Sunday January 21, 2018
Latest Updates

‘നമ്മുടെ ഇന്ത്യന്‍ എംബസി നന്നാവില്ലേ ? ഒക്കെ നന്നാവുമെന്ന് അധികൃതര്‍ ‘:അയര്‍ലണ്ടിലെ എംബസിയെ കുറിച്ചു പരാതികള്‍ കുറയുന്നില്ല

‘നമ്മുടെ ഇന്ത്യന്‍ എംബസി നന്നാവില്ലേ ? ഒക്കെ നന്നാവുമെന്ന് അധികൃതര്‍ ‘:അയര്‍ലണ്ടിലെ എംബസിയെ കുറിച്ചു പരാതികള്‍ കുറയുന്നില്ല

ഡബ്ലിന്‍: എന്നെ തല്ലണ്ടമ്മാവാ… എത്ര തല്ലിയാലും ഞാന്‍ നന്നാവില്ല എന്ന ചൊല്ലു പോലെ വാശിയിലാണ് അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി.മുന്‍പ് രേഖകള്‍ കിട്ടാനായി അനാവശ്യമായ താമസം വരുത്തുന്നതിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ചിരുന്ന എംബസി ഇപ്പോള്‍ ഓ സി ഐ ,പി ഐ ഓ കാര്‍ഡുകള്‍ ഒഴികെ മിക്ക സര്‍വീസുകളും ദ്രുതവേഗത്തില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് അധികൃതരുടെ അവകാശ വാദം.

ഓ സി ഐ ,പി ഐ ഓ കാര്‍ഡുകള്‍ അച്ചടിക്കുന്നതിലെ താമസം ദിവസം തോറും കുറഞ്ഞു വരുന്നുണ്ട്.മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഇത് സാധാരണ നിലയില്‍ എത്തിയേക്കും.

എന്നാല്‍ പരാതികളുടെ കൂമ്പാരമാണ് ഓരോ ദിവസവും എംബസിയെ പറ്റിയുയരുന്നത്.എംബസിയില്‍ നിന്നും ലഭ്യമാകേണ്ട പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ തിരികെ വാങ്ങുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപേക്ഷകന്‍ കുടുങ്ങുമെന്ന് നൂറു ശതമാനം ഉറപ്പാണെന്നാണ് സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

കഴിഞ്ഞ ദിവസം പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ നല്‍കിയ സ്വോര്‍ഡ്‌സിലെ മലയാളിയ്ക്ക് സമയത്തിനുള്ളില്‍ തന്നെ അത് പുതുക്കി കിട്ടിയെങ്കിലും പാസ്‌പോര്‍ട്ട് തുറന്നു പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി.സ്‌പെസിമന്‍ സിഗ്‌നേച്ചര്‍ മറ്റാരുടെയോ ആണ് !.

എംബസി കൌണ്ടറില്‍ പരാതി പറഞ്ഞപ്പോള്‍ മറുപടി കിട്ടി.’ഓ ..ഒപ്പല്ലേ മാറിയുള്ളൂ…ഇപ്പൊ ശരിയാക്കി തരാം….’

ആര്‍ക്കോ ഒന്ന് ഫോണ്‍ ചെയ്ത ശേഷം അതീവ വിനയത്തോടെയും മര്യാദയോടെയും പുഞ്ചിരിക്കുന്ന മുഖത്തോടെ അവര്‍ തുടര്‍ന്നു’സാരമില്ല..ഈ പാസ്‌പോര്‍ട്ട് മാറ്റി മറ്റൊരെണ്ണം തരാം.കാശൊന്നും തരേണ്ട..’ ആ ഔദാര്യത്തിനും മര്യാദയ്ക്കും മുന്‍പില്‍ സുല്ലിട്ടു മടങ്ങാതെ സ്വോര്‍ഡ്‌സ് മലയാളി മറ്റെന്തു ചെയ്യാന്‍?

