Saturday February 25, 2017
Latest Updates

നൂനന്‍ യൂറോപ്പിലെ മികച്ച ധനമന്ത്രി

നൂനന്‍ യൂറോപ്പിലെ മികച്ച ധനമന്ത്രി

ഡബ്ലിന്‍ :അയര്‍ലണ്ടിലെ മികച്ച മന്ത്രി ആരെന്നു ചോദിച്ചാല്‍ നമ്മളില്‍ പലരും പല അഭിപ്രായങ്ങളാവും പറയുക. എന്നാല്‍ യൂറോപ്യന്‍ യൂനിയനിലെ മികച്ച ധനമന്ത്രി ആരെന്നു ചോദിച്ചപ്പോള്‍ ഫിനാന്‍ഷ്യല്‍ ടൈംസ് ബാങ്കര്‍ മാഗസിന്‍ പറഞ്ഞത് അയര്‍ലണ്ടിന്റെ സ്വന്തം ധനമന്ത്രി മൈക്കല്‍ നൂനന്റെ പേരായിരുന്നു.
മനസുകൊണ്ട് ഐറിഷുകാരും യൂറോപ്യന്‍ യൂണിയനിലെ പ്രമുഖരും മാഗസിന്റെ അഭിപ്രായം യാതൊരു എതിര്‍പ്പും കൂടാതെ അംഗീകരിക്കുകയും ചെയ്യും. കാരണം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അയര്‍ലണ്ട് നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കഴിഞ്ഞത് ധനമന്ത്രി മൈക്കല്‍ നൂനന്റെ മിടുക്കും സമയോചിത പ്രവര്‍ത്തനങ്ങളും കാരണം തന്നെയാണ്.
ഡിസംബര്‍ 15ഓടെ അയര്‍ലണ്ട് ബെയിലൗട്ടില്‍ നിന്നും രക്ഷ നേടുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി മാറുകയും ചെയ്തു. എന്നാല്‍ ഇതിലൂടെ പൂര്‍ണ്ണമായി പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നല്ല, മറിച്ച് സ്വന്തമായി സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തിന് തിരികെ ലഭിച്ചുവെന്നുവേണം പറയാന്‍.
അപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൈക്കല്‍ നൂനനെ ധനമന്ത്രിയായി തിരഞ്ഞെടുത്തത് തന്നെ എന്റ കെന്നി സര്‍ക്കാരിന്റെ ഉചിതമായ തീരുമാനവുമായി മാറി.
അയര്‍ലണ്ടിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനും കാര്യങ്ങള്‍ പഴയപടിയിലേക്ക് തിരികെ കൊണ്ടെത്തിക്കാനും നൂനന് സാധിച്ചിട്ടുണ്ടെന്നാണ് ബാങ്കര്‍ മാഗസിന്‍ അഭിപ്രായപ്പെട്ടത്.
യൂറോപ്യന്‍ യൂനിയനിലെ ഏറ്റവും മോശം ധനമന്ത്രിയായി ഒരിക്കല്‍ തിരഞ്ഞെടുക്കപ്പെട്ടതും അയലണ്ടിലെ ഒരു ധനമന്ത്രിയായിരുന്നു. ബ്രിയാന്‍ ലെനിഹാന്‍ .അയര്‍ലണ്ടിന്റെ സാമ്പത്തിക അവസ്ഥയയെ ‘കുട്ടിച്ചോറാ’ക്കാന്‍ പരിശ്രമിച്ചതിനാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്കപ്പെട്ടത് !

Scroll To Top