Monday May 29, 2017
Latest Updates

നരേന്ദ്ര മോഡി തന്നെ കേന്ദ്രമന്ത്രിയാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് സുരേഷ് ഗോപി

നരേന്ദ്ര മോഡി തന്നെ കേന്ദ്രമന്ത്രിയാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ കേന്ദ്രമന്ത്രിയാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് നടന്‍ സുരേഷ് ഗോപി. തന്നെ രാജ്യസഭ അംഗമാക്കാനും കേന്ദ്ര മന്ത്രിയാക്കാനുമുള്ള തീരുമാനം നരേന്ദ്ര മോഡി നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ തന്റെ കോലം കത്തിക്കുന്നത് വരെ മോഡിയുടെ ക്ഷണം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ കോലം കത്തിച്ചതിന് ശേഷമാണ് മോഡിയുടെ ക്ഷണം സ്വീകരിക്കാന്‍ തീരുമാനിച്ചത്.

മംഗളം ദിനപ്പത്രത്തിന്റെ ഞായറാഴ്ച പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ വെളിപ്പെടുത്തല്‍. നരേന്ദ്ര മോഡിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സുരേഷ് ഗോപി തെരഞ്ഞെടുപ്പിന് മുമ്പ് മോഡിയുമായി കൂടിക്കാഴ്ച നടത്തുകയും മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മോഡിയുമായുള്ള അടുപ്പം സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ എത്തിച്ചേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അഭിമുഖത്തില്‍ മമ്മൂട്ടിക്കെതിരെയും സുരേഷ് ഗോപി ഒളിയമ്പ് എയ്യുന്നു. കൊല്ലത്ത് എംഎ ബേബിയെ പരാജയപ്പെടുത്തിയത്. പ്രമുഖ നടന്‍ നേതൃത്വം നല്‍കുന്ന ചാനലാണെന്ന് മമ്മൂട്ടിയുടെയും കൈരളി ടിവിയുടെയും പേരെടുത്ത് പറയാതെ സുരേഷ് ഗോപി വിമര്‍ശിച്ചു. മാതാ അമൃതാനന്ദമയിക്കെതിരേ ചാനല്‍ കൊടുത്ത വാര്‍ത്തകള്‍ പരാജയത്തിന് കാരണമായി. എംഎ ബേബിയുടെ പരാജയം മാത്രമായിരുന്നു ഈ നടന്റെ ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ ഏറ്റവും നല്ല നേതാക്കാന്‍മാര്‍ വിഎസും സുധീരനുമാണ്. അവര്‍ ഒന്നിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഭരണത്തിലെ വീഴ്ച മറയ്ക്കാനാണ് മാവോയിസ്റ്റുകളുണ്ടെന്ന് പ്രചരണം നടത്തുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു.

Scroll To Top