Tuesday February 21, 2017
Latest Updates

നെല്‍സണ്‍ മണ്ടേല : ഇതിഹാസം ഈ ജീവിതം

നെല്‍സണ്‍ മണ്ടേല : ഇതിഹാസം ഈ ജീവിതം

1918 ജൂലൈ 18നു ദക്ഷിണാഫ്രിക്കയിലെ മ്യൂവ്‌സോ എന്ന കൊച്ചുഗ്രാമത്തിലാണു നെല്‍സണ്‍ മണ്ടേല ജനിച്ചത്.സ്‌കൂളില്‍ ചേരുംവരെ ‘വഴക്കാളി’എന്ന് അര്‍ത്ഥംവരുന്ന ഒരു പേരായിരുന്നു വീട്ടുകാര്‍ വിളിച്ചിരുന്നത്.അച്ഛന്‍ ആ പ്രദേശത്തെ ആദിവാസിമുഖ്യരുടെ ഉപദേശകനായിരുന്നു.പക്ഷേ,വെള്ളക്കാരനായ മജിസ്‌ട്രേട്ടുമായി തെറ്റിയതിനെ തുടര്‍ന്ന് അദ്ദേഹത്തിനു ആ പദവി നഷ്ടപ്പെട്ടു.

പ്രതിസന്ധിയിലായ കുടുംബം ക്യുനു എന്നൊരു കുഗ്രാമത്തിലേക്ക് താമസം മാറ്റാന്‍ നിര്‍ബന്ധിതമായി.റോഡ് പോലുമില്ലാത്ത നാട്.നിറയെ കന്നുകാലികള്‍.ഒരു കുടിലിലായിരുന്നു താമസം.പാചകമൊക്കെ പുറത്ത്.അതിനു അരുവിയില്‍ നിന്നുള്ള വെള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്.

manനെല്‍സണു 9 വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.ജീവിതം വഴിത്തിരിവിലായ നാളുകളായിരുന്നു,അത്.തെമ്പു പ്രദേശത്തെ റീജന്റായ ജോങ്ങിറ്റാബെ നെല്‍സണെ ദെത്തെടുത്തു.അദ്ദേഹത്തെ റീജന്റാക്കാന്‍ നെല്‍സന്റെ അച്ഛന്‍ ശിപാര്‍ശ്ശ ചെയ്തതിന്റെ നന്ദിസൂചകമായിരുന്നു,ഇത്.അങ്ങനെ നെല്‍സണ്‍ അദ്ദേഹത്തിന്റെ രാജകീയ വസതിയില്‍ താമസമാക്കി.

1942ല്‍ അഭിഭാഷകനായി പൊതുജീവിതം തുടങ്ങിയ നെല്‍സണ്‍ മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ആ വര്‍ഷം തന്നെ അംഗത്വമെടുത്തു.

1950കള്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് സമഗ്രമാറ്റങ്ങളുടെ കാലമായിരുന്നു.വേഗതയേറിയ കാറുകള്‍,ഗ്ലാമര്‍ സിനിമകള്‍,സംഗീത ആല്‍ബങ്ങള്‍….അപ്പോഴും രഷ്ട്രത്തിന്റെ ഭാവി സംബന്ധിച്ച് നിര്‍ണ്ണായക രാഷ്ട്രീയനീക്കങ്ങള്‍ നടക്കുകയായിരുന്നു.ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസും വര്‍ണ്ണവെറിയന്മാരുടെ നാഷണല്‍ പാര്‍ട്ടിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി.പൗരാവകാശങ്ങള്‍ക്കും ജനാധിപത്യാവകാശങ്ങള്‍ക്കുമായി നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധസമരങ്ങള്‍ നടന്നു.അമേരിക്കയില്‍ മാര്‍ട്ടിന്‍ ലൂത്ഥര്‍ കിങ്ങ് നയിച്ച മുന്നേറ്റങ്ങള്‍ക്ക് സമാനമായിരുന്നു,അവ.

