Sunday September 24, 2017
Latest Updates

നാഗസ്വപ്ന സഞ്ചാരിണി (കഥാനുഭവം)

നാഗസ്വപ്ന സഞ്ചാരിണി (കഥാനുഭവം)

ക്ഷികള്‍ക്കും, മാടനും, മറുതയ്ക്കും കെട്ടുകഥകള്‍ക്കും ഒരുപാട് സാധ്യതകള്‍ നല്‍കിയിരുന്ന കുട്ടിക്കാലം എനിക്ക് സ്വന്തം. നാട്ടിന്‍പുറത്ത് ജനിച്ച് വളരുന്ന ഒരു കുട്ടിക്ക് അത്തരം അനുഭവങ്ങളും കഥകളും നല്‍കുന്ന നെഞ്ചിടിപ്പുകള്‍ നിറഞ്ഞ രാത്രികള്‍ക്ക് ഒരു പഞ്ഞവുമുണ്ടായില്ലല്ലോ.

എല്‍.പി.സ്‌കൂള്‍ ജീവിതകാലത്ത് രാത്രികള്‍ കട്ടി പിടിച്ച ഇരുട്ടിന്റെയും നിലയ്ക്കാത്ത ശബ്ദഘോഷത്തിന്റെയും നേരങ്ങളായിരുന്നു. ചിമ്മിനി വിളക്കുകള്‍ പകരുന്ന ഇത്തിരി വെട്ടം രാവുകള്‍ക്ക് ഇരുള് കൂട്ടി. നാലേക്കര്‍ പറമ്പിലെ ഒറ്റ വീട്ടില്‍ കഴിഞ്ഞിരുന്ന കുട്ടികളെ ഭീതിപ്പെടുത്താന്‍ നാനാജാതി പക്ഷിമൃഗാദികള്‍ മത്സരിച്ച് ശബ്ദങ്ങളുണ്ടാക്കിക്കൊണ്ടേയിരുന്നു. അണലിപ്പാമ്പുകള്‍ പാമ്പിന്‍ മാളങ്ങളിലൂടെ, യക്ഷിപ്പാലകള്‍ പാലപ്പൂക്കളിലൂടെ ഭീതിയുടെ ഗന്ധങ്ങള്‍ ഉള്ളിലേക്ക് ആവാഹിപ്പിച്ചു കൊണ്ടിരുന്ന കാലം.

അന്ന് സ്‌കൂളിലേക്ക് ഒറ്റയ്ക്ക് വിടാന്‍ മടിച്ച് അമ്മ കണ്ടെത്തിയ മാര്‍ഗ്ഗം അമ്മിണിയായിരുന്നു. തെങ്ങ് കയറ്റക്കാരന്‍ നാരായണന്റെ മകള്‍ അമ്മിണിക്ക് എന്നെക്കാള്‍ പ്രായം കൂടുതലുണ്ടായിരുന്നു. പാമ്പു മണക്കുന്ന വഴികളിലൂടെ ഒഴിഞ്ഞു പോകണമെന്ന് പറഞ്ഞ് അമ്മ എന്നെ അമ്മിണിയെ ഏല്‍പ്പിക്കും. അമ്മിണി വഴിയിലെ ഏതു കരിയില പൊന്തയും ചവിട്ടിത്തൊഴിക്കും. പാമ്പുകള്‍ അമ്മിണിയെ പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു, അതു കൊണ്ട് തന്നെ പാമ്പിന്‍ കഥകള്‍ പറഞ്ഞ് എന്ന ഭയപ്പാടിലാക്കാന്‍ അമ്മിണി ഒരിക്കലും ലോഭം കാട്ടിയിരുന്നതേയില്ല. തെച്ചിപ്പൊന്തകളിലും കൈതക്കാടുകളിലും പാമ്പുകളെ തേടി നടക്കുമ്പോള്‍ അമ്മിണി എന്നോട് പലവട്ടം പറഞ്ഞു കൊണ്ടേയിരുന്നു.

”ഞാനൊരു നാഗരാജാവിനെയേ കല്യാണം കഴിക്കൂ.”

