Sunday April 30, 2017
Latest Updates

നോക്കി നിന്നില്ലെങ്കില്‍ ഡബ്ലിനില്‍ നിങ്ങള്‍ അക്രമിക്കപ്പെട്ടെക്കാം !നഗരം സാമൂഹ്യ വിരുദ്ധരുടെ താവളമാവുന്നു

നോക്കി നിന്നില്ലെങ്കില്‍ ഡബ്ലിനില്‍ നിങ്ങള്‍ അക്രമിക്കപ്പെട്ടെക്കാം !നഗരം സാമൂഹ്യ വിരുദ്ധരുടെ താവളമാവുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ സാധാരണക്കാര്‍ക്കുനേരെയും സാമൂഹ്യ വിരുദ്ധരുടെ അക്രമങ്ങള്‍ വ്യാപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഒരു മലയാളി നഴ്‌സിനെയടക്കം മൂന്നുപേരെയാണ് ഇത്തരത്തില്‍ സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചത്.
ബ്ലഞ്ചാഡ്‌സ് ടൗണില്‍ വച്ചാണ് മലയാളി നേഴ്‌സിനു നേരെ ആക്രമണം നടന്നത്. ഇവരെ പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു . ഗുരുതരമായ പരിക്കുകളാണെന്നും എന്നാല്‍ ജീവന് ഭീഷണിയില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
ഒ’കോണല്‍ സ്ട്രീറ്റില്‍ വച്ചാണ് മറ്റൊരു സ്ത്രീ ഇന്നലെ രാത്രി ആക്രമിക്കപ്പെട്ടത്. മുഖത്ത് പ്രഹരമേറ്റ അവരെ മാറ്റര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ദേശിയ മാധ്യമങ്ങള്‍ വലിയ ശ്രദ്ധ നല്‍കിയ സംഭവമായിരുന്നു ഇത്.എന്നാല്‍ ബ്ലാഞ്ചട്‌സ്‌ടൌണിലെ മലയാളി നേഴ്‌സിനു സംഭവിച്ചിടത്തോളം പരിക്കുകള്‍ ഇവര്‍ക്ക് ഉണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം.

കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവും അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമം അരങ്ങേറിയത് നോര്‍ത്ത് ഡബ്ലിനിലെ കൂലോക്കിലുള്ള ഫെറികാരിംഗ് പാര്‍കില്‍ വച്ചാണ്. ഒരു ഷോപ്പിനു പുറത്തു വെറുതെ നില്‍ക്കുകയായിരുന്ന 22കാരന് വെടിയേല്‍ക്കുകയായിരുന്നു. ഇയാളുടെ കൈക്കും കാലിനുമാണ് പരിക്കുപറ്റിയത്. ഇയാളെ ബ്യൂമൗണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇത്തരത്തില്‍ ആക്രമ സംഭവങ്ങള്‍ നടക്കുകയാണെങ്കില്‍ 1800 666 111 എന്ന ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലേക്കോ അടുത്തുള്ള ഗാര്‍ഡ സ്‌റ്റേഷനുകളിലോ വിവരം അറിയിക്കണമെന്ന് ഗാര്‍ഡ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുന്നു.
ഇതിനു മുന്‍പും അയര്‍ലണ്ടില്‍ പല നഗരങ്ങളും അക്രമി സംഘത്തിന്റെ വിളയാട്ടുകേന്ദ്രങ്ങളായി മാറിയിട്ടുണ്ടായിരുന്നു. ഗാര്‍ഡ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ മൊത്തം 25 സംഘങ്ങളാണ് ഇത്തരം പ്രവര്‍ത്തികളുമായി മുന്നോട്ടുപോകുന്നത്. ഏറ്റവും ഞെട്ടിപ്പിക്കുന്ന ഒരു കാര്യം ഇതില്‍ പല സംഘങ്ങളുടെയും നേതൃസ്ഥാനത്ത് സ്ത്രീകളാണ് എന്നതു തന്നെ.
പല ഗ്യാങ്ങുകളും സ്ഥലപ്പേരിലൂടെ തന്നെയാണ് അറിയപ്പെടുന്നത്. ചുരുക്കം ചില ഗ്യാങ്ങുകള്‍ മാത്രമാണ് മറ്റു പേരുകള്‍ സ്വീകരിച്ചിട്ടുള്ളത്.
ക്രിസ്റ്റഫര്‍ ഗിറ്റ് വാറന്റെ മരണത്തിനുത്തരവാദികളായ സംഘമാണ് സൗത്ത് ഇന്നര്‍ സിറ്റി ഗ്യാങ്ങ്. ഈ സംഘത്തില്‍ ഏറ്റവും കുപ്രസിദ്ധി നേടിയത് ഫ്രെഡ്ഡി തോംസണ്‍ എന്ന ആളാണ്. എന്നാല്‍ ഇവരുടെ മയക്കുമരുന്നു വ്യാപാരവും മറ്റു കാര്യങ്ങളും നിയന്ത്രിക്കുന്നത് ഒരു സ്ത്രീയാണ്.
ഒത്തിരി ആക്രമണങ്ങള്‍ ഇവിടങ്ങളിലായി അഴിച്ചുവിടാന്‍ ഈ ഗ്യാങ്ങും ശ്രമിച്ചിട്ടുണ്ട്. അതില്‍ കൊലപാതകങ്ങളും കൊള്ളകളും വരെ ഉണ്ട്.ഗ്യാങ്ങുകളിലെ അംഗങ്ങള്‍ക്ക് നേതൃത്വത്തില്‍ നിന്നും ആവശ്യമായ പണം ലഭിച്ചില്ലെങ്കില്‍ നിരപരാധികളായ സാധാരണക്കാരെ ഇവര്‍ ലക്ഷ്യമിടും.ഇതിന് ശത്രുവെന്നോ മിത്രമെന്നോ പരിഗണനയില്ല.കാല്‍നടയാത്രക്കാരും,സ്ത്രീകളുമാണ് കൂടുതലും ഇവര്‍ക്ക് ഇരയാവുന്നത്.

