Monday October 22, 2018
Latest Updates

നിപ്പ വൈറസ് ആരോഗ്യവകുപ്പിന്റെ സൃഷ്ടിയെന്ന് മോഹനന്‍ വൈദ്യര്‍: വവ്വാല് കടിച്ച പഴങ്ങള്‍ കഴിച്ച് വീരത്വം കാട്ടിയ വൈദ്യര്‍ രോഗികളെ ശുശ്രൂഷിക്കാന്‍ നേരിട്ട് പോകുമോ എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

നിപ്പ വൈറസ് ആരോഗ്യവകുപ്പിന്റെ സൃഷ്ടിയെന്ന് മോഹനന്‍ വൈദ്യര്‍: വവ്വാല് കടിച്ച പഴങ്ങള്‍ കഴിച്ച് വീരത്വം കാട്ടിയ വൈദ്യര്‍ രോഗികളെ ശുശ്രൂഷിക്കാന്‍ നേരിട്ട് പോകുമോ എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

പാരമ്പര്യ നാട്ടുവൈദ്യനായ മോഹനന്‍ വൈദ്യരെ ബഹുമാനത്തോടെ കാണുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും.അദ്ദേഹത്തിന്റെ നാടന്‍ സിദ്ധാന്തങ്ങള്‍ പലപ്പോഴും അലോപ്പതി രംഗത്തെ വിദഗ്ദരുടെ അഭിപ്രായങ്ങള്‍ക്ക് കടക വിരുദ്ധമാണ് എന്ന് മാത്രമല്ല അവരെ നഖശികാന്തം എതിര്‍ക്കുകയും ചെയ്യുന്നവയാണ്.

കോഴിക്കോട്ടെ നിപ്പാ വൈറസ് പ്രതിസന്ധിയില്‍ ഇടപെട്ട് കോഴിക്കോട് നിന്നും കൊണ്ടുവന്ന ‘അണ്ണാനും വവ്വാലും കടിച്ചതിന്റെ ബാക്കി പഴങ്ങള്‍ കഴിച്ചു കൊണ്ടാണ് ഇന്നലെ അദ്ദേഹം ശ്രദ്ധേയനായത്.വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ വഴിയാണ് നിപാ വൈറസുകള്‍ പടരുന്നത് എന്ന വാദം അസംബന്ധമാണെന്നാണ് മോഹനന്‍ വൈദ്യര്‍ പറയുന്നത്.വഴി ആരോഗ്യ വകുപ്പിന്റെ ഒരു തട്ടിപ്പ് പ്രോജക്ടാണ് ‘നിപ്പാ വൈറസ്’ഭീതി എന്നാണ് മോഹനന്‍ വൈദ്യരുടെ നിലപാട്.

ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വൈദ്യരുടെ നിലപാട് ഇങ്ങനെയാണ് :

ഇന്നലെ കോഴിക്കോട് പോയിരുന്നു. പേരാംമ്പറയില്‍ നിന്നും വവ്വാലും, അണ്ണാനും കടിച്ചതിന്റെയും തിന്നതിന്റെയും ബാക്കിയാണ്. ഇന്ന് കോഴിക്കോട് പോയപ്പോള്‍ അവിടെ നിന്ന് എന്റെ രോഗികളുടെ ഭയം മാറ്റുവാനും അവര്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ട സത്യം മനസ്സിലാക്കി കൊടുക്കുകയുമാണ്. രോഗികള്‍ കൊണ്ടുവന്നു. അവരുടെ മുന്നില്‍ വെച്ച് കഴിക്കുകയും ചെയിതു.

ഈ പറയുന്ന നിപ വൈറസ് പേര് കേട്ട് പൊതുസമൂഹം ഭയക്കുന്നു ഞാന്‍ ഈ വവ്വാല്‍ ചപ്പിയ ബാക്കിയാണ് നിങ്ങളെ തിന്നു കാണിക്കുന്നത്. ഈ വൈറസ് ഉണ്ടെങ്കില്‍ ഇന്ന് ഞാന്‍ മരിക്കണം….

എന്തായാലും വൈദ്യരുടെ അഭിപ്രായത്തെ മാനിക്കണം.സംശയമൊന്നുമില്ല.എന്നാല്‍ രോഗബാധിതരുടെ അടുത്തു പോയി അവരെ ശുശ്രൂഷിക്കാന്‍ വൈദ്യര്‍ തയാറാവുമോ എന്നും ചില ദോഷൈകദൃക്കുകള്‍ ചോദിക്കുന്നുണ്ട്.

നിപ്പാ ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തിലധികമായി.ഇരുപതോളം പേര്‍ ചികിത്സയിലുണ്ട്.പ്രതിരോധ നടപടികളുമായി സര്‍ക്കാര്‍ രംഗത്തുണ്ടെങ്കിലും സാദാ പനി മരണങ്ങളും നിപ്പായുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെടുത്തുന്നുണ്ടെന്നും പറയപ്പെടുന്നു.

മൂന്ന് നഴ്സുമാരും നിപ്പാ ബാധിക്കപ്പെട്ടു എന്ന സംശയത്തെ തുടര്‍ന്ന് ചികിത്സ തേടിയിട്ടുണ്ട്.

നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പിടിപെട്ട് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ വടകര പുത്തൂര്‍ പറന്പത്ത് സജീഷിന്റെ ഭാര്യ ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് കൂടാതെ സജീഷിന് സര്‍ക്കാര്‍ ജോലിയും നല്‍കും. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപാ വീതവും നല്‍കും.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തിലായിരുന്നു ലിനി ജോലി ചെയ്തിരുന്നത്. അതിനാല്‍ ചട്ടപ്രകാരം ആശ്രിത നിയമനത്തിന് വകുപ്പില്ല. ഇതേത്തുടര്‍ന്നാണ് പ്രത്യേക പരിഗണന നല്‍കി ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ലിനിയുടെ കുട്ടികളുടെ ഭാവി പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അഞ്ച് ലക്ഷം രൂപ വീതം കുട്ടികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും അഞ്ച് ലക്ഷം വീതം സ്ഥിരനിക്ഷേപമായി ഭാവിയിലെ പഠനാവശ്യത്തിനായി ഉപയോഗിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. രോഗിയെ പരിചരിക്കാന്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം കാഴ്ച്ചവച്ച നഴ്‌സാണ് ലിനി. രോഗിയെ പരിചരിച്ചത് കൊണ്ടാണ് അവര്‍ക്ക് അസുഖം വന്നതും മരിച്ചതും. അതുകൊണ്ട് തന്നെ അവരുടെ കുടുംബങ്ങളോട് സര്‍ക്കാരിന് പ്രതിബദ്ധതയുണ്ട്. മരിച്ചവരെല്ലാം സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അതിനാലാണ് സഹായം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. ബഹ്‌റനില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്ന സജീഷ്, ലിനിയുടെ മരണത്തെ തുടര്‍ന്ന് പ്രവാസജീവിതം മതിയാക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.

രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ മന്ത്രിസഭ തൃപ്തി രേഖപ്പെടുത്തി. രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. കേന്ദ്ര സംഘത്തിന്റെ സഹായത്തിലും മന്ത്രിസഭ തൃപ്തി രേഖപ്പെടുത്തി. നിപ്പ വൈറസാണെന്ന സംശയം തോന്നിയ ഉടന്‍ നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററുമായും കേന്ദ്ര സര്‍ക്കാരമായും ബന്ധപ്പെട്ടിരുന്നുവെന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍നടപടികളുമായി ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു

ഐറിഷ് മലയാളി ന്യൂസ്

Scroll To Top