Friday January 19, 2018
Latest Updates

നൊമ്പരത്തിപ്പൂവ് 

നൊമ്പരത്തിപ്പൂവ് 

സവിത ഹാലപ്പനവര്‍ മനസ്സിന്റെ ഏതോ കോണിലെ നൊമ്പരമാണ്. അകാലത്തില്‍ ഇറുത്തു മാറ്റപ്പെട്ട ഒരു മനോഹര കുസുമം. അവള്‍ ഈ ലോകത്തേക്കാള്‍ കൂടുത്തല്‍ മറ്റേതോ ലോകത്തിനു പ്രിയപ്പെട്ടവളായിരുന്നിരിക്കാം. അല്ലെങ്കില്‍ ഇങ്ങനെ ജ്വലിച്ചു നില്ക്കുന്ന സമയത്ത് അവള്‍ അറുത്തു മാറ്റപ്പെടുമോ? ഗോള്‍വേയിലെ ആശുപത്രിക്കിടക്കയില്‍ നിസ്സഹായനായ അവളുടെ ഭര്‍ത്താവും മലയാളികള്‍ അടക്കമുള്ള ഗോള്‍വേയിലെ  സുഹൃത്തുക്കളും അവളുടെ പ്രാണന്‍ എതു വിധേനയെങ്കിലും രക്ഷിക്കാനാവുമോ എന്ന് പരിഭ്രാന്തിയോടെ ഓടി നടക്കുമ്പോള്‍ ഒരുനോക്കു കാണാനാഗ്രഹിച്ച ആരോരും അടുത്തില്ലാത്ത സമയത്ത് അവളുടെ ശരീരം വേദനയുടെ പാരമ്യത്തില്‍ ജീവനുമായുള്ള അതിന്റെ ബന്ധം മുറിച്ചുമാറ്റി.

അഞ്ചു വര്‍ഷം മുന്‍പ് നടന്ന സവിത ഹാലപ്പനവറിന്റെ രക്തസാക്ഷിത്വത്തിന് അബോര്‍ഷന്‍ സംബന്ധിച്ച നിയമത്തിന്റെ പരിണാമത്തിന് ഇപ്പോള്‍ വഴിയൊരുക്കിയിട്ടില്ലെങ്കിലും സമീപഭാവിയില്‍ അത് സാധ്യമാകുമെന്നാണ് ചിലരെങ്കിലും അവകാശപ്പെടുന്നത്..

അഞ്ച് വര്‍ഷം മുമ്പ് ഇന്നേ ദിവസമാണ് സവിത ഹാലപ്പനവര്‍ ഗോള്‍വേ ആശുപത്രിയില്‍ അന്തരിച്ചത്. നീണ്ട നിയമ പോരാട്ടത്തിനിടയില്‍ സംഭവിച്ച ആ മരണം ആഗോള ഗര്‍ഭഛിദ്ര യുദ്ധത്തിനാണ് തുടക്കമിട്ടത്.

സവിത കര്‍ണാടകയിലെ ബല്ഗാമില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയാണ്.പഠനത്തില്‍ വളരെ മിടുക്ക് കാട്ടിയ അവള്‍ സ്വന്തം ഇഷ്ട്ടപ്രകാരം ദന്തിസ്ത്രി തിരഞ്ഞെടുക്കുകയായിരുന്നു. പ്രവീണിനെ വിവാഹം ചെയ്തശേഷം അവള്‍ അയര്‍ലണ്ടില്‍ എത്തുകയും ഇവിടെ പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തിരുന്നു. തികഞ്ഞ പ്രകൃതിസ്‌നേഹിയായ ആ പെണ്‍കുട്ടി പ്രവീണിനോടൊപ്പം അയര്‍ലണ്ടിന്റെ ശാന്തസൗന്ദര്യത്തില്‍ അലിഞ്ഞുചേരാറുണ്ടായിരുന്നു.താഴ്വരകള്‍ പുതച്ചിരുന്ന പച്ചപ്പിലും അവ പുറപ്പെടുവിച്ച നിശബ്ദതയുടെ സംഗീതത്തിലും അലിഞ്ഞുചേരുന്നത് അവള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു.

