Tuesday February 21, 2017
Latest Updates

നാട്ടില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുവരുന്നവര്‍ ജാഗ്രതൈ ! എയര്‍പോര്‍ട്ടില്‍ പരിശോധന കര്‍ശനമാക്കുന്നു

നാട്ടില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുവരുന്നവര്‍ ജാഗ്രതൈ !  എയര്‍പോര്‍ട്ടില്‍ പരിശോധന കര്‍ശനമാക്കുന്നു

ഡബ്ലിന്‍ :നാട്ടില്‍ പോയി തിരികെ വരുമ്പോള്‍ കിലോക്കണക്കിന് ഭക്ഷ്യ വസ്തുക്കള്‍ ലഗേജില്‍ കൊണ്ട് വരുന്ന പതിവ് ഒഴിവാക്കുന്നത് മലയാളികള്‍ക്ക് ചിന്തിക്കാന്‍ കൂടി പ്രയാസമാണ്. ഇറച്ചിയും ,ഉണക്കമീനും മസാലപ്പൊടികളും അയര്‍ലണ്ടിലേയ്ക്ക് കടത്തുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പലരും ഈ റിസ്‌ക് എടുക്കുന്നത്.

ഇപ്പോഴിതാ ശീലങ്ങള്‍ മാറ്റിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് എയര്‍ പോര്‍ട്ട് അതോറിറ്റിയും ,ആരോഗ്യകൃഷി മന്ത്രാലയങ്ങളും യാത്രികര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

രാജ്യത്ത് നിരോധിച്ച ഭക്ഷണ സാധനങ്ങളും മരുന്നുകളും ഉപയോഗയോഗ്യമല്ലാത്ത ഇറച്ചികളും കൂടുതലായി രാജ്യത്തേക്ക് കടത്തുന്നതായി സൂചന. ഇതോടനുബന്ധിച്ച് വിമാനത്താവളങ്ങളിലും മറ്റും ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.മാത്രമല്ല കഴിഞ്ഞ ആഴ്ചകളില്‍ ഡബ്ലിനില്‍ ഇറങ്ങിയ നിരവധി മലയാളി യാത്രികര്‍ ഇതിന്റെ തിക്ത ഫലം അനുഭവിക്കുകയും ചെയ്തു.

കട്ടപ്പനക്കാരനായ മലയാളി യുവാവിന്റെ ലഗേജില്‍ കരുതിയ അഞ്ചു കിലോ കാട്ടുപന്നിയിറച്ചി വറുത്തു കൊണ്ടുവന്നതാണ് അധികൃതര്‍ പിടിച്ചെടുത്ത് വേസ്റ്റ് ബിന്നില്‍ എറിഞ്ഞത്. പെരുമ്പാവൂര്‍ സ്വദേശികളായ കുടുംബത്തിന്റെ ലഗേജും വിമാനത്താവളത്തില്‍ കൃഷി ആരോഗ്യ മന്ത്രാലയ അധികൃതര്‍ അഴിപ്പിച്ചു.ഉണക്ക കപ്പയ്ക്കുള്ളില്‍ നിന്നും പുറത്തിറങ്ങി വന്ന ചെറിയ പ്രാണികളും,വണ്ടുകളുമാണ് ഇവര്‍ക്ക് വിനയായത്.

മറ്റനേകം മലയാളികള്‍ക്കും ചോദ്യം ചെയ്യലിന് വിധേയമാകേണ്ടി വന്നു.

കുരങ്ങന്റെയും ഒട്ടകം, ഭീമന്‍ ഒച്ച് എന്നിവയുടെയും ഇറച്ചിയാണ് ഡബ്ലിന്‍ വിമാനത്താവളത്തിലൂടെ ഇത്തരത്തില്‍ കൂടുതലായി കടത്തപ്പെടുന്നത്. നിരോധിത ഭക്ഷണങ്ങളും ചെടികളും മരുന്നുകളുമൊക്കെ ഡബ്ലിന്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരുടെ സാധനങ്ങളുടെ കൂട്ടത്തില്‍ കണ്ടെത്തിയിരുന്നു.ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ കാര്യത്തില്‍ ‘വിരുതന്മാര്‍’
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സാധനങ്ങളുടെ കടത്ത് കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ജനുവരി മുതല്‍ അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ മാത്രം 2600 കിലോഗ്രാം ഭക്ഷ്യ വസ്തുക്കളാണ് ഇത്തവണ പിടിച്ചെടുത്തിരിക്കുന്നത്.17567 പേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു.
ഇത്തരത്തിലുള്ള ഭക്ഷണ സാധനങ്ങളില്‍ കൂടി പല വിധ അസുഖങ്ങളും കൂടി ഇറക്കുമതിചെയ്യപ്പെട്ടേക്കാം എന്ന സംശയവും രൂക്ഷമായി തുടരുകയാണ്.

നൂറുകണക്കിന് രാജ്യങ്ങളില്‍ നിന്നും ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കള്‍ അയര്‍ലണ്ടിലേക്ക് കടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇവയില്‍ ഒട്ടകം, കുരങ്ങ്, പാമ്പ്, വരയാട് ഇവയെക്കൂടാതെ വവ്വാല്‍, തവള, ഒച്ച് എന്നിവയുടെ ഇറച്ചിയും പെടുന്നു.

ആരോഗ്യ, കൃഷി വകുപ്പിലെ അന്വേഷണ ഉദ്യോഗസ്ഥന്‍മാരാണ് വിമാനത്താവളങ്ങളില്‍ പരിശോധനയ്‌ക്കെത്തുന്നത്. ഇത്തരത്തില്‍ കടത്തുന്ന ഭക്ഷണ സാധനങ്ങളിലും ചെടികളിലും പ്രാണികളും പുഴുക്കളും വരെ ഉണ്ടാവാറുണ്ട്.

രാജ്യത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അസുഖങ്ങളും പ്രാണികളും രാജ്യത്തേക്ക് കടക്കുന്നത് നിരോധിക്കാനായാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.യൂറോപ്യന്‍ യൂണിയന് വെളിയിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യ സാധനങ്ങളുടെ കള്ളക്കടത്തിന് വന്‍ പിഴയോടൊപ്പം ജയില്‍ ശിക്ഷ പോലും ലഭിച്ചേക്കാം.ഇതൊന്നും ഭാഗ്യത്തിന് ലഭിച്ചില്ലെങ്കിലും തുടര്‍യാത്രയ്ക്ക് മണിക്കൂറുകളുടെ തടസവും നേരിടാം.

കര്‍ശനമായി നിരോധിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളും മറ്റും പോലും കടത്തപ്പെടുന്ന സാഹചര്യത്തില്‍ ഇത് ഒരു വ്യക്തിയുടെ ആവശ്യത്തിനു മാത്രമായി കടത്തുന്നതായിരിക്കില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇത് പല ഷോപ്പുകളിലും വില്‍പ്പന നടത്താനായും മറ്റുമാണ് കൊണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ട്.like-and-share

Scroll To Top