പാസ്‌പോര്‍ട്ട് രേഖകളിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തെറ്റ് വരുന്നതത്രേ.ആസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഒരു മലയാളിയുടെ പാസ്‌പോര്‍ട്ടില്‍ എംബസിയുടെ സീല്‍ ഇല്ലായിരുന്നു എന്ന് കണ്ടു പിടിച്ചത് രണ്ടു വര്‍ഷം കഴിഞ്ഞായിരുന്നു.എംബസിയില്‍ നിന്നും ലഭ്യമാകുന്ന രേഖകള്‍ കൃത്യമായി പരിശോധന നടത്തി കൈപ്പറ്റുക എന്നത് മാത്രമേയുള്ളൂ ഇതിനു പരിഹാരം.

പാസ്‌പോര്‍ട്ട്,വിസ,അപേക്ഷകളിലെ ഫോട്ടോകള്‍ മാറ്റി ഒട്ടിക്കുന്നതും പതിവ് സംഭവമാണ്.ജോലിക്കാരുടെ കുറവാണ് തെറ്റുകള്‍ കൂടാന്‍ ഒരു കാരണമെന്നാണ് എംബസി അധികൃതര്‍ പറയുന്നത്.വി കെ കൃഷ്ണമേനോന്‍ അയര്‍ലണ്ടില്‍ അംബാസിഡര്‍ ആയിരുന്നപ്പോള്‍ ഇവിടെ അഞ്ഞൂറ് ഇന്ത്യാക്കാര്‍ പോലും ഇല്ലായിരുന്നു. രണ്ടു പേരുടെ വര്‍ദ്ധനവ് മാത്രമാണ് അന്ന് ഉണ്ടായിരുന്ന സ്റ്റാഫിന്റെ എണ്ണത്തില്‍ നിന്നും ഇപ്പോഴുള്ളത്.പക്ഷെ ഇന്ത്യാക്കാരുടെ ജനസംഖ്യ ഇരുപത്തി അയ്യായിരത്തോളം ആയി.എംബസിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഐറിഷ് മലയാളിയോട് പറഞ്ഞു.

ജനങ്ങള്‍ പറയുന്നത് പണ്ടത്തെയത്ര ക്യൂവൊന്നും എംബസിയില്‍ ഇല്ലെന്നാണ്.ക്യൂ ഇല്ലെന്നത് ശരി തന്നെ.പക്ഷെ ഓണ്‍ ലൈന്‍ വഴി വരുന്ന അപേക്ഷകളും ഏജന്‍സികള്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷകളും കാരണമാണത്.അദ്ദേഹം പറഞ്ഞു.സ്ഥല സൗകര്യവും കുറവാണ്.ഫയലുകള്‍ തരം തിരിച്ചു സൂക്ഷിക്കാനുള്ള ഫര്‍ണിച്ചറുകള്‍ ഇടാനുള്ള സ്ഥലസൗകര്യം നിലവിലില്ലെന്നുള്ളതും പ്രശ്‌നമാവുന്നു.ഇന്ത്യ വില കൊടുത്ത് വാങ്ങിയ പുതിയ എംബസി ബില്‍ഡിംഗ് പണി തീരുമ്പോഴെയ്ക്ക് ഇതിനൊക്കെ പരിഹാരം ആയെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാസ്‌പോര്‍ട്ട്, വിസ ,ഓ സി ഐ കാര്‍ഡ് എന്നിവ അടക്കമുള്ള എംബസിയുടെ ചില സേവനങ്ങള്‍ ഔട്ടര്‍ ഏജന്‍സിയ്ക്ക് നല്‍കാനുള്ള ആലോചനകളും നടക്കുന്നുണ്ട്.അങ്ങനെ സംഭവിക്കുകയാണെങ്കില്‍ എംബസിയിലെ തിരക്കും രേഖകളിലെ തെറ്റുകളും ഗണ്യമായ നിലയില്‍ ഒഴിവാക്കാന്‍ ആയേക്കും.

Scroll To Top