ഡബ്ലിന്‍ 1ന്‍ ഉള്ള ഗ്യാങ്ങ് ലീഡറും ഒരു സ്ത്രീ തന്നെയാണ്. ഇവിടെയുള്ള മയക്കുമരുന്നു വ്യാപാരം രണ്ടു ഗ്യാങ്ങുകളായി തിരിഞ്ഞാണ് ഇവര്‍ നടത്തുന്നത്. തുടക്കത്തില്‍ ഇത് ഒറ്റ സംഘം ആയിരുന്നെങ്കിലും പിന്നീട് അക്രമപ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ചപ്പോള്‍ രണ്ടായി പിരിയുകയായിരുന്നു. ആയുധങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയുള്ള പിടിച്ചുപറിയും ഈ സംഘത്തിന്റെ ‘കലാപരിപാടി’കളില്‍ ഉള്‍പ്പെടും.സ്‌കൂള്‍ പഠനം നിര്‍ത്തിയ യുവജനങ്ങളെയാണ് ഗുണ്ടാ സംഘം പുതിയതായി റിക്രൂട്ട് ചെയ്യുന്നത്.ഇവര്‍ക്ക് താരതമ്മ്യേനെ കുറഞ്ഞ കൂലിയാണ് ഗുണ്ടാ പണിയ്ക്ക് പ്രതിഫലമായി നല്‍കുന്നത് .അത് കൊണ്ട് തന്നെ മയക്കുമരുന്നിനുമായും മറ്റും ഇവരാണ് ‘ചെറുകിട’ ആക്രമണങ്ങള്‍ നടത്തുന്നത്.
സൗത്ത് വെസ്റ്റ് ഡബ്ലിനിലെ ബല്ലിഫെര്‍മോട്ട് ഗ്യാങ്ങാണ് കൂട്ടത്തില്‍ അപകടകാരിയായ ഗ്രൂപ്പ്. കൊലപാതകങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നതും അതു തന്നെയാണ്. പലതവണ ഇവരുടെ മയക്കുമരുന്നുകള്‍ ഗാര്‍ഡ പിടിച്ചെടുത്തുവെങ്കിലും ഇവര്‍ വ്യാപാരം തുടരുകയായിരുന്നുവെന്നാണ് ഗാര്‍ഡ റിപ്പോര്‍ട്ട്.7മില്ല്യണ്‍ യൂറോ വില മതിക്കുന്ന 57കിലോ ഹെറോയിനും 21കിലോ കൊക്കെയ്‌നും 2011 സെപ്തംബറിലും 11 മില്ല്യണ്‍യൂറോ വില വരുന്ന മരുന്നുകള്‍ പിന്നീടും ഗാര്‍ഡ പിടിച്ചെടുത്തിരുന്നു.
നഷ്ടങ്ങളെ അവഗണിച്ചുകൊണ്ട് വീണ്ടും ഈ സംഘം തങ്ങളുടെ വ്യാപാര രംഗത്തു തുടരുകയാണ് ചെയ്തത്. പ്രതിയോഗികളായി വരുന്നവരെ എതിര്‍ത്ത് ഇല്ലാതാക്കാനും സിനിമാ സ്‌റ്റൈല്‍ ആക്രമണങ്ങള്‍ ഇവര്‍ അഴിച്ചുവിടുന്നു.
ഡബ്ലിനിലെ ഏറ്റവും ഭീകരരായ ഗ്യാങ്ങ് മെമ്പര്‍മാരടങ്ങുന്ന സംഘമാണ് നോര്‍ത്ത് ഡബ്ലിന്‍ ഗ്യാങ്ങ്. ഇവരുടെയും പ്രധാന തൊഴില്‍ മയക്കുമരുന്നു വ്യാപാരം തന്നെയാണ്. പ്രതിയോഗികളെ ഇല്ലാതാക്കിക്കൊണ്ടുതന്നെ ഇവരും മുന്നോട്ടുപോകുന്നു.
നോര്‍ത്ത് ഡബ്ലിന്‍ ഗ്യാങ്ങിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അലന്‍ റ്യാന്റെ ഗ്യാങ്ങാണ് ഡബ്ലിന്‍ റിയല്‍ ഇറ. എന്നാല്‍ നേതാവ് കൊല്ലെപ്പെട്ടെന്നു കരുതി സംഘാങ്ങള്‍ വ്യാപാരം അവസാനിപ്പിക്കുകയോ ഗ്രൂപ്പ് പിരിച്ചുവിടുകയോ ഒന്നും ചെയ്തില്ല.
കൊല്ലപ്പെട്ട ഇമന്‍ ഡണ്‍ നേതൃത്വം നല്‍കിയിരുന്ന ഗ്യാങ്ങാണ് ഫിനഗല്‍സ്. ഡബ്ലിന്‍ ചരിത്രത്തിലെ അപകടകാരികളായ ഗ്യാങ്ങായിരുന്നു ഇവര്‍. 2009ല്‍ മാത്രം ഏഴു കൊലപാതകങ്ങള്‍ ഈ സംഘം പലപ്പോഴായി നടത്തി.
ഇതുപോലുള്ള മയക്കുമരുന്നു മാഫിയകള്‍ താലയിലും കൊണ്ടാല്‍കിനിലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ട്രാവലര്‍ ഗ്യാങ്ങുകളാണ് ഡബ്ലിനിലും പരിസരപ്രദേശങ്ങളിലും അക്രമങ്ങള്‍ അഴിച്ചുവിടുന്ന മറ്റൊരു സംഘം. ആയുധങ്ങളും ബോംബുകളും നിര്‍മ്മിക്കുന്നതിലും ഈ സംഘങ്ങള്‍ മിടുക്കുതെളിയിച്ചിട്ടുണ്ട്.

