Tuesday February 21, 2017
Latest Updates

‘നാട്ടില്‍ ആയിരുന്നെങ്കില്‍ ആം ആദ്മിയ്ക്ക് വോട്ടു ചെയ്‌തേനെ’ …ലിമറിക്കിലെ ബോബി കട്ടിപ്പാറ കോഴിക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലസാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുന്നു, ആര് ജയിക്കും കോഴിക്കോട്ട് ?

‘നാട്ടില്‍ ആയിരുന്നെങ്കില്‍ ആം ആദ്മിയ്ക്ക് വോട്ടു ചെയ്‌തേനെ’ …ലിമറിക്കിലെ ബോബി കട്ടിപ്പാറ കോഴിക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലസാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുന്നു,  ആര് ജയിക്കും കോഴിക്കോട്ട് ?

കോഴിക്കോട് മണ്ഡലത്തിലെ താമരശ്ശേരിക്കടുത്ത കട്ടിപ്പാറ എന്ന എന്റെ ഗ്രാമത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞും എനിക്ക് പോകാന്‍ കഴിഞ്ഞിരുന്നു.രാഷ്ട്രീയ രംഗത്തെ ചെറിയ ചലനങ്ങള്‍ പോലും വിദ്യാര്‍ഥിയായിരുന്നപ്പോള്‍ മുതല്‍ സൂക്ഷമമായി ശ്രദ്ധിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍ ഇത്തവണ എന്റെ ഗ്രാമമടക്കമുള്ള കുടിയേറ്റ മേഖലകളില്‍ രാഷ്ട്രീയമായി പെട്ടന്ന് വന്ന മാറ്റങ്ങള്‍ എന്നെ അമ്പരപ്പിച്ചു എന്ന് പറയുന്നതില്‍ യാതൊരു അതിശയവുമില്ല .സജീവ യൂ ഡി എഫ് അനുകൂലികള്‍ ആയിരുന്ന ഒട്ടേറെ പേര്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്നുപോലും മാറി നില്ക്കുന്ന കാഴ്ച്ച വിശ്വസിക്കാനായില്ല.കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും അതെ തുടര്‍ന്ന് കര്‍ഷക മനസുകളില്‍ ഉണ്ടായ അരക്ഷിതാവസ്ഥയും ഇത്ര രൂക്ഷമാണെന്നു അയര്‍ലണ്ടില്‍ ആയിരുന്നപ്പോള്‍ ഞാന്‍ വിചാരിച്ചതെയില്ല.

ബോബി കട്ടിപ്പാറ

ബോബി കട്ടിപ്പാറ

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കാള്‍ അവയ്‌ക്കെതിരെ സമരം ചെയ്ത കര്‍ഷകരെ സര്‍ക്കാര്‍ നേരിട്ട രീതിയിലായിരുന്നു മലയോര കര്‍ഷകരില്‍ കൂടുതല്‍ പേര്‍ക്കും ഏതിര്‍പ്പ് .തങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന സാധാരണ കര്‍ഷകര്‍ യൂ ഡി എഫിനെതിരെ ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരു തരം ‘പക ‘ ബാലറ്റു പെട്ടിയില്‍ വോട്ടായി വീഴാന്‍ സാധ്യതയെറെയാണ്. പരമ്പരാഗതമായി യൂ ഡി എഫിന് വോട്ടു ചെയ്യുന്ന തുണച്ചു പോന്ന കുടിയേറ്റ മേഖലയിലെ സ്ത്രീകള്‍ പോലും ഇത്തവണ അവര്‍ക്ക് വോട്ടു ചെയ്യുമോ എന്ന കാര്യം കണ്ടറിയണം.

അന്ധമായ രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം വൈകാരികമായിക്കൂടി കാര്യങ്ങള്‍ അപഗ്രഥിക്കുന്നവരും അതിനനുസരിച്ച് വിധിയെഴുതുന്നവരുമാണ് കോഴിക്കോട് മണ്ഡലത്തിലെ വോട്ടര്‍മാര്‍. അതുകൊണ്ടുതന്നെ മുന്‍കൂട്ടിയുള്ള കണക്കുകൂട്ടലുകള്‍ പലതും തെറ്റുമിവിടെ. ഏറ്റവും കൂടുതല്‍ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച ഈ മണ്ഡലം 2009ല്‍ അതിര്‍ത്തി പുനര്‍നിര്‍ണയത്തോടെ വ്യക്തമായ ഇടതുപക്ഷമേധാവിത്വം കൈവരിച്ചിരുന്നു. പക്ഷേ, തൊട്ടുപിന്നാലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനായിരുന്നു.. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 838 വോട്ടിനായിരുന്നു ഈ അട്ടിമറി ജയമെങ്കില്‍ 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടത്തെ ഏഴില്‍ അഞ്ച് നിയമസഭാമണ്ഡലങ്ങളിലും എല്‍.ഡി.എഫ് വിജയക്കൊടി പാറിച്ചു. യു.ഡി.എഫിനേക്കാള്‍ 23,191 വോട്ടാണ് എല്‍.ഡി.എഫ് നേടിയത്.