എന്റെ കൊച്ചു സങ്കല്‍പ്പങ്ങളിലൊന്നും ഒരു പെണ്‍കുട്ടി എങ്ങനെയാണ് ഒരു പാമ്പിനെ കല്യാണം കഴിക്കുന്നതെന്നതിന് ദൃശ്യാവിഷ്‌ക്കാരം നല്‍കാനായില്ല. (ഗിരീഷ് കര്‍ണാടിന്റെ നാഗമണ്ഡല വായിച്ചപ്പോള്‍ അമ്മിണിയുടെ ബാല്യകാല സ്വപ്നം ഞാനോര്‍ത്തിട്ടുണ്ട്.) അമ്മിണി സ്‌കൂളില്‍ പോകുന്നതിനെക്കാള്‍ ഇഷ്ടപ്പെട്ടത് വഴിയരികിലുളള ”പാമ്പിന്‍ വിഷമിറക്കുന്ന വിഷഹാരി” യുടെ വീട്ടിലെ വേലിക്കരികില്‍ നിന്ന് കാഴ്ചകള്‍ കാണാനാണ്. ആരെയെങ്കിലും പാമ്പ് കടിച്ച് വിഷമിറക്കാന്‍ വീടിന്റെ വരാന്തയില്‍ കിടത്തിയിരിക്കുന്നത് കണ്ടാല്‍ അമ്മിണി സ്‌കൂളില്‍ വരില്ല, വേലിക്കല്‍ മണിക്കൂറുളോളം നിന്ന് അകത്തെ കാഴ്ചകള്‍ നോക്കിക്കൊണ്ട് നില്‍ക്കും. അത്തരം ദിവസങ്ങളില്‍ മണിയടിക്കും മുമ്പ് സ്‌കൂളിലെത്താന്‍ ഞാനൊറ്റയ്ക്ക് ഓടിപ്പോകേണ്ടി വന്നിട്ടുണ്ട്.
എത്രമാത്രം നാഗരാജക്കന്മാരെയാണ് ഞാനക്കാലത്ത് അമ്മിണിയ്ക്ക് വേണ്ടി സങ്കല്‍പ്പിച്ചിട്ടുളളത്. കാണുന്ന ആണുങ്ങളുടെ മുഴുവന്‍ തലകള്‍ പാമ്പിന്‍ ശരീരങ്ങളില്‍ ഘടിപ്പിച്ച് ഞാനവരുടെ കല്യാണം സ്വപ്നം കണ്ടു. എല്ലായ്‌പ്പോഴും എന്റെ സങ്കല്‍പ്പങ്ങളുടെ അതിരുകള്‍ നാഗരാജാവ് കൈയില്ലാതെ എങ്ങനെ കല്യാണമാലയിടും എന്ന ചോദ്യത്തിന് മുന്നില്‍ അവസാനിക്കും. അമ്മിണിയോട് ചോദിക്കുമ്പോള്‍ അവള്‍ പുച്ഛത്തോടെ പറയും:

”നീയെന്തിനാ എന്റെ രാജകുമാരനെ സ്വപ്നം കാണാന്‍ പോയത്, ഞങ്ങളുടെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കാം കേട്ടോ.”
പാമ്പുകളെ മാത്രമല്ല, കുട്ടികളെ പിടിക്കുന്ന പിശാചുക്കളേയും ഇറക്കിവിട്ട് അവള്‍ എന്റെ ചിന്തകളില്‍ ഭീതിയുണര്‍ത്തി.

സ്‌കൂളിലേക്കുളള ചെമ്മണ്‍ പാതയിലൂടെ പൊടിയുയര്‍ത്തി വല്ലപ്പോഴും കടന്നു പോകുന്ന കാറുകള്‍ കുട്ടികളെ പിടിച്ച് കൊണ്ടു പോകുന്ന പിശാചുക്കള്‍ സഞ്ചരിക്കുന്നവയാണെന്നവള്‍ എന്നെ വിശ്വസിപ്പിച്ചിരുന്നു. കൊച്ചു കുട്ടികളെ പിടിച്ച് കൊണ്ട് പോയിട്ടെന്തു ചെയ്യും എന്ന് വിശദമാക്കി വിശദമാക്കി അമ്മിണി എന്റെ രാത്രികളെ ഭയാനകമാക്കിയിരുന്നു.