ആറോളം ട്രാവലര്‍ ഗ്യാങ്ങുകള്‍ ഡബ്ലിനിലും പരിസരപ്രദേശങ്ങളിലുമായി കറങ്ങിനടക്കുന്നുണ്ടെന്നാണ് ഗാര്‍ഡ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിര്‍ത്തി പ്രദേശങ്ങളില്‍ മയക്കുമരുന്നു വില്‍പ്പനയും പിടിച്ചുപറിയും എടിഎം കൊള്ളയുമൊക്കെയായി കഴിയുന്ന സംഘമാണ് ബോര്‍ഡര്‍ ഗ്യാങ്ങ്‌സ്.
പൂര്‍ണ്ണമായ ഒരു ചിത്രം ഗാര്‍ഡയ്ക്കുപോലും കണ്ടെത്താന്‍ സാധിക്കാത്ത ഒരു സംഘമാണ് ഫോറിന്‍ ഗ്യാങ്ങ്‌സ്. വിദേശികളായ ആളുകള്‍ രാജ്യത്തിനകത്ത് അക്രമം അഴിച്ചുവിടുന്നത് ഈയിടെയായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഗാര്‍ഡയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരുടെയും മുഖ്യതട്ടിപ്പ് നടക്കുന്നത് എടിഎമ്മുമായി ചുറ്റിയാണ്.
ഐആര്‍ഐ പ്രൊവഷണല്‍ ബറ്റാലിയന്‍മാരായിരുന്നവര്‍ ഒത്തുകൂടി നോര്‍ത്ത് ലൗത്തിലും സൗത്ത് അര്‍മാഗിലും സംഘടിപ്പിച്ച ഗ്രൂപ്പാണ് പ്രോവോ ഗ്യാങ്ങ്. പുകയില കള്ളക്കടത്താണ് ഇവരുടെ പ്രധാന വ്യാപാരം.ബ്രിട്ടനിലേക്ക് നിയമപരമായല്ലാത്ത സാധനങ്ങള്‍ കയറ്റി അയക്കുന്നതിലും ഇവര്‍ ശ്രദ്ധ കൊടുക്കുന്നു.
അയര്‍ലണ്ടില്‍ പ്രധാനമായും രണ്ട് ചൈനീസ് ട്രിയാഡ് ഗ്രൂപ്പുകളാണ് ഉള്ളത്. വേശ്യാവൃത്തിയും ചൂതാട്ടവുമാണ് ഇവരുടെ തൊഴില്‍ മേഖല.എന്നാല്‍ ഗ്രൂപ്പിലുള്ളവരെല്ലാം ചൈനക്കാരുമല്ല. കഞ്ചാവ് വ്യാപാരവുമായി ബന്ധപ്പെട്ട് ഒരു വിയറ്റ്‌നാം ഗ്രൂപ്പും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഗ്യാങ്ങുകള്‍ പരസ്പരമുള്ള മത്സരങ്ങള്‍ക്കിടയിലും കലഹങ്ങള്‍ക്കിടയിലും ആണ് പലപ്പോഴും ആക്രമണങ്ങള്‍ അരങ്ങേറുന്നത്. ചിലപ്പോള്‍ പിടിച്ചുപറികള്‍ക്കിടയിലും കൊള്ളകള്‍ക്കിടയിലും ആക്രമണങ്ങള്‍ ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഇത്തരം ആക്രമണങ്ങള്‍ കൊലപാതകങ്ങളില്‍ എത്താറാണ് പതിവ്.ഡബ്ലിനില്‍ കഴിഞ്ഞ മാസം കൊല്ലപ്പെട്ട അമേരിക്കന്‍ മലയാളി യുവതി ഇത്തരം ഒരു ചതി കുഴിയില്‍ പെട്ടാണ് മരിച്ചതെന്ന് പറയപ്പെടുന്നു.

