Friday September 22, 2017
Latest Updates

നഴ്സുമാരെ അയര്‍ലണ്ടിലെത്തിക്കാനുള്ള പദ്ധതി ലക്ഷ്യം കാണാതെ പോയി, നടന്നത് ഉന്നതതല നിയമനങ്ങള്‍ മാത്രം,പാഴായത് ലക്ഷങ്ങളുടെ പദ്ധതി

നഴ്സുമാരെ അയര്‍ലണ്ടിലെത്തിക്കാനുള്ള പദ്ധതി ലക്ഷ്യം കാണാതെ പോയി, നടന്നത് ഉന്നതതല നിയമനങ്ങള്‍ മാത്രം,പാഴായത് ലക്ഷങ്ങളുടെ പദ്ധതി

ഡബ്ലിന്‍: യുകെയിലുള്ള ഐറീഷ്നഴ്സുമാരെ തിരികെ നാട്ടിലെ സേവന രംഗത്തേക്കെത്തിക്കാനുള്ള പദ്ധതി ലക്ഷക്കണക്കിന് യൂറോ ചിലവിട്ടിട്ടും ലക്ഷ്യം കാണാതെ പോയതായി കണ്ടെത്തല്‍.എച്.എസ്.ഇയുടെ റിക്രൂട്ട്മെന്റ് ക്യാംപെയ്ന്‍ ‘ബ്രിംഗ് ദെം ഹോം’ പദ്ധതിയാണ് ഇഴഞ്ഞുനീങ്ങുന്നത്. വന്‍തുക ചെലവിട്ട് നടത്തുന്ന പരിപാടിയില്‍ കേവലം 88നഴ്സുമാരെ മാത്രമാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നാട്ടിലെത്തിക്കാനായത്.അതേസമയം ഈ പദ്ധതിയുടെ പേരിലുള്ള മറ്റ് നിയമനങ്ങള്‍ ഇപ്പോഴും മുറയ്ക്ക് നടത്തുന്നുമുണ്ട്.

അയര്‍ലണ്ടിന്റെ മോശമായ ആതുരസേവന രംഗത്തെ രക്ഷിക്കുന്നതിനായി രൂപം നല്‍കിയ റിക്രൂട്ട് ക്യാംപെയ്നിന്റെ പേരിലാണ് നിയമനങ്ങള്‍ പൊടിപൊടിക്കുന്നത്.നഴ്സുമാരെ നിയമിക്കുന്നതിനായി റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് നല്‍കിയ വന്‍തുകയും പാഴായി.

ഹോസ്പിറ്റലുകളില്‍ ചികില്‍സ കാത്ത് കഴിയുന്ന ആയിരക്കണക്കിന് രോഗികളുടെ ചികില്‍സകൂടി മുന്നില്‍ക്കണ്ടാണ് നഴ്സുമാരെ തിരികെയെത്തിക്കാന്‍ തീവ്രയത്നം ആരംഭിച്ചത്. എന്നാല്‍ ഈ പ്രോഗ്രാമിനായി ഇപ്പോഴും മറ്റ് നിയമനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.. ഈ വര്‍ഷം പകുതിയില്‍ മാത്രം ഓരോ ആഴ്ചകളിലും മൂന്ന് മാനേജര്‍മാരെ വീതം നിയോഗിച്ചതായാണ് ഫിനാഫെയല്‍ ആരോഗ്യ വകുപ്പ് വക്താവിനെ എച്.എസ്.ഇ അറിയിച്ചിട്ടുള്ളത്.

വെളുത്ത കോട്ടണിഞ്ഞവരെ നിയോഗിക്കുന്നതിനു ലക്ഷ്യമിട്ട പദ്ധതിയില്‍ വെള്ളക്കോളറുകാരെ നിറയ്ക്കുകയാണെന്ന് പാര്‍ട്ടി വക്താവ് ബില്ലി കെല്ലെഹര്‍ ആരോപിച്ചു.കഴിഞ്ഞ നവംബറിന്റെ അവസാനം നാഷണല്‍ ഡയറക്ടര്‍,അസി.നാഷണല്‍ ഡയറക്ടര്‍,ജനറല്‍മാനേജര്‍ തുടങ്ങിയ ഉന്നത തസ്തികകളില്‍ 1075 ഉദ്യോഗസ്ഥരെയാണ് എച്.എസ്.ഇ ഈ ക്യാംപെയിന്റെ പേരില്‍ നിയമിച്ചിട്ടുള്ളത്.

ഈ ജൂണോടെ അത് 1159 ആയി ഉയര്‍ന്നു.2015ലാണ് യുകെയില്‍ ജോലി ചെയ്യുന്ന നഴ്സുമാരെ അനുനയിപ്പിച്ച് ഐറീഷ് നഴ്സിംഗ് മേഖലയിലെത്തിക്കാനുള്ള റിക്രൂട്ട്മെന്റ് ക്യാംപെയിന് തുടക്കമിട്ടത്. 7500 നഴ്സുമാരാണ് യുകെയില്‍ ജോലി ചെയ്യുന്നതെന്നായിരുന്നു കണക്ക്. പദ്ധതിയുടെ ആദ്യ പടിയായി 500 നഴ്സുമാരെ തിരികെയെത്തിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ രണ്ടു വര്‍ഷം പിന്നിടുമ്പോഴും 88പേരെ മാത്രമാണ് അയര്‍ലണ്ടിലെത്തിക്കാനായത്.എന്നാല്‍ പദ്ധതിക്കുള്ള മുഴുവന്‍ തുകയും ചെലവിടുകയും ചെയ്തു.

എച്.എസ്.ഇ ഹ്യൂമന്‍ റിസോഴ്സ് ഡിവിഷന്‍ ഉദ്യോഗസ്ഥ ഒ്രോഡ ഡോലി ഫിനാഫെയ്ലിന്റെ ടി ഡി ഡാറാ കല്ലീരിയോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങള്‍.നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി 198000 യൂറോയാണ് വിവിധ ഏജന്‍സികള്‍ക്ക് നല്‍കിയത്.എന്നാല്‍ ആവശ്യത്തിന് നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിന് സാധിക്കാതെ പോയി.പരസ്യത്തിനും വെബ്സൈറ്റ് ഡിസൈനിംഗിനും മറ്റുമായി ചെലവിട്ടത് 44200യൂറോയാണ്.നഴ്സുമാര്‍ക്ക് വിമാനയാത്രാച്ചെലവിനും മറ്റുമായി അനുവദിച്ച തുക ചെലവിട്ടിട്ടില്ല.വിമാനച്ചെലവ്,നഴ്സിംഗ് ബോര്‍ഡ് രജിസ്ട്രേഷന്‍,തുടര്‍വിദ്യാഭ്യാസം എന്നിവയ്ക്കായി 1500 യൂറോയാണ് ഓരോ നഴ്സിനായും അനുവദിച്ചിരുന്നത്.250000യൂറോയുടെ പദ്ധതിയില്‍ സ്വകാര്യനഴ്സിംഗ് ഹോമുകളും മറ്റ് ഗ്രൂപ്പുകളും നടത്തുന്ന റിക്രൂട്ട്മെന്റ് ക്യംപെയനുകള്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.

Scroll To Top