തിരക്കുള്ള അഭിഭാഷകനായിരുന്നു,ഉയരം കൂടിയ ആ ചെറുപ്പക്കാരന്‍.വളരെവേഗം അദ്ദേഹം പ്രക്ഷോഭകാരിയെന്ന നിലയില്‍ ജനനേതാവായി ഉയര്‍ന്നുവന്നു.എ.എന്‍.സിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായ നെല്‍സണ്‍ മണ്ടേല ,സംഘടനാപാടവവും വാക് വൈഭവവും കാരണം പെട്ടെന്ന് നേതൃനിരയിലേക്ക് ഉയര്‍ന്നു.

1950ല്‍ പാസാക്കിയ ഗ്രൂപ്പ് ഏരിയ ആക്റ്റ് അനുസരിച്ച് കറുത്തവര്‍ പ്രത്യേകപ്രദേശങ്ങളില്‍ മാത്രം ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു.ജനസംഖ്യാ രജിസ്‌റ്റ്രേഷന്‍ നിയമപ്രകാരം വെള്ളക്കാര്‍ ജനങ്ങളെ വംശീയമായി വേര്‍ തിരിച്ചു.1951ലെ ‘റിസര്‍വ്വേഷന്‍ ഓഫ് സപ്പറേറ്റ് അമിനിറ്റീസ് ആക്ട്’ പ്രകാരം കറുത്തവരും വെളുത്തവരും തമ്മില്‍ ബസുകള്‍,ബീച്ചുകള്‍,പോസ്റ്റ് ഓഫീസുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ഇടപഴകുന്നത് വിലക്കി.പൗരാവകാശങ്ങള്‍ക്കായി കറുത്തവര്‍ നടത്തിയ പണിമുടക്കുകള്‍ നിരോധിക്കപ്പെട്ടു.അവരുടെ സംഘടനകളെ നിരോധിച്ചു.

വെള്ളക്കാര്‍,കറുത്തവര്‍,ഇന്ത്യക്കാര്‍,നിറമുള്ളവര്‍ എന്നീ വിഭാഗങ്ങളായി ജനങ്ങള്‍ വേര്‍ത്തിരിക്കപ്പെട്ടു.ഇവര്‍ത്തമ്മിലുള്ള വംശസങ്കലനവിവാഹങ്ങള്‍ നിരോധിച്ചു.പള്ളികളില്‍ നിന്ന് ‘ശല്യക്കാര്‍’ എന്ന പേരില്‍ കറുത്തവരെ പുറത്താക്കാനുള്ള അധികാരം പോലും വെള്ളക്കാര്‍ക്കുണ്ടായിരുന്നു.

1951ല്‍ മണ്ടേല യൂത്ത് ലീഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.അടുത്തവര്‍ഷം അദ്ദേഹം നീതിവിരുദ്ധമായ നിയമങ്ങള്‍കെതിരായ പ്രതിരോധത്തിന്റെ കോാര്‍ഡിനേറ്ററായി.

.ബ്രിട്ടീഷ് കോളനിയില്‍ നിന്ന് അമേരിക്കക്കാരായവെള്ളക്കാര്‍ക്ക് രാജ്യം കൈമാറ്റം ചെയ്യപ്പെട്ടതിന്റെ മുന്നൂറാം വാര്‍ഷികദിനമായ 1952 ഏപ്രില്‍6നു ജൊഹന്നാസ്ബര്‍ഗ്ഗിലെ ഫ്രീഡം സ്‌ക്വൊയറില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ മണ്ടേല അഭിസംബോധന ചെയ്തു.ഈ പ്രക്ഷോഭത്തിനു പിന്തുണയേകിക്കൊണ്ട് ലോകത്തിന്റെ നാനാഭാഗത്ത്‌നിന്നും ടെലഗ്രാമുകള്‍ പ്രവഹിച്ചു.വംശ വര്‍ണ്ണങ്ങള്‍ക്കതീതമായി എല്ലാ ചെറുപ്പക്കാരും സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ഒന്നിച്ചുനില്‍ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