”പുതിയതായി പാലം കെട്ടുമ്പോള്‍ ഉറപ്പുണ്ടാവണമെങ്കില്‍ ജീവനോടെ പത്തു കുട്ടികളെയെങ്കിലും അതിലിടണം. പാലം പണിക്ക് ജീവനുളള കുട്ടികളെ പിടിക്കാനാ ഈ കാറുകള്‍ പാഞ്ഞു വരുന്നത്. നമുക്കൊളിച്ചു നില്‍ക്കാം. ഇല്ലെങ്കില്‍ നമ്മളെ പിടിച്ചോണ്ട് പോകും.”

കാറ് കടന്നു പോകുംവരെ വേലിപ്പടര്‍പ്പിലും ഇടവഴികളിലും പൊന്തക്കാടുകളിലും ഞങ്ങള്‍ ഒളിച്ചു നില്‍ക്കുമായിരുന്നു. രാത്രിസ്വപ്നങ്ങളില്‍ കൂറ്റന്‍ പാലങ്ങളും അവയ്ക്കുളളില്‍ പിടയുന്ന കുഞ്ഞുങ്ങളും നിലവിളികളായി ഉയര്‍ന്നു വന്നപ്പോള്‍ അമ്മയ്ക്ക് സംശയമായി. വിമ്മി വിമ്മിക്കരഞ്ഞ് കാര്യം പറഞ്ഞു.

”പാലത്തിന് ബലം കൂട്ടാന്‍ പിടിച്ചു കൊണ്ട് പോവാനാളുകള്‍ കാറില്‍ കയറി വരുന്നു, എന്നേം പിടിക്കും, അമ്മിണിയേം പിടിക്കും, എന്റെ ബിന്ദു(അനിയത്തി)വിനേം പിടിച്ചോണ്ടു പോകും. ഇനി സ്‌കൂളില്‍ പോണ്ട.”

അന്ന് മുതല്‍ അമ്മിണിയോടൊത്തുളള സ്‌കൂളില്‍പോക്ക് അമ്മ നിര്‍ത്തി. മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന അമ്മാവന്റെ ഒപ്പം കൂട്ടി വിടാന്‍ തുടങ്ങി.

അമ്മിണി സ്‌കൂളിലും വഴിയിലും കണ്ടുമുട്ടുമ്പോള്‍ പുതുതായി കണ്ട പാമ്പിന്‍ പൊത്തുകളെക്കുറിച്ചും, വിഷഹാരിയുടെ വീട്ടിന് മുന്നില്‍ നിന്നപ്പോള്‍ കണ്ട നീല സര്‍പ്പത്തെക്കുറിച്ചുമൊക്കെ എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു.

നാലാം ക്ലാസ്സ് കഴിഞ്ഞതോടെ പാമ്പുകളുടെയും പാമ്പിന്‍ പൊത്തുകളുടെയും മാസ്മരിക ലോകം എനിക്ക് മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടു. അമ്മ എന്നെ നഗരത്തിലെ സ്‌കൂളിലേക്ക് മാറ്റി. സ്ലേറ്റ് മാറി പുസ്തകങ്ങളായി. ഉച്ചയ്ക്ക് ശേഷമുളള സ്‌കൂള്‍ സമയം 9.30 മുതല്‍ 3.30 വരെയായി. നിറമുളള ഉടുപ്പുകള്‍ മാറി പച്ചപ്പാവാടയും വെള്ള ഷര്‍ട്ടുമെന്ന യൂണിഫോമായി. ചെമ്മണ്ണു പാതകളിലൂടെ നടന്ന് പോയിരുന്ന സ്‌കൂളിലേക്കുളള യാത്ര ടാറിട്ട റോഡിലൂടെയുളള ബസ്സുകളിലേക്ക് മാറി.

അമ്മിണിയെ വല്ലപ്പോഴും മാത്രം കാണുമെന്നായി. അമ്പലത്തിലോ വയല്‍ വരമ്പത്തോ ഒക്കെ മാത്രം. ഞാന്‍ വളര്‍ന്നു, അമ്മിണിയും വളര്‍ന്നു. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ റഷ്യയില്‍ നടന്ന പയനിയര്‍ ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങി വന്ന എനിക്ക് നാട്ടുകാര്‍ സ്വീകരണം നല്‍കി.