അക്രമങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് പരിക്കുകള്‍ പറ്റുകയും നഷ്ട്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുമ്പോള്‍ ഗാര്‍ഡ നിസംഗത പാലിക്കുന്നുവെന്നും പരാതിയുണ്ട്.ഇന്നലെ മലയാളി യുവതിക്ക് പരുക്കേറ്റ സംഭവത്തില്‍ പോലും ഇത് പ്രകടമായിരുന്നു.ഒരു സാധാരണ സംഭവം എന്ന മട്ടില്‍ പെരുമാറിയ ഗാര്‍ഡ ഞായാറാഴ്ച ‘അവധി ആഘോഷിച്ചു ‘തിങ്കളാഴ്ച്ച പുനരന്വേഷണങ്ങള്‍ നടത്താമെന്ന നിലപാടിലായിരുന്നു.
ഏറെ സൌഹൃദപരം എന്ന് വിശേഷിപ്പിക്കപെട്ടിരുന്ന ഡബ്ലിനിലെ ജനജീവിതം ഇപ്പോള്‍ ആശങ്കാ നിര്‍ഭരമാണ്.എവിടെ നിന്നും ആക്രമണം വരും എന്നറിയാതെ വലയുകയാണ് ജനം.ഒറ്റയ്ക്ക് താമസിക്കുനവരും വൃദ്ധ ജനങ്ങള്‍ക്കുമൊപ്പം കുടിയേറ്റക്കാരും ‘ടാര്‍ജറ്റ് ‘ചെയ്യപ്പെടുന്നുവെന്നത് ഞെട്ടലോടെയാണ് പ്രവാസികള്‍ നോക്കികാണുന്നത്.like-and-share

Scroll To Top