനാണ് സിദ്ദു രാജിവച്ചിരിക്കുന്നത്. ഒരു പക്ഷെ അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിദ്ദുവായിരിക്കും.എഎപി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ ഇന്നു അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിലെത്തി പാത്രങ്ങള്‍ കഴുകി പ്രായച്ഛിത്തം ചെയ്തതിനൊപ്പമാണ് സിദ്ദു രാജിവച്ചതെന്നതും ശ്രദ്ധേയമാണ്.

കെജരിവാളിന്റെ പാത്രം കഴുകല്‍ യഥാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ നാടകമായിരുന്നു എന്നാണ് എതിരാളികള്‍ പറയുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു തന്നെയാണ് കെജരിവാളിന്റെയും ലക്ഷ്യം.

എഎപിയുടെ യുവജന വിഭാഗം അവരുടെ പ്രകനട പത്രിക പുറത്തിറക്കിയപ്പോള്‍ അവരുടെ ചിഹ്നമായ ചൂലിനൊപ്പം സുവര്‍ണ ക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിരുന്നു. ഇതു സിഖ് മതക്കാരോടുള്ള അവഹേളനമായി വിലയിരുത്തപ്പെട്ടിരുന്നു. ഇതിനു പ്രായശ്ചിത്തമാണ് ഇന്നു കെജരിവാള്‍ സ്വമേധയാ പോയി പാത്രം കഴുകിയത്. ഇതിലൂടെ സിഖുമതക്കാരെ കൈയിലെടുക്കുകയാണ് കെജരിവാളിന്റെ ലക്ഷ്യം.

അറിയാതെ ചെയ്തു പോയ തെറ്റിനു പാത്രം കഴുകി പ്രായശ്ചിത്തം ചെയ്തപ്പോഴാണ് തനിക്കു മനസ്സമാധാനമായതെന്നാണ് കെജരിവാള്‍ പറഞ്ഞത്. മറ്റു രാഷ്ട്രീയക്കാരെക്കാള്‍ നന്നായി കെജരിവാള്‍ രാഷ്ട്രീയം പഠിച്ചിരിക്കുന്നുവെന്നു ചുരുക്കം.

ഇതേസമയ, സിദ്ദു ബിജെപി വിടാന്‍ കാരണം പത്തു കൊല്ലമായി താന്‍ പ്രതിനിധാനം ചെയ്യുന്ന അമൃത് സര്‍ സീറ്റില്‍ ഇക്കുറി അദ്ദേഹത്തെ മാറ്റി ബിജെപിയുടെ മുതിര്‍ന്ന നേതാവായ അരുണ്‍ ജെയ്റ്റ്ലിയെ മത്സരിപ്പിച്ചതായിരുന്നു.

തന്നെ മാറ്റിനിറുത്തിയതിന് സിദ്ദു പകരം വീട്ടുകയും ചെയ്തിരുന്നു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനോടു ജെയ്റ്റ്ലി തോറ്റിരുന്നു. സിദ്ദു കാലുവാരിയതാണ് തോല്‍വിക്കു പ്രധാന കാരണമായത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മറ്റൊരു സീറ്റും കൊടുക്കാതെ പുറത്തു നിര്‍ത്തിയതും സിദ്ദുവിനു ക്ഷീണമായിരുന്നു. അന്നു തന്നെ അദ്ദേഹം പാര്‍ട്ടി വിടുമെന്നു ശ്രുതിയുണ്ടായിരുന്നു. അപ്പോഴാണ് രാജ്യസഭാ സീറ്റു വച്ചു നീട്ടിയത്.

സിദ്ദുവിനു പുറമേ അദ്ദേഹത്തിന്റെ ഭാര്യയും ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്നാണ് അറിയുന്നത്. അമൃത് സറില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗര്‍.

പഞ്ചാബ് ഇക്കുറി തങ്ങള്‍ക്കു സ്വന്തമാക്കാനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആം ആദ്മി. ബിജെപിയിലെയും കോണ്‍ഗ്രസിലെയും വിമതസ്വരം മുഴക്കുന്നവരെയും പാര്‍ട്ടി ഈ ലക്ഷ്യത്തോടെ പിടികൂടുന്നുണ്ട്.

Scroll To Top