Sunday October 21, 2018
Latest Updates

നിയമം ലംഘിച്ച് അനധികൃത ചാര്‍ജ്ജ് ഈടാക്കിയ ടെസ്‌കോ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കും

നിയമം ലംഘിച്ച് അനധികൃത ചാര്‍ജ്ജ് ഈടാക്കിയ ടെസ്‌കോ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കും

ഡബ്ലിന്‍:മൊബൈല്‍ നിയമങ്ങള്‍ ലംഘിച്ച ടെസ്‌കോ കമ്പനിക്കെതിരെ നടപടി. യൂറോപ്യന്‍ യൂണിയന്റെ പുതിയ റോമിങ് നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് ഏഴ് മാസ കാലയളവില്‍ ഉപഭോക്താക്കളില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കിയതിനാണ് ടെലെകോംസ് വാച്ച് ഡോഗ് നടപടിയെടുത്തത്.വെറും നാല് വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്തെ നാലാമത്തെ വലിയ സര്‍വീസ് ദാതാക്കളായി മാറിയ കമ്പനി ഉപഭോക്താക്കളില്‍ നിന്നും അന്യായമായി ഈടാക്കിയ തുക തിരിച്ചു കൊടുക്കേണ്ടി വരും.

കഴിഞ്ഞ ജൂണില്‍ അവതരിപ്പിച്ച ‘റോം ലൈക് ഹോം’ പോളിസി ടെലികോം കമ്പനി ലംഘിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യൂണിയന്റെ പരിധിയില്‍ ഏത് രാജ്യത്തും സ്വന്തം രാജ്യത്ത് എന്ന പോലെ കോള്‍, ടെക്സ്റ്റ്, ഡാറ്റ സേവനങ്ങള്‍ ഉപയോഗിക്കാന്‍ അവസരം നല്‍കുന്നതാണ് പോളിസി.

പോളിസി നിലവില്‍ വന്ന 2017 ജൂണ്‍ 15 നു ശേഷവും ഈ വര്‍ഷം ജനുവരി വരെ ടെസ്‌കോ നിയമ വിരുദ്ധമായി ചാര്‍ജ്ജ് ഈടാക്കുകയായിരുന്നു. എന്നാല്‍ വളരെ കുറച്ച് ഐറിഷ് ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ പ്രശ്‌നം ഉണ്ടായിട്ടുള്ളൂ എന്നും അത് പരിഹരിച്ചിട്ടുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു. അധിക ചാര്‍ജ്ജ് ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കി കൊണ്ടിരിക്കുകയാണ്. ഓരോ ഉപഭോക്താവിനും ശരാശരി 8 യൂറോ വരെയാണ് തിരികെ നല്‍കുന്നത്. തങ്ങള്‍ക്ക് പറ്റിയ തെറ്റില്‍ ക്ഷമാപണം നടത്തുന്നതായും കമ്പനി വക്താവ് വ്യക്തമാക്കി.

കമ്പനിക്കെതിരെ മറ്റ് നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല എങ്കിലും തുടര്‍ന്നും ഇത്തരത്തില്‍ റോമിങ് നിയമ ലംഘനം സംഭവിക്കാതിരിക്കാന്‍ നിരീക്ഷണം ഉണ്ടാവുമെന്ന് കോം റെഗുലേറ്റര്‍ അറിയിച്ചു.

വൊഡാഫോണിനും ത്രീയ്ക്കും ഐറിനും പിന്നില്‍ രാജ്യത്തെ നാലാമത്തെ വലിയ സര്‍വീസ് ദാതാക്കളാണ് ടെസ്‌കോ. ഐറിഷ് മാര്‍ക്കറ്റിന്റെ 6.5% ആണ് കമ്പനി കയ്യടക്കിയിരിക്കുന്നത്. 64 മില്യണ്‍ യൂറോയാണ് കമ്പനിയുടെ വിറ്റുവരവ്. 2016 വര്‍ഷത്തില്‍ ടെസ്‌കോ 32.5 മില്യണ്‍ യൂറോ ലാഭമുണ്ടാക്കിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

50% ഓഹരി പങ്കാളിത്തമുണ്ടായിരുന്ന 3 അയര്‍ലണ്ടില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ടെസ്‌കോ പൂര്‍ണ്ണ ഉടമസ്ഥാവകാശം കരസ്ഥമാക്കിയത്. ഈ ഇടപാടിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും 2020 വരെ ടെസ്‌കോയ്ക്ക് 3 യുടെ ഐറിഷ് നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കാനാവും.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോവുന്ന യു കെ യില്‍ മൊബൈല്‍ സേവനത്തിനായി ഐറിഷ് ഉപഭോക്താക്കള്‍ കൂടുതല്‍ റോമിങ് ചാര്‍ജ്ജ് നല്‍കേണ്ടി വരുമെന്ന് ടെസ്‌കോ നേരത്തെ അറിയിച്ചിരുന്നു.

Scroll To Top