Monday February 27, 2017
Latest Updates

നെക്ക് നോമിനേഷന്‍ കളി തുടരുന്നു…. ഇപ്പോള്‍ സ്‌കൂള്‍ കുട്ടികളും !

നെക്ക് നോമിനേഷന്‍ കളി തുടരുന്നു…. ഇപ്പോള്‍ സ്‌കൂള്‍ കുട്ടികളും !

ഡബ്ലിന്‍ :നെക്ക്‌നോമിനേഷനോടുള്ള ചെറുപ്പക്കാരുടെ താല്‍പ്പര്യം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. മരണം പോലും സംഭവിക്കാം എന്നിരുന്നിട്ടും ഈ ഗെയിം കൂടുതല്‍ ശക്തമായ രീതിയില്‍ ചെറുപ്പക്കാരെയും കൗമാരക്കാരെയും കുട്ടികളെയും സ്വാധീനിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നത്.

ഇപ്പോള്‍ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ പോലും നെക്ക്‌നോമിനേഷനില്‍ വളരെ അധികമായി ആകര്‍ഷിക്കപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. ഇതിന്റെ അപകടങ്ങള്‍ വിശദീകരിച്ചുകൊണ്ടും കുട്ടികളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാനായും സ്‌കൂള്‍ അസംബ്ലികളിലും ക്ലാസുകളിലും വച്ച് മുന്നറിയിപ്പുകള്‍ നല്‍കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

13കാരനായ മകന്റെ ഈ കളിയിലുള്ള താല്‍പ്പര്യം നിയന്ത്രിക്കാന്‍ ബലം പ്രയോഗിക്കേണ്ട അവസ്ഥ വന്നതിന്റെ ആഘാതത്തിലാണ് ഹാലിഫാക്‌സിലെ ഒരു അച്ഛന്‍. ഇത്തരത്തിലുള്ള ഒരു ഇന്റര്‍നെറ്റ് ഗെയിം ഭാവി തലമുറയെ നശിപ്പിക്കാന്‍ തന്നെ ഉതകുന്നതാണെന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നെക്ക്‌നോമിനേഷന്‍ കാരണം ഇനിയും കൊല്ലപ്പെടാന്‍ പാടില്ലെന്നും പല രക്ഷിതാക്കളും അഭിപ്രായപ്പെടുകയാണ്.

ഇതിനോടകം തന്നെ അഞ്ചോളം ജീവനുകള്‍ ഈ ഗെയിം അപഹരിച്ചതായാണ് അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്.
പത്തു വയസ്സുള്ള കുട്ടികള്‍ വരെ ഈ കളിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ സൈറ്റുകളിലൂടെ പുറത്തുവരുന്നതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. നെക്ക്‌നോമിനേഷനില്‍ പങ്കെടുത്ത പത്തുവയസ്സുകാരന്റെ ആരോഗ്യ നില തന്നെ തകരാറിലായിരുന്നു. രക്ഷിതാക്കള്‍ ഭയന്നുപോയിരുന്നുവെങ്കിലും തക്ക സമയത്ത് ഡോക്ടറുടെ സമീപത്ത് എത്തിക്കാന്‍ സാധിച്ചതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഇത്തരം കളികളിലുള്ള അപകടങ്ങള്‍ ഓര്‍ത്ത് രക്ഷിതാക്കളും ഇപ്പോള്‍ വളരെ ആശങ്കയിലാണ്. പ്രായഭേദമന്യേ കുട്ടികള്‍ ഇതിലേക്കാകര്‍ഷിക്കപ്പെടുകയാണ്. ഒട്ടും ആരോഗ്യകരമല്ലാത്ത പലതും കഴിക്കാനും അത് വീഡിയോ ആക്കി അപ്ലോഡ് ചെയ്യാനും പലരും തയ്യാറാവുകയും ചെയ്യുന്നുണ്ട്.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും അടക്കം നാനൂറോളം കൗണ്‍സിലുകളുടെ അധികാരമുള്ള ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ ഇതിനോടകം തന്നെ ട്വിറ്ററിനും ഫേസ്ബുക്കിനും ഇത്തരത്തിലുള്ള ഗേമുകളെ പ്രോത്സാഹിപ്പിക്കരുതെന്ന തരത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞു.

ക്രിസ്തുമസ് ദിവസമാണ് നെക്ക്‌നോമിനേഷന് തുടക്കം കുറിച്ചത്. റഗ്ബി കളിക്കാരനായ റോസ് സാംസണ്‍ തന്റെ സുഹൃത്തുമായി മത്സരിച്ച് മദ്യം കഴിച്ച് ‘ഫിറ്റാ’യതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ ദിവസങ്ങള്‍ കൊണ്ട് തന്നെ ആ ഫൂട്ടേജ് വൈറലായി മാറുകയാണ് ചെയ്തത്. അതോടെ നെക്ക്‌നോമിനേഷന്‍ എന്ന പേരില്‍ ഒരു ഗെയിം തന്നെ ഉണ്ടാവുകയും ചെയ്തു.

ഇതിനോടകം തന്നെ അഞ്ചോളം ആളുകള്‍ നെക്ക്‌നോമിനേഷനില്‍ പങ്കെടുത്ത് മരണപ്പെട്ടു. നെക്ക്‌നോമിനേഷനില്‍ പങ്കെടുത്ത് സുഹൃത്തുക്കളെക്കൂടി അപകടത്തിലാക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കപ്പെടുമെന്നാണ് അഭിഭാഷകര്‍ പറഞ്ഞിരിക്കുന്നത്.

Scroll To Top