Saturday October 20, 2018
Latest Updates

നാണം കെട്ടുപോയ വരദ്കര്‍,അമേരിക്കന്‍ സന്ദര്‍ശനം അയര്‍ലണ്ടിന്റെ ആത്മാഭിമാനത്തെ തൊട്ടുകളിച്ചതായോ ?

നാണം കെട്ടുപോയ വരദ്കര്‍,അമേരിക്കന്‍ സന്ദര്‍ശനം അയര്‍ലണ്ടിന്റെ ആത്മാഭിമാനത്തെ തൊട്ടുകളിച്ചതായോ ?

ഡബ്ലിന്‍:ഐറിഷ് പ്രധാനമന്ത്രിയും യു എസ് പ്രസിഡണ്ടും തമ്മില്‍ വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ച അയര്‍ലണ്ടിന്റെ ആത്മാഭിമാനത്തെ തൊട്ടുകളിച്ചുള്ളതാണെന്ന് വിമര്‍ശനം ഉയരുന്നു.

വാക്യാര്‍ത്ഥത്തില്‍ അതിയായ സന്തോഷം രേഖപ്പെടുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരദ്കറെ സ്വീകരിച്ചെങ്കിലും സംഭവങ്ങളുടെ പിന്നാമ്പുറം അങ്ങനെയൊന്നും അല്ലായിരുന്നു.ട്രമ്പിന്റെയും,ഭാര്യ മെലാനിയാ ട്രമ്പിന്റെയും ഐറിഷ് പ്രധാനമന്ത്രിയുടെയും മുഖഭാവങ്ങളില്‍ നിന്നും അതൊക്കെ വായിച്ചെടുക്കാമായിരുന്നു.അടുത്ത ഇലക്ഷന്‍ പ്രചാരണത്തിന് മുന്‍പായി അയര്‍ലണ്ട് സന്ദര്‍ശിക്കുന്നതിനുള്ള തീരുമാനവും പ്രസിഡന്റ് അറിയിച്ചു.

സെയിന്റ് പാട്രിക് ദിനാഘോഷത്തിന്റെ ഭാഗമായ ചടങ്ങിനോടനുബന്ധിച്ചു ഓവല്‍ ഓഫീസില്‍ വച്ച് 40 മിനിറ്റു നീണ്ട കൂടിക്കാഴ്ചയില്‍ മിലിട്ടറി, ട്രേഡ്, സൈബര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നു.നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തി വിഷയത്തിലും ചര്‍ച്ച നടത്തി. അമേരിക്കയെ പ്രീതിപ്പെടുത്തി നില്‍ക്കുന്നതില്‍ അഭിമാനം തുടിക്കുന്ന വാക്കുകളായിരുന്നു വരദ്കര്‍ ഉപയോഗിച്ചതെങ്കിലും,ട്രംപിന്റെ പ്രസംഗം പോലും അത്ര സുഖകരമായിരുന്നില്ല.

ഉച്ചകഴിഞ്ഞ് സെനറ്റ് നേതാവ് മിക്ക് കോണല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ക്കൊപ്പം സ്വകാര്യ സമ്മേളനങ്ങളിലും പ്രധാനമന്ത്രി പങ്കെടുത്തു.

വൈകിട്ട് സെന്റ് പാട്രിക്‌സ് ഡേയുടെ ആഘോഷപരിപാടികള്‍ക്കായി വൈറ്റ്‌ഹൌസില്‍ തിരിച്ചെത്തിയ ശേഷം അമേരിക്കന്‍ പ്രസിഡന്റിന് ഷാംറോക്ക് കൈമാറുന്ന പരമ്പരാഗത ചടങ്ങു നടത്തിയപ്പോഴും സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നില്ല.പരിപാടിയുടെ സമാപനത്തില്‍ ഐറിഷ് പ്രധാനമന്ത്രിയെ ഒപ്പം വരാന്‍ ക്ഷണിക്കാതെ ട്രംപ് നടന്നു നീങ്ങി.സ്തംഭിച്ചു പോയ വരദ്കര്‍ പുറകെ ചെല്ലുകയായിരുന്നു.സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഫിലിപ്പ് ലെയ്ന്‍, വടക്കന്‍ അയര്‍ലണ്ട് സെക്രട്ടറി കരെന്‍ ബ്രാഡ്‌ലി, മുന്‍ സിന്‍ ഫിന്‍ നേതാവ് ഗേരി ആഡംസ് എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്ത മറ്റു പ്രമുഖര്‍.

ഐറിഷ് സംഘം വൈറ്റ് ഹൗസില്‍ ചെന്നപ്പോള്‍ മുതല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്മാര്‍ വളരെ മോശമായാണ് അവരോട് പ്രതീകരിച്ചതെന്നും പറയപ്പെടുന്നു.

മേശകളും കസേരകളും തട്ടി മരിക്കാനുള്ള തിരക്ക് കാട്ടരുതെന്നും, സെല്‍ഫിയെടുക്കരുതെന്നും, സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കരുതെന്നും ഒക്കെ ആതിഥേയര്‍ വിലക്കിയിട്ടും ഐറിഷ് സംഘം അമേരിക്കന്‍ പ്രേമത്താല്‍ അതിരു കടന്നു.

അമേരിയ്ക്കകാര്‍ക്ക് അതൊന്നും സുഖിച്ചില്ലെന്ന് ഉറപ്പായിരുന്നു.വരദ്കര്‍ വന്നു കയറിയപ്പോഴും അധികം അമേരിക്കന്‍ ഉദ്യോഗസ്ഥരൊന്നും ഹാളില്‍ കയറിയിരുന്നില്ല.അവര്‍ക്കായി ഇട്ട കസേരകള്‍ കാലിയായി കിടന്നു.മറ്റു ചിലരാവട്ടെ സമ്മേളനം നടക്കുന്ന ഹാളിന് വെളിയില്‍ ട്രംപിനെ മുഖം കാണിക്കാനായി അണിനിരന്നു.

കഴിഞ്ഞ വര്‍ഷം അധികാരം നഷ്ടപ്പടാനിരിക്കെ ഷാംറോക്കുമായി അമേരിക്കയ്ക്ക് പോയ എന്‍ഡ കെന്നിയോട് കാണിച്ച സൗമനസ്യം പോലും വരദ്കറോട് അമേരിക്ക കാണിച്ചില്ല.ഗേ റൈറ്റിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ പോയ വരദ്കറെ അമേരിക്ക ഒട്ടും മാനിച്ചില്ലെന്ന് തന്നെ.അയര്‍ലണ്ടിന്റെ അന്തസുകളഞ്ഞു കുളിച്ച സന്ദര്‍ശനമായി പോയി വരദ്കറുടെ ഇത്തവണത്തെ അമേരിക്കന്‍ സന്ദര്‍ശനം.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top