Wednesday April 26, 2017
Latest Updates

നട്ട് അലര്‍ജി :ജൂനിയര്‍ സെര്‍റ്റ് വിദ്യാര്‍ഥിനി ഹോട്ടല്‍ ഭക്ഷണം കഴിച്ചയുടന്‍ ഡബ്ലിന്‍ സിറ്റി സെന്റ്ററില്‍ കുഴഞ്ഞു വീണ് മരിച്ചു

നട്ട് അലര്‍ജി :ജൂനിയര്‍ സെര്‍റ്റ് വിദ്യാര്‍ഥിനി ഹോട്ടല്‍ ഭക്ഷണം കഴിച്ചയുടന്‍ ഡബ്ലിന്‍ സിറ്റി സെന്റ്ററില്‍ കുഴഞ്ഞു വീണ് മരിച്ചു

ഡബ്ലിന്‍ :ജൂനിയര്‍ സെര്‍റ്റ് വിദ്യാര്‍ഥിനി നട്ട് അലര്‍ജി മൂലം ഡബ്ലിന്‍ നഗരത്തില്‍ കുഴഞ്ഞുവീണു മരിച്ചു.മകളെ രക്ഷിക്കാനുള്ള അമ്മയുടെ ശ്രമങ്ങള്‍ എല്ലാം ജലരേഖയാക്കി , പക്ഷേ ദൈവം അവളെ കൊണ