അമ്മിണി ഓടി വന്നു 

”റഷ്യയിലെ പാമ്പുകളെ നീ കണ്ടോ, ഇവിടത്തെപ്പോലെ തന്നെയോണോ?”

റഷ്യയില്‍ ഞാന്‍ കാണാത്ത പാമ്പുകള്‍ അമ്മിണിയെ നിരാശപ്പെടുത്തി. അവള്‍ക്കെന്റെ റഷ്യന്‍ യാത്ര അത്ര കേമത്തമുളള ഒന്നാണെന്ന് സമ്മതിക്കാന്‍ വിഷമമായി. പാമ്പുകളെകുറിച്ചറിയാത്ത യാത്രകള്‍, അവയെ അംഗീകരിക്കാന്‍ അമ്മിണി തയ്യാറല്ലായിരുന്നു.

പതിനാറ് വയസ്സായപ്പോള്‍ അമ്മിണി വിവാഹിതയായി. കല്യാണവേഷത്തില്‍ തയ്യല്‍ക്കാരനായ ഭര്‍ത്താവുമൊത്ത് അവള്‍ വയല്‍വരമ്പത്ത് കൂടി പോകുന്നതു കണ്ടപ്പോള്‍ എനിക്ക് നൊന്തു 

”പാവം, അവളുടെ നാഗരാജാവ് വന്നില്ലല്ലോ.”

വായനകളുടെ, എഴുത്തിന്റെ പഠിത്തത്തിന്റെ, പ്രണയത്തിന്റെ തിരക്കുകളില്‍ അമ്മിണിയേയും ബാല്യത്തെ തന്നെയും മറന്ന വര്‍ഷങ്ങള്‍.

എന്റെ കല്യാണത്തിന് ഒരാഴ്ച മുമ്പാണ് നടുക്കുന്ന ആ വാര്‍ത്ത വന്നത്.

”അമ്മിണിയുടെ ഭര്‍ത്താവ് തോട്ടില്‍ മരിച്ചു കിടക്കുന്നു. രാത്രി പണി കഴിഞ്ഞ് വീട്ടില്‍ പോകുന്ന വഴിയായിരുന്നു.”

ഞാന്‍ നാഗന്മാരെയും നാഗരാജാക്കന്മാരെയും പ്രതിക്കൂട്ടിലാക്കി കുറ്റവിചാരണ നടത്തി. സ്‌നേഹിച്ചുവെന്നതിന് ഇത്രയേറെ വലിയ ശിക്ഷ പാവം അമ്മിണിക്ക് കൊടുക്കണോ, എട്ടും പൊട്ടും തിരിയാത്ത രണ്ട് കുഞ്ഞുങ്ങളെ അവളിനി എങ്ങനെ വളര്‍ത്തും?

അമ്മിണിയുടെ ഭര്‍ത്താവ് പാമ്പിന്‍ കടിയേറ്റല്ല, പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ നിന്ന് തോട്ടിലെ വെളളത്തില്‍ ഉണ്ടായ ഇലക്ട്രിസിറ്റി വഴിയാണ് മരിച്ചതെന്ന് തെളിഞ്ഞു. നാട് മുഴുവന്‍ നിശ്ശബ്ദമായി അമ്മിണിയുടെ ദു:ഖം ഏറ്റുവാങ്ങി. ഇലക്ട്രിസിറ്റി വകുപ്പിനെതിരെ പ്രതിക്ഷേധം, നഷ്ടപരിഹാരത്തിനുളള സമരം.

അമ്മിണി മക്കളെ വളര്‍ത്താന്‍ വീട്ടു ജോലിക്കാരിയായി പുറത്തേക്കിറങ്ങി. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ നഷ്ടപരിഹാരം കിട്ടിയപ്പോള്‍ അവള്‍ തയ്യല്‍ മെഷീനുകള്‍ വാങ്ങി. തയ്യല്‍ മെഷീനുകളുടെയും ജീവിതത്തിന്റേയും ചക്രം തിരിഞ്ഞു കൊണ്ടേയിരുന്നു.

