Tuesday September 25, 2018
Latest Updates

നമുക്ക് അയര്‍ലണ്ടിലെ ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം….

നമുക്ക് അയര്‍ലണ്ടിലെ ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം….

റോസ് കോമണ്‍ :അയര്‍ലണ്ടിലെ നിരവധി ഗ്രാമങ്ങള്‍ ഇപ്പോള്‍ ജനരഹിതമായി കൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.പച്ച പട്ടു പുതച്ച്,ആധുനീക ജീവിത സൗകര്യങ്ങള്‍ ഒക്കെ അത്യാവശ്യമുള്ള ഗ്രാമങ്ങള്‍ പോലും ‘ജനസംഖ്യാ വിളര്‍ച്ച’ നേരിടുന്നതില്‍ ആശങ്കപ്പെടുന്നത് ഗ്രാമസംസ്‌കാരത്തെ സ്‌നേഹിക്കുന്നവര്‍ തന്നെയാണ്.നഗരങ്ങളിലേക്ക് തൊഴിലും,പഠന സൗകര്യങ്ങളും തേടി കുടിയേറുന്ന പ്രവണത അയര്‍ലണ്ടില്‍ തുടരുകയാണ് എന്നാണ് പഠനം. നൂറുകണക്കിന് ഗ്രാമങ്ങളില്‍ അഞ്ഞൂറില്‍ താഴെ ജനസംഖ്യയാണ് ഇപ്പോഴുള്ളത്.

അത്തരമൊരു ഗ്രാമമാണ് കൗണ്ടി ലിട്രിമിലെ കില്‍ടിക്ലോഹര്‍ ഗ്രാമം.ജനം ഇല്ലാത്തതിനാല്‍ രാപാര്‍ക്കാന്‍ ആളുകളെ അങ്ങോട്ടേയ്ക്ക് ക്ഷണിക്കുകയാണ് അവിടുത്തെ ഗ്രാമവാസികള്‍ ഇപ്പോള്‍.

ആളുകളില്ലാത്തതിനാല്‍ വലിയ പ്രതിസന്ധി നേരിടുകയാണ് കില്‍ടിക്ലോഹര്‍. ഇവിടെയാകെ 223ആളുകളേയുള്ളു.ഗ്രാമത്തിലെ രണ്ട് ടീച്ചര്‍മാരുള്ള സ്‌കൂളില്‍ 15 കുട്ടികളെ കിട്ടാനില്ല. ഇതിനാല്‍ ടീച്ചര്‍മാരുടെ എണ്ണം ഒന്നായി കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.ഇതു തുടര്‍ന്നാല്‍ ഈ സ്‌കൂള്‍തന്നെ പൂട്ടിപ്പോകുന്ന നിലയുണ്ടാകുമെന്ന് ആളുകള്‍ ഭയക്കുന്നു.

ഗ്രാമത്തെ രക്ഷിക്കണമെന്ന ആശയവുമായി പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം ഗ്രാമവാസികള്‍.അടുത്ത കാലത്ത് ഡബ്ലിനില്‍ നിന്നും കിറ്റിക്ലോഹറിലെത്തിയ സൂസന്‍ കാര്‍ടനാണ് ഈ ക്യാംപെയിന് നേതൃത്വം നല്‍കുന്നവരിലൊരാള്‍.നോര്‍ത്തിലെ ഫെര്‍മനാഗിന്റെ അതിര്‍ത്തി ഗ്രാമമാണ് ഇത്.നോര്‍ത്തുമായി ദീര്‍ഘകാലം നീണ്ട പ്രശ്നങ്ങള്‍ കൗണ്ടി ലിട്രിമിലെ ഈ ഗ്രാമത്തിന് ആഘാതമേല്‍പ്പിക്കുകയായിരുന്നു.