ജീവിതത്തിലേക്ക് ഒരു നവാതിഥി വന്നെത്താന്‍ പോകുന്നു എന്ന് ഒരുനാള്‍ ഉള്പുളകത്തോടെ മനസ്സിലാക്കി സവിതയും പ്രവീണും. പക്ഷെ ആ പുളകത്തിനു കേവലം പതിനേഴു ആഴ്ച മാത്രമേ നിലനില്ക്കാനായുള്ളൂ.അസഹനീയമായ ശാരീരികാസ്വാസ്ത്യവുമായി ആശുപത്രിയെ ശരണം പ്രാപിച്ച സവിത/പ്രവീണ്‍ ദമ്പതിമാരോടു അവളുടെ ഉദരത്തില്‍ ഉള്ളത് ജീവിതത്തിലേക്ക് കൊണ്ടുവരാനാവാത്ത ഒരു ജൈവാവസ്ഥ മാത്രമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നത്രെ.

സ്വയം ഒരു ഡോക്ടര്‍ തന്നെയായ സവിത അപ്പോള്‍ അതില്‍ നിന്ന് അവളെ മുക്തയാക്കി ഈ അസഹ്യ അസ്വാസ്ത്യങ്ങളില്‍ നിന്ന് രക്ഷപെടുത്താന്‍ ആവശ്യപ്പെട്ടു.എന്നാല്‍ ആ ഭ്രൂണത്തിന്റെ ഹൃദയം ഇപ്പോഴും മിടിക്കുന്നതിനാല്‍ അത് ഒരു ജീവനായി പിറക്കുകയില്ലെങ്കില്‍ കൂടിയും അതിനെ കളയാനാവില്ല,

അതിനു അയര്‍ലണ്ടിലെ ഭരണഘടനാപരമായ നിയമങ്ങള്‍ അനുവദിക്കുന്നില്ല എന്നാണു അവര്‍ക്ക് പ്രധാന ഗൈനക്കോളഗിസ്റ്റ് ആയ കാതറീന്‍ അസ്ബരി കൊടുത്ത മറുപടി.അയര്‍ലണ്ടില്‍ പിറന്നിട്ടില്ലാത്ത കുഞ്ഞിന്റെയും അതിനെ ജീവനില്‍ വഹിക്കുന്ന അമ്മയുടെയും ജീവന് ഒരേ വിലയാണ് കല്പ്പിച്ചിരിക്കുന്നതെന്നത് ആധുനീക ബുദ്ധി ജീവികള്‍ക്ക് മനസിലാക്കാന്‍ ഏറെ പാടുപെടേണ്ടി വരും.

വികാരവിചാരങ്ങളില്ലാത്ത, സ്വന്തം ജീവനെപ്പോലും തിരിച്ചറിയാത്ത ഒരു ജൈവാവസ്ഥയടെ പ്രാഗ്രൂപം എന്ന് ചിലര്‍ വിശേഷിപ്പിക്കുന്ന ദൈവീകമായ ആ തേജസിന് , മജ്ജയും മാംസവും വികാര വിചാരങ്ങളും ഒരു മനസ്സും പൂര്‍ണ്ണ ജീവിതവും കടമകളും കടപ്പാടുകളും ബന്ധുക്കളും ബന്ധനങ്ങളുമുള്ള, ഭാവിയെപ്പറ്റി സ്വപ്നങ്ങള്‍ കണ്ടിരുന്ന യൗവനയുക്തമായ ഒരു മനുഷ്യജീവന്റെ ഒരേ വിലയാണെന്ന് പറയുന്നതിലെ ‘മണ്ടത്തരം’ (അങ്ങനെയാണ് ബുദ്ധിജീവികള്‍ പറയുക…!)തിരുത്താന്‍ ഇതേ വരെ അയര്‍ലണ്ട് തയാറായിട്ടില്ല.അതിനുള്ള സാധ്യതയും അടുത്തെങ്ങും ഉണ്ടാവുമെന്ന് ആരും കരുതുന്നില്ലതാനും.

Scroll To Top