Tuesday April 25, 2017
Latest Updates

നിലവാരമില്ലാത്ത ഇന്ത്യന്‍ റെസ്റ്റോറന്റ് ഉള്‍പ്പെടെ 9 റെസ്റ്റോറന്റുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്

നിലവാരമില്ലാത്ത ഇന്ത്യന്‍ റെസ്റ്റോറന്റ് ഉള്‍പ്പെടെ 9 റെസ്റ്റോറന്റുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്ത ഇന്ത്യന്‍ റെസ്റ്റോറന്റ് ഉള്‍പ്പെടെ 9 റെസ്റ്റോറന്റുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്. ജൂണ്‍ മാസത്തില്‍ നടത്തിയ പരിശോധനയിലാണ് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയത്. രണ്ട് റെസ്റ്റോറന്റുകള്‍ക്ക് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് ആക്റ്റ് പ്രകാരവും മറ്റ് ഏഴു റെസ്റ്റോറന്റുകള്‍ക്ക് ഇസി ഉത്തരവ് പ്രകാരവുമാണ് അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്.

എച്ച്എസ്ഇയുടെ കീഴിലുള്ള എന്‍വയോണ്‍മെന്റ് ഹെല്‍ത്ത് ഓഫീസര്‍മാരാണ് അടച്ചു പൂട്ടല്‍ ഉത്തരവ് പുറത്തിറക്കിയത്. ഡബ്ലിന്‍ 9 ലെ(ഡ്രംകൊണ്ട്ര ) വിത്ത്വര്‍ത്ത് റോഡില്‍ പ്രവര്‍ത്തിക്കുന്ന രൂപോഷി എന്ന റെസ്റ്റോറന്റാണ് അടച്ചുപൂട്ടല്‍ ഉത്തരവ്
ലഭിച്ച ഇന്ത്യന്‍ റെസ്റ്റോറന്റ്. അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം ലഭിച്ച മറ്റ് 8 റെസ്റ്റോറന്റുകളില്‍ രണ്ടെണ്ണം ചൈനീസ് റെസ്റ്റോറന്റുകളാണ്. താലാ ബൌണ്‍ ഷോപ്പിംഗ് സെന്ററിലെ അപ്പാച്ചെ പിസയും ഈക്കൂട്ടത്തില്‍ പെടുന്നു.

നിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്ന ഭക്ഷണശാലകളോട് അധികൃതര്‍ വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിക്കും എന്നതിന്റെ തെളിവാണ് ഈ റെസ്റ്റോറന്റുകള്‍ക്ക് ലഭിച്ച അടച്ചുപൂട്ടല്‍ ഉത്തരവെന്ന് എഫ്എസ്എഐ ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഫ. അലന്‍ റെലി പറഞ്ഞു.

Scroll To Top