അഞ്ചുവര്‍ഷത്ത വികസന നേട്ടങ്ങളുമായി സിറ്റിംഗ് എം.പി എം.കെ. രാഘവന്‍ പ്രചാരണരംഗത്ത് മുന്നേറുമ്പോള്‍ ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ,നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളും യുദ്ധമുറകളുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവന്‍ ഒപ്പത്തിനൊപ്പമുണ്ട്. യു.പി.എ സര്‍ക്കാരിന്റെ അഴിമതിയും വിലക്കയറ്റവും കാര്‍ഷികമേഖലയുടെ തകര്‍ച്ചയും ഉള്‍പ്പെടെ ജനകീയപ്രശ്നങ്ങളാണ് എല്‍.ഡി.എഫ് പ്രധാനമായും ആയുധമാക്കുന്നത്.

പരസ്പരം മത്സരിക്കുന്ന രണ്ടു മുന്നണികളും കേന്ദ്രത്തില്‍ ഒരേതൂവല്‍ പക്ഷികളാണെന്നും ഒന്നാം യു.പി.എ മന്ത്രിസഭയെ സി.പി.എം താങ്ങിനിറുത്തിയ കാലത്താണ് ഏറ്റവും വലിയ അഴിമതികള്‍ നടന്നതെന്നും ആരോപിച്ചുകൊണ്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭനും പ്രചാരണരംഗത്ത് നിറഞ്ഞുനില്‍ക്കുന്നു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ഇവിടെ ലഭിച്ചത് 89,718 വോട്ടായിരുന്നു. ജില്ലയിലെ മികച്ച സംഘടനാശേഷിയും ദേശീയ തലത്തിലുള്ള മോഡിതരംഗവും ആയുധമാക്കി പരമാവധി വോട്ടുകള്‍ പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന വക്താവ് കെ.പി. രതീഷ് പുതിയ വോട്ടര്‍മാരില്‍ ആവേശം വിതറിക്കൊണ്ട് വേറിട്ട പ്രചാരണതന്ത്രങ്ങളുമായി നീങ്ങുമ്പോള്‍ മറുവശത്ത് ആര്‍.എം.പി സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. എന്‍.പി. പ്രതാപ് കുമാറും സജീവസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു. എസ്.ഡി.പി.ഐയുടെ മുസ്തഫ കൊമ്മേരി, ബി.എസ്.പിയുടെ കെ.പി. വേലായുധന്‍, സ്വതന്ത്രന്മാരായ തൃശൂര്‍ നസീര്‍, മുഹമ്മദ് റിയാസ്, എം. രാഘവന്‍, വി.എം. രാഘവന്‍, എം. വിജയരാഘവന്‍, വിജയരാഘവന്‍ കെ എന്നിവരാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍.

മണ്ഡലത്തില്‍ നടന്നുവെന്ന് അവകാശപ്പെടുന്ന വികസനകാര്യങ്ങളിലും അതിന്റെ പൊള്ളത്തരങ്ങളിലുമൂന്നിയായിരുന്നു ആദ്യഘട്ടത്തിലെ പ്രചാരണമെങ്കില്‍ രണ്ടാംഘട്ടത്തില്‍ വിലക്കയറ്റം, അഴിമതി, കസ്?തൂരിരംഗന്‍ പ്രശ്നം എന്നിങ്ങനെ ദേശീയ രാഷ്ട്രീയത്തോടൊപ്പം സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കൂടി ചുവടുമാറി.ഇതിലേതൊക്കെയാണ് വോട്ടര്‍മാരെ സ്വാധീനിക്കുകയെന്ന് കൃത്യമായി പറയാനാവില്ല.കടുത്ത രാഷ്ട്രീയ നിലപാടുകള്‍ക്ക് പകരം സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വംകൂടി വിലയിരുത്തി വിധിയെഴുതുന്നവരാണ് കോഴിക്കോട്ടുകാരെന്നതാണ് ഇവര്‍ക്ക് ആശ്വാസമേകുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ പലതിലും ഈ പ്രത്യേകത ബോധ്യപ്പെട്ടതാണ്.

പ്രചാരണരീതിയുടെ സവിശേഷതകൊണ്ട് വോട്ടര്‍മാര്‍ക്കിടയില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ആവേശമുണ്ടാക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കാണ് കഴിയുന്നത്. കോഴിക്കോടിന്റെ ഓരോ ഊടുവഴിയും കൈവെള്ളയിലെ രേഖപോലെ അറിയാമെന്ന് പലപ്പോഴും പറയാറുള്ള എം.കെ. രാഘവന്‍ കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ആള്‍ക്കൂട്ടത്തിനിടയിലേക്കിറങ്ങിച്ചെല്ലുന്നത്. അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ യാത്രകളധികവും സി.പി.എം പോക്കറ്റുകളിലേക്കാണ്. നാടിന്റെ വികസനകാര്യങ്ങള്‍ക്കപ്പുറം ആഗോളപ്രശ്‌നങ്ങളും ദേശീയരാഷ്ട്രീയവുമൊക്കെയാണ് കൂടുതലായും വിജയരാഘവന്‍ ചര്‍ച്ചചെയ്യുന്നത്. ബൗദ്ധികവും താത്വികവുമായ ഈ രീതിയോട് വോട്ടര്‍മാര്‍ എങ്ങനെയാവും പ്രതികരിക്കുകയെന്നതിനെ ആശ്രയിച്ചാവും വിധിനിര്‍ണയം.