അക്രമരഹിതമായ നിയമലംഘനപ്രസ്ഥാനത്തില്‍ ആയിരക്കണക്കിനു ചെറുപ്പക്കാര്‍ അണിനിരന്നു.ഒരു തന്ത്രമെന്ന നിലയില്‍ മണ്ടേല ഗാന്ധിയന്‍ സമരമാര്‍ഗ്ഗം സ്വീകരിച്ചു.അവകാശപ്രക്ഷോഭം തുടങ്ങുന്നതിനു നാലുനാള്‍ മുന്‍പ് ദര്‍ബാനില്‍ തടിച്ച്കൂടിയ ആയിരങ്ങളെ അദ്ദേഹം അഭിസംബോധനചെയ്തു.ജൂണ്‍ 26നു പതിനായിരങ്ങള്‍ വര്‍ണ്ണവിവേചന നിയം ലംഘിച്ച്,വെള്ളക്കാര്‍ക്കായി നീക്കിവെച്ച ടൗണ്‍ഷിപ്പുകളിലും പോസ്‌റ്റോഫീസുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പ്രവേശിച്ചു.പ്രക്ഷോഭകരെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു.രാജ്യത്താകെ ജെയിലുകള്‍ നിറഞ്ഞുകവിഞ്ഞു.മണ്ടേലയും മറ്റുനേതാക്കളും തടവിലടക്കപ്പെട്ടു.

1953 സെപ്റ്റംബര്‍21നു ട്രാന്‍സ്വാള്‍ എ.എന്‍.സി സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് ‘സ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴിയില്ല ‘എന്ന പ്രസിദ്ധമായ പ്രസംഗം അദ്ദേഹം നടത്തി.സത്യത്തില്‍ അത്,നെഹ്രുവിന്റെ ഒരു ലേഖനത്തില്‍ നിന്ന് കടംകൊണ്ടതായിരുന്നു.അങ്ങനെ സമരമുഖത്ത് നിന്ന് ജനങ്ങളെ നയിച്ചും,അവരെ പ്രബുദ്ധരാക്കിയ ലേഖനങ്ങള്‍ രചിച്ചും നെല്‍സണ്‍ മണ്ടേല ദേശീയനേതാവായിമാറി.

1959ല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് വിഘടിച്ച ഒരു വിഭാഗം
പാന്‍ ആഫ്രിക്കന്‍ കോണ്‍ഗ്രസ് എന്ന സംഘടനക്ക് രൂപം നല്‍കി.വര്‍ണ്ണവിവേചനനിയമങ്ങള്‍ക്കെതിരെ രണ്ടുസംഘടനകളും വ്യത്യസ്തസമരങ്ങള്‍ക്ക് ആഹ്വാനം ചെയ്തും എ.എന്‍.സി പ്രതിഷേധമാര്‍ച്ചിനു ആഹ്വാനം ചെയ്തപ്പോള്‍ പുതിയ സംഘടന ഷാര്‍പ്പ്വില്ലെയില്‍ വന്‍ നിയമലംഘനത്തിനു പദ്ധതിയിട്ടു.പൊലീസ് അത് ഭീകരമായി അടിച്ചമര്‍ത്തി.ആ കൂട്ടക്കുരുതിയില്‍ 69പേര്‍ കൊല്ലപ്പെട്ടു.180പേര്‍ക്ക് പരുക്കേറ്റു .

