Thursday April 27, 2017
Latest Updates

നാട്ടില്‍ ജോലിയില്ല,ഐറിഷ് നഴ്‌സുമാര്‍ കൂട്ടത്തോടെ നാടുവിടാന്‍ ഒരുങ്ങുന്നു

നാട്ടില്‍ ജോലിയില്ല,ഐറിഷ് നഴ്‌സുമാര്‍ കൂട്ടത്തോടെ നാടുവിടാന്‍ ഒരുങ്ങുന്നു

ഡബ്ലിന്‍ :തൊഴില്‍ രംഗത്ത് തങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന അവഗണനയും വര്‍ദ്ധിച്ച ജീവിതച്ചിലവുകളും ഐറിഷ് നഴ്‌സുമാരെ പുതിയ രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നതായി പഠനം.. ഐറിഷ് നഴ്‌സുമാരെ ഉള്‍പ്പെടുത്തി രാജ്യത്താകമാനം നടത്തിയ സര്‍വ്വേയിലാണ് അവരുടെ ഇമിഗ്രേഷന്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇതേച്ചൊല്ലി ഐഎന്‍എംഒ തങ്ങളുടെ ആശങ്ക ആരോഗ്യവകുപ്പിനെ അറിയിച്ചു.
ബിരുദം നേടിയവരില്‍ 1600ല്‍പ്പരം പുതിയ നഴ്‌സുമാരും മിഡ്‌വൈഫുമാരുമാണ് രണ്ടുമാസങ്ങള്‍ക്കുള്ളില്‍ വിദേശത്തേക്ക് കടക്കാന്‍ പോകുന്നത്. ഇവരില്‍ പലരും ഇതിനകം തന്നെ വിദേശത്തേക്ക് പോയവരോ അതല്ലെങ്കില്‍ രണ്ടുമാസത്തില്‍ പോകാന്‍ ഒരുങ്ങിനില്‍ക്കുന്നവരോ ആണെന്നാണ് ഐഎന്‍എംഒ സര്‍വ്വേയില്‍ തെളിയഞ്ഞിരിക്കുന്നത്.
ഇത്തരത്തില്‍ വിദേശങ്ങളില്‍ ജോലി തേടി പോകുന്നവരിലധികവും തിരഞ്ഞെടുത്തിരിക്കുന്നത് ഇംഗ്ലണ്ടിനെയാണ്. ഇംഗ്ലണ്ടില്‍ അവരുടെ കരിയര്‍ പടുത്തുയര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇവരില്‍ പലര്‍ക്കും യാത്രാച്ചിലവുകളും ആദ്യമാസ താമസവും എല്ലാം സൗജന്യമാണെന്നതാണ് ഇംഗ്ലണ്ട് തിരഞ്ഞെടുക്കാന്‍ പ്രേരകമായിട്ടുള്ളത്. കൂടാതെ അവരുടെ ആഗ്രഹത്തിനനുസരിച്ച് ബിരുദാനന്തര ബിരുദത്തിനും ചേര്‍ന്ന് പഠിക്കാനുള്ള അവസരവും അവര്‍ക്ക് ലഭിക്കും.
ഇക്കാരണങ്ങള്‍കൊണ്ടൊക്കെതന്നെയാണ് അയര്‍ലണ്ടിലെ മികച്ച മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഇംഗ്ലണ്ടിലേക്കും മറ്റു പ്രദേശങ്ങളിലേക്കും കുടിയേറിപ്പോകുന്നതും. 1990കളിലും ഇതുപോലെ മുന്‍ തലമുറയില്‍പ്പെട്ട നഴ്‌സുമാരും കൂട്ടത്തോടെ മറ്റുരാജ്യങ്ങളിലേക്ക് പാലായനം ചെയ്തിരുന്നു.
2001ലാണ് 12000ഓളം വരുന്ന നോണ്‍ ഐറിഷ് മെഡിക്കല്‍ സ്റ്റാഫുകളെ സര്‍ക്കാര്‍ നിയമിച്ചത്. തൊഴില്‍ സാധ്യതകള്‍ കുറഞ്ഞതിനാല്‍ അന്നു നാടുകടന്ന ഐറിഷ് നഴ്‌സുമാര്‍ക്കുപകരമായാണ് ഇന്ത്യയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നും മെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കേണ്ടിവന്നത്.
ഇംഗ്ലണ്ടിലും ആസ്‌ത്രേലിയയിലും അമേരിക്കയിലും കാനഡയിലുമുള്ള ആരോഗ്യ വകുപ്പുകളും ഐറിഷ് നഴ്‌സുമാരെ കൂടുതലായി റിക്രൂട്ട് ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല നഴ്‌സുമാരും അവരുടെ അവസാന വര്‍ഷ കോഴ്‌സ് സമയത്തുതന്നെ ഇത്തരം സ്ഥലങ്ങളില്‍ ജോലി ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതു കണക്കിലെടുത്ത് അടുത്ത 10മുതല്‍ 15വരെയുള്ള വര്‍ഷങ്ങളില്‍ ഐറിഷ് നഴ്‌സുമാരെയും മിഡ്‌വൈഫുമാരെയും കൂടുതലായി റിക്രൂട്‌മെന്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഐഎന്‍എംഒ നിര്‍ദ്ദേശിക്കുന്നത്.
കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് 1900 നഴ്‌സുമാരും മിഡ്‌വൈഫുമാരുമാണ് ജോലി നിര്‍ത്തി പോയിരിക്കുന്നതെന്നാണ് എച്ച്എസ്ഇ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2011ഓടുകൂടി 1000ത്തില്‍പരം നഴ്‌സുമാരും മിഡ്‌വൈഫുമാരും റിട്ടയര്‍മെന്റിലൂടെ പിരിഞ്ഞുപോവുകയും ചെയതു. എന്നാല്‍ ഇപ്പഴത്തെ എച്ച്ആര്‍ വിഭാഗത്തിന് ഈ കുറവ് നികത്താനായി കഴിഞ്ഞിട്ടില്ല. ഇതുവരെയായി റിക്രൂട്ട്‌മെന്റുകള്‍ നടന്നിട്ടുമില്ല.
ഇപ്പോള്‍ നിലവില്‍ ജോലി ചെയ്യുന്നവരില്‍ 20ശതമാനത്തോളംപേരും 5059 വയസ്സിനിടയിലുള്ളവരാണ്. ഇവിടെ നഴ്‌സിംഗ് പ്രൊഫഷനിലേക്ക് കടക്കാന്‍ 24.7 വയസ്സും പിരിഞ്ഞുപോകാന്‍ 57.9 വയസ്സുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
എന്നാല്‍ മറ്റു ഒഇസിഡി രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ നഴ്‌സുമാരും മിഡ്‌വൈഫുമാരും പരിശീലനം ലഭിച്ച് ഇറങ്ങുന്നതും അയര്‍ലണ്ടിലാണ്. അത്തരം ഒരു സാഹചര്യം ഇവിടെ ഉണ്ടായിട്ടും ഇത്തരത്തില്‍ നഴ്‌സുമാരുടെ അഭാവം കൂടുന്നതും ആരോഗ്യമേഖലയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.
റിട്ടയര്‍ ചെയ്യുന്ന നഴ്‌സുമാരുടെ കുറവ് പരിഹരിക്കാന്‍ പഠിച്ചു പുറത്തുവരുന്നവരെ പെട്ടെന്നു തന്നെ റിക്രൂട്ട് ചെയ്യുക എന്ന മാര്‍ഗം മാത്രമാണുള്ളത്. മികച്ച കരിയര്‍ പ്രവേശനവും സാഹചര്യങ്ങളും അയര്‍ലണ്ടില്‍ സൃഷ്ടിക്കപ്പെടുകയാണെങ്കില്‍ ജോലി തേടിയുള്ള ഇവരുടെ ഇമിഗ്രേഷന്‍ അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.
ഇതു കണക്കിലെടുത്ത് പുതുതായി രണ്ടു വര്‍ഷ പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം വച്ചിരിക്കുകയാണ് ഐ എന എം ഓ . ഈ രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ പിരിഞ്ഞുപോകുന്ന നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും പകരമായി പുതിയ സ്റ്റാഫുകളെ നിയമിക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന . എന്നാല്‍ ഈ റിപ്പോര്‍ട്ടിനനുകൂലമായി ഹെല്‍ത്ത് മിനിസ്റ്റര്‍ ഒരു തീരുമാനം എടുക്കുന്നതും കാത്തിരിക്കുകയാണ് ഐഎന്‍എംഒ. പുതിയ നഴ്‌സുമാര്‍ക്ക് ശമ്പള നിരക്ക് ഇപ്പോഴത്തെ നഴ്‌സ് മാര്‍ക്ക് നല്‍കുന്നതിന്റെ 85 ശതമാനം നല്‍കാനാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
മുന്‍പ് സംഭവിച്ചതുപോലുള്ള തെറ്റുകള്‍ ഇനിയും തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൂടെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ പറഞ്ഞു.
ഇത്തവണ ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഏതാണ്ട് 1600ഓളം നഴ്‌സുമാര്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുകയാണെന്നും ഇവരില്‍ ആര്‍ക്കും തന്നെ ഒരു സ്ഥിര ജോലി ലഭിച്ചിട്ടില്ലെന്നും ഡോറേന്‍ പറഞ്ഞു.
അയര്‍ലണ്ടില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ തന്നെ മികച്ച രീതിയില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ സാധിക്കുന്നില്ലെന്നു വച്ചാല്‍ അത് വളരെ വേദനാജനകമായ കാര്യമാണെന്ന് ഐഎന്‍എംഒ പ്രസിഡണ്ട് ഷീല ഡിക്‌സണ്‍ പറയുന്നു.
ഇത്തരത്തില്‍ ഐറിഷ് ആരോഗ്യവകുപ്പിന്റെ തകര്‍ച്ചയ്ക്ക് വഴിയൊകരുക്കുകയാണെന്നും ഷീല ഡിക്‌സണ്‍ കൂട്ടിച്ചേര്‍ത്തു.like-and-share

Scroll To Top