Sunday January 22, 2017
Latest Updates

നല്ലത് ചെയ്താല്‍ നരേന്ദ്ര മോഡിയെയും പിന്തുണയ്ക്കുമെന്ന് ഇന്നസെന്റ്; സ്വതന്ത്രന്മാര്‍ സിപിഎമ്മിന് തലവേദനയാകുന്നു?

നല്ലത് ചെയ്താല്‍ നരേന്ദ്ര മോഡിയെയും പിന്തുണയ്ക്കുമെന്ന് ഇന്നസെന്റ്; സ്വതന്ത്രന്മാര്‍ സിപിഎമ്മിന് തലവേദനയാകുന്നു?

തൃശ്ശൂര്‍: ഇടതുമുന്നണി പാനലില്‍ വിജയിച്ച സ്വതന്ത്രന്മാര്‍ സിപിഎമ്മിന് ഇപ്പോഴേ തലവേദനയാകുന്നു. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചേരില്ലെന്നും പാര്‍ലമെന്റില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും ഇടുക്കി എംപി ജോയിസ് ജോര്‍ജ് പ്രഖ്യാപിച്ചതിന് പിന്നാലെ മോഡി അനുകൂല പ്രസ്താവനയുമായി ചാലക്കുടി എംപി ഇന്നസെന്റ്. നല്ലത് ചെയ്താല്‍ നരേന്ദ്ര മോഡിയെയും അനുകൂലിക്കുമെന്ന് ഇന്നസെന്റ്. മോഡി ഭരണത്തില്‍ മുസ്ലീങ്ങള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

തനിക്ക് തന്റേതായ നിലപാടുകള്‍ ഉണ്ടെന്നും അതിനാല്‍ പാര്‍ലമെന്റില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും ഇന്നസെന്റ് വ്യക്തമാക്കി. തന്റെ നിലപാട് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെങ്കില്‍ പാര്‍ട്ടിയെ പറഞ്ഞു തിരുത്താന്‍ ശ്രമിക്കുമെന്നും ഇന്നസെന്റ് വ്യക്തമാക്കി. ജോയിസ് ജോര്‍ജിന് പിന്നാലെ ഇന്നസെന്റും സിപിഎം നിയന്ത്രണത്തില്‍ നില്‍ക്കില്ലെന്ന് തുടക്കത്തിലെ വ്യക്തമാക്കുകയാണ്.

ചാലക്കുടിയില്‍ സിപിഎം സ്വതന്ത്രനായാണ് ഇന്നസെന്റ് അട്ടിമറി വിജയം നേടിയത്. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ ചാലക്കുടിയില്‍ പിസി ചാക്കോയെ അട്ടിമറിച്ച ഇന്നസെന്റിന് പതിമൂവായിരത്തിലധികം വോട്ടുകള്‍ ഭൂരിപക്ഷം ഉണ്ടായിരുന്നു.

Scroll To Top