കില്‍ടിക്ലോഹര്‍

യുവാക്കള്‍ക്ക് തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസം നേടാന്‍ ഗ്രാമത്തിന് പുറത്തു പോകണം.നിലവിലുള്ള പ്രൈമറി സ്‌കൂളിലുള്ള ടീച്ചര്‍മാരിലൊരാള്‍ പോകുന്നതാണ് ഇപ്പോള്‍ ഏറ്റവും വലിയ പ്രശ്നം.ഈ വര്‍ഷം ഇവിടെ പഠിക്കാന്‍ 11 കുട്ടികളെ മാത്രമേ ലഭിച്ചിട്ടുള്ളു-സൂസന്‍ പറഞ്ഞു.

പാരമ്പരാഗതമായുള്ളവര്‍ കഴിഞ്ഞാല്‍ വിവിധ കാരണങ്ങളാല്‍ ഇവിടെ എത്തിപ്പെട്ടതാണ് ഗ്രാമവാസികളില്‍ അധികവും.ട്രാഫിക്ക് പ്രശ്നങ്ങളില്ലാത്ത സ്വസ്ഥവും ശാന്തവുമായ ഇടം.സ്ലൈഗോയിലേക്കുള്ള ചില ബസുകള്‍ ഈ വഴി സര്‍വീസ് നടത്തുന്നുണ്ട്.ജീവിതച്ചെലവും വളരെ കുറവാണ്.സ്ത്രീകള്‍ക്ക് ഹെയര്‍ഡ്രസ് ചെയ്യാന്‍ എട്ട് യൂറോ മാത്രം മതിയാകും.വീടും മറ്റും വാങ്ങി സെറ്റില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ അതിനും അവസരമുണ്ടാകും.

നാല് ബെഡ്റൂമുകളുള്ള നല്ല സൂപ്പര്‍ വീടിന് ഇവിടെ 1,70,000യൂറോയാണ് മുടക്കാവുക.എല്ലാ സാധനങ്ങളും ലഭിക്കുന്ന കടയുണ്ട്.പോസ്റ്റോഫീസ്, ഹെറിറ്റേജ് സെന്റര്‍,ടൂറിസ്റ്റ് ഹോസ്റ്റല്‍ എന്നിവയുമുണ്ട്.മാത്രമല്ല ഒട്ടേറെ ഗ്രാമത്തിന് സ്വന്തമായി നിരവധി ഉല്‍സവങ്ങളുമുണ്ട്.മലകളും പുഴകളും നടപ്പാതകളുമൊക്കെയുള്ള മനോഹരമായ ഗ്രാമാണ് ഇത്.

കൗണ്ടി കോര്‍ക്കിലെ ഒരു ഗ്രാമം

ഗ്രാമങ്ങളിലേയ്ക്ക് കുടിയേറുന്നവരില്‍ ഐറിഷ് കാരുടെ എണ്ണം കുറയുമ്പോഴും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഗ്രാമങ്ങള്‍ പ്രിയപ്പെട്ടതാവുന്നു എന്നും ചില പഠനങ്ങള്‍ പറയുന്നു.ഡബ്ലിനില്‍ നിന്നും ഒരു മണിക്കൂര്‍ മാത്രം യാത്രാദൂരത്തുള്ള കാര്‍ലോ,കില്‍ക്കെനി,പോര്‍ട്ട് ലീഷ്,വിക്‌ളോ,മീത്ത്,കില്‍ഡെയര്‍,ലൗത് എന്നിവയിലെ ഗ്രാമമേഖലയിലേയ്ക്കും കുടിയേറ്റക്കാര്‍ കടന്നുതുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍.ലീമെറിക്ക്,
വാട്ടര്‍ഫോര്‍ഡ്,ഡോണഗേല്‍ കൗണ്ടികളിലാവട്ടെ സാമുദായികാടിസ്ഥാനത്തില്‍ കുടിയേറ്റം നടക്കുന്നതായും വാര്‍ത്തകളുണ്ട്.

Scroll To Top