.സര്‍ക്കാര്‍,പക്ഷേ,പൊലീസിനെ ന്യായീകരിച്ചു. ഈ സംഭവം നെല്‍സണ്‍ മണ്ടേലയുടെ രാഷ്ട്രീയജീവിതത്തിന്റെ ദിശ മാറ്റി.ഗാന്ധിയന്‍ അക്രമരഹിത സമരത്തിനു ഇനി പ്രസക്ത്തിയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.അങ്ങനെ,അപ്പാര്‍ത്തീഡിനെതിരായി സായുധസമരം നടത്താന്‍ എ.എന്‍.സി ഒരു സൈനികവിഭാഗം രൂപവത്ക്കരിച്ചു.ഈ സായുധസംഘടനക്കെതിരെ സര്‍ക്കാര്‍ ജാഗ്രത പ്രഖ്യാപിച്ചതോടെ അദ്ദേഹം ഒളിവില്‍പോയി.പക്ഷേ അധികം വൈകാതെ മണ്ടേല അറസ്റ്റ് ചെയ്യപ്പെട്ടു

.അട്ടിമറിക്കുറ്റം ആരോപിക്കപ്പെട്ട് റിവോദിയ കോടതിയില്‍ ഹാജരാക്കിയ നെല്‍സണ്‍ മണ്ടേല നടത്തിയ നാലുമണിക്കൂര്‍ നീണ്ട പ്രസംഗം ചരിത്രപ്രസിദ്ധമാണു.’ഒരാള്‍ക്ക് ഒരു വോട്ട്’എന്ന ജനാധിപത്യവ്യവസ്ഥിതിയിലേക്ക് ദക്ഷിണാഫ്രിക്കയെ പരിവര്‍ത്തനം ചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

കോടതിമുറിക്കകത്തും പുറത്തും ആ പ്രസംഗം പ്രകമ്പനം സൃഷ്ടിച്ചു.മരണശിക്ഷ പ്രതീക്ഷിച്ച ആ കേസില്‍ കോടതി നെല്‍സണ്‍ മണ്ടേലയേയും ഏഴ് കൂട്ടാളികളേയും ജീവപര്യന്തം തടവിനു ശിക്ഷിച്ച് റോബന്‍ ദ്വീപിലേക്കയച്ചു.പിന്നെ അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുന്നത് നീണ്ട 27 വര്‍ഷത്തിനു ശേഷം.mand JAIL

അക്കാലത്തൊക്കെ അദ്ദേഹത്തിനു ആത്മവീര്യം പകര്‍ന്ന് ജെയിലിനുപുറത്ത് ഉജ്വലമായ ജനകീയപോരാട്ടത്തിനു നേതൃത്വം നല്‍കി,അദ്ദേഹത്തിന്റെ താങ്ങും തണലുമായിരുന്ന ഭാര്യവിന്നി.പില്‍ക്കാലത്ത് വിന്നിയുമായി പിരിയേണ്ടിവന്നത് മറ്റൊരു ദുരന്തം.

സഹനത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും ഉജ്വലമായ അദ്ധ്യായം എഴുതിച്ചേര്‍ത്ത് സ്വയം ചരിത്രമായി മാറിയ മണ്ടേല 1990ല്‍ ജയില്‍മോചിതനായി.നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന വര്‍ണ്ണവിവേചനത്തിനു അന്ത്യം കുറിച്ചുകൊണ്ട് 1994ല്‍ അദ്ദേഹത്തെ ദക്ഷിണാഫ്രിക്കന്‍ ജനത പ്രസിഡന്റായി തെരഞ്ഞെടുത്തു.

1999ല്‍ അനാരോഗ്യം കാരണം സ്ഥാനമൊഴിഞ്ഞ നെല്‍സണ്‍ മണ്ടേല ദക്ഷിണാഫ്രിക്കന്‍ ജനതയുടെ മാര്‍ഗ്ഗദീപമായിരുന്നു..സമാനതകളില്ലാത്ത സമരപഥത്തിലൂടെ ചരിത്രത്തിന്റെ ഗതിമാറ്റിയ മഹാവിപ്ലവകാരികളുടെ ഒന്നാം നിരയിലാണു നെല്‍സണ്‍ മണ്ടേലയുടെ സ്ഥാനം.ആ മഹിതജന്മം ഇനി ഓര്‍മ്മകളില്‍ ജീവിക്കുംlike-and-share

Scroll To Top