Thursday October 18, 2018
Latest Updates

നീതി തേടി ആന്‍ഡ്രു ജോര്‍ഡന്‍ അയര്‍ലണ്ടില്‍ നിന്നും കേരളത്തിലെത്തി,സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി 

നീതി തേടി ആന്‍ഡ്രു ജോര്‍ഡന്‍ അയര്‍ലണ്ടില്‍ നിന്നും കേരളത്തിലെത്തി,സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി 

കൊച്ചി:തിരുവനന്തപുരത്ത് കൊല്ലപ്പെട്ട അയര്‍ലണ്ടില്‍ നിന്നുള്ള ലിഗ സ്‌ക്രോമാന്റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ആന്‍ഡ്രു ജോര്‍ഡന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകും വരെ കുറ്റപത്രം നല്കാന്‍ പോലീസിനെ അനുവദിക്കരുതെന്നും ആന്‍ഡ്രു ജോര്‍ഡന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസന്വേഷണം അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തിലേയ്ക്ക് കേരളാ പോലീസ് നീങ്ങുകയാണെന്ന സംശയത്തിലാണ് താനുള്ളതെന്ന് ഇന്ന് രാവിലെ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ജോര്‍ഡന്‍ പറയുന്നു.

ഗൂഢവും,അസാധാരണവുമായ നടപടികളാണ് സംസ്‌കാര സമയത്ത് പോലും പോലീസ് അധികാരികള്‍ നടത്തിയത്.ആന്തരീകാവയവങ്ങള്‍ പുനഃ പരിശോധന നടത്തണമെന്ന ആവശ്യം നിരസിച്ച പോലീസ് തങ്ങള്‍ക്ക് മാനുഷിക പരിഗണന പോലും തന്നില്ലെന്നും ജോര്‍ഡന്‍ ആരോപിച്ചു.

സര്‍ക്കാറിനും സി.ബി.ഐയ്ക്കും നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവായിട്ടുണ്ട്.
സഹോദരി ഇല്‍സയ്ക്കൊപ്പം വിനോദ സഞ്ചാരിയായി കേരളത്തില്‍ എത്തിയ വനിത പോത്തന്‍കോടുള്ള ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ ചികില്‍സ തേടിയിരുന്നു. ഇവിടെ നിന്ന് 2018 മാര്‍ച്ച് 14 നാണ് ലിഗയെ കാണാതായത്. ഇല്‍സ പോത്തന്‍കോട് പൊലീസില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും മൃതദേഹം ഏപ്രില്‍ 20 തിരുവല്ലത്തെ കണ്ടല്‍കാട്ടില്‍ നിന്ന് അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഉമേഷ്, ഉദയന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ലിഗയുടെ കൊലപാതകത്തില്‍ കൂടുതര്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്നും ഹരജിയില്‍ പറയുന്നു.

മൃതദേഹത്തിന് 25 ദിവസത്തെ പഴക്കമാണുള്ളതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കാണാതായ അന്നു തന്നെ ലിഗ മരിച്ചെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ലിഗയെ ആരോ ചിലര്‍ അന്യായമായി തടവിലാക്കി പീഡിപ്പിച്ചു കൊന്നതാണെന്നാണ് വ്യക്തമാകുന്നതെന്നും ഹരജിയില്‍ പറയുന്നു.

പനത്തുറ ഭാഗത്ത് വിദേശ വനിതയെ കണ്ട പ്രതികള്‍ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന സമീപിച്ച് കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ െവച്ച് മയക്കുമരുന്ന് കലര്‍ന്ന സിഗരറ്റ് നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

പീഡനം തടയുന്നതിനുള്ള ശ്രമത്തിനിടെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ അവരുടെ കഴുത്തില്‍ സമീപത്തുണ്ടായിരുന്ന വള്ളികള്‍ കൊണ്ടുകെട്ടി. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതികള്‍ എല്ലാ ദിവസവുമെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു. ഏപ്രില്‍ 20ന് മൃതദേഹം കെണ്ടത്തുകയും പിന്നീട് ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെ നടത്തി വിദേശ വനിതയുടേത് ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ഉദയന്റേതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാട്ടില്‍ നിന്ന് കണ്ടെടുത്ത മുടിയിഴകളും വിരലടയാളങ്ങളും പ്രതികളുടേതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്

Scroll To Top