യുവജനങ്ങള്‍ മാത്രമല്ല ആം ആദ്മി പാര്‍ട്ടിയുടെ കൊടിക്കീഴില്‍ അണിനിരക്കുന്നത് എന്നതാണ് മറ്റോരു ശ്രദ്ധേയമായ കാര്യം.സമൂഹത്തിന്റെ എല്ലാ വിഭാഗവും അവര്‍ക്കൊപ്പമുണ്ട് .നാട്ടില്‍ ആയിരുന്നെങ്കില്‍ ഞാന്‍ പോലും ആം ആദ്മിക്ക് വോട്ടു ചെയ്‌തേനെ.അവരുടെ ജയസാധ്യതകള്‍ പരിമിതമാണ്.അത് കൊണ്ട് അവരെ കയ്യൊഴിഞ്ഞു മറ്റുള്ള ഏതെങ്കിലും മുന്നണിയെ ജയിപ്പിക്കാനോ തോല്പ്പിക്കാനോ അത്തരത്തിലുള്ള ആം ആദ്മി അനുഭാവികളുടെ വോട്ടുകള്‍ അവസാനഘട്ടത്തില്‍ മാറി പോകാനും സാധ്യതയുണ്ട്.മലബാര്‍ മേഖലയില്‍ ശക്തമായ മുന്നേറ്റമാണ് ആം ആദ്മി നടത്തിയിരിക്കുന്നത്.നല്ല സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിരുന്നെങ്കില്‍ മലബാറിലെ ചില മണ്‍ഡലങ്ങളില്‍ ഇന്നത്തെക്കാള്‍ മികച്ച മത്സരം കാഴ്ച്ച വെയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞേനെ.

ഏതൊരു സാധാരണ മലയാളിയുടെയും നീതിബോധത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ടി.പി. ചന്ദ്രശേഖരന്റെയും അരിയല്‍ ഷുക്കൂറിന്റേയും കൊടുംകൊലപാതകങ്ങള്‍ പ്രചാരണയോഗങ്ങളില്‍ പ്രതീക്ഷിച്ചപോലെ ചര്‍ച്ചാ വിഷയമാകുന്നില്ലെങ്കിലും വിധിനിര്‍ണയത്തെ സ്വാധീനിക്കുന്ന ഒരു ഘടകമായി ഇത് മാറിയേക്കാം. കേരളീയ മനസ്സാക്ഷിയുടെ കോടതിയില്‍ കുറ്റവിമുക്തമാക്കപ്പെട്ടിട്ടില്ലാത്ത സി.പി.എമ്മിന് വി.എസിന്റെ നിലപാടുമാറ്റം വലിയ ഗുണമൊന്നും ചെയ്യില്ലെന്നും കരുതപ്പെടുന്നു.എങ്കിലും കോണ്‍ഗ്രസിനും അവരുടെ മുന്നണിക്കും എതിരെയുള്ള പ്രതിഷേധമനസുകള്‍ക്ക് മുന്‍പില്‍ ടി പി യും ആര്‍ എം പി യുമൊക്കെ നിഷ് ഫലമാകാനാണ് സാധ്യത.

മണ്ഡലത്തിലെ മുസ്ലിംവോട്ടുകള്‍ ഗതിമാറുമോയെന്നതാണ് അവസാനഘട്ടത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെ മുസ്‌ളിംലീഗിന്റെ ഉന്നത നേതാക്കളാരും കാര്യമായി മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങാത്തത് യു.ഡി.എഫ് കേന്ദ്രങ്ങളെ അലട്ടുന്നുണ്ട്. മാത്രവുമല്ല, ടി.പി വധമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സി.പി.എമ്മിനോട് മൃദുസമീപനമാണ് കുഞ്ഞാലിക്കുട്ടി കൈക്കൊണ്ടതത്രെ.

കുടിയേറ്റ മേഖലയില്‍ നിന്നും,മുസ്‌ളീം ഭൂരിപക്ഷ നഗര മേഖലകളിലും നിന്ന് കോണ്‍ഗ്രസിന് വോട്ട് മുന്‍ തിരഞ്ഞെടുപ്പുകളുടെയത്രയും കിട്ടില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 838 വോട്ട് എന്ന നാമമാത്ര വിജയത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി അതിജീവിക്കുമെന്ന് പറയാന്‍ മറ്റ് കാരണങ്ങള്‍ ഒന്നും വേണ്ട. തിരഞ്ഞെടുപ്പ് കഴിഞ്ഞു കോഴിക്കോട് നിന്നും ന്യൂ ഡല്‍ഹിയിലേയ്ക്ക് പോകുന്നത് എ വിജയരാഘവനായിരിക്കും എന്ന് പറയാന്‍ അത് കൊണ്ട് തന്നെ ഞാനും സംശയിക്കുന്നില്ല.

Scroll To Top