കുറച്ച് നാള്‍ മുമ്പ കോളിംഗ്‌ബെല്‍ ശബ്ദം കേട്ട് ഞാന്‍ വാതില്‍ തുറക്കുമ്പോള്‍ അത്യാഡംബരപൂര്‍വ്വം വസ്ത്രവിധാനം ചെയ്ത ഒരു മധ്യവയസ്‌ക എന്റെ വാതില്‍ക്കല്‍.

”അമ്മിണീ? നീയെവിടെയാ?”

”ഞാന്‍ ഇപ്പോള്‍ ലണ്ടനിലാണ്. മോന്റെ കൂടെ. അവനവിടെ വലിയൊരു കമ്പനിയിലാണ്, ഇനിയിപ്പോള്‍ അവന്‍ ജര്‍മ്മനിക്ക് മാറുകയാണ്. അതിന് മുമ്പ് മോളുടെ കല്യാണം നടത്താമെന്ന് വച്ചു. അത് ക്ഷണിക്കാനാ വന്നത്.”

”മോള്‍ എന്തു ചെയ്യുന്നു?”

”ഡോക്ടര്‍ പഠിത്തം കഴിഞ്ഞതേയുളളൂ. ലണ്ടനിലാണ് പയ്യന് ജോലി. അവള്‍ക്ക് ഇനീം പഠിക്കണമെന്ന്.”

ഇതെഴുതുമ്പോള്‍ പെട്ടെന്ന് എനിക്ക് തോന്നി ഇതൊരു സൗഹൃദത്തെക്കുറിച്ചുളള അനുഭവക്കുറിപ്പല്ല, ഒരു സങ്കല്‍പ്പ കഥയാണെന്ന്. അത്രക്കുമുണ്ട് അതിശയം.

അമ്മിണി നയിച്ച ജീവിതയുദ്ധം ചെറുതല്ലായിരുന്നു എന്നത് തര്‍ക്കമറ്റതാണ്. പക്ഷേ, അതൊരിക്കല്‍ കൂടി എന്റെ മനസ്സില്‍ സ്ത്രീശക്തിയെക്കുറിച്ചുളള വിശ്വാസം ഊട്ടി ഉറപ്പിച്ചു. പെരുവഴിയില്‍ ഒറ്റയ്ക്കായിപ്പോയ ഒരുപാട് സ്ത്രീകള്‍ ജീവിതത്തെ തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെ, ചങ്കുറപ്പോടെ നേരിട്ട് വിജയിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്, അമ്മിണിയും അവരില്‍ ഒരാളായി എന്നത് മനസ്സിന് ആശ്വാസമേകി.

കല്യാണം ക്ഷണിക്കാനെത്തിയ അമ്മിണി എനിക്കല്‍പ്പം നിരാശയും തരാതിരുന്നില്ല.

അവളുടെ നാഗസ്വപ്നങ്ങളെക്കുറിച്ച് ഞാനോര്‍മ്മിപ്പിച്ചപ്പോള്‍ അവള്‍ താല്‍പ്പര്യമില്ലാതെ തലയാട്ടി പറഞ്ഞു.

”നീയെന്തിനാ ഒക്കെ ഓര്‍ത്തു വച്ചിരിക്കുന്നേ. അതൊക്കെ അന്നത്തെക്കാലമല്ലേ, ഞാനതൊന്നും ഓര്‍ക്കാറേയില്ല.”

ഒന്നും മറക്കാത്തൊരു മനസ്സുമായിട്ടാണ് ഞാനിപ്പോഴും ജീവിക്കുന്നതെന്ന് പറയാന്‍ എനിക്ക് തോന്നിയില്ല, അവള്‍ ജയിച്ച ജീവിതയുദ്ധത്തിന് മുന്നില്‍ സ്വപ്നങ്ങള്‍ക്കല്ല, യാഥാര്‍ത്ഥ്യങ്ങള്‍ക്കാണ് പ്രസക്തി എന്ന് ഞാന്‍ തിരിച്ചറിഞ്ഞതിനാല്‍.

കെ എ ബീന 
(പുന:പ്രസിദ്ധീകരണം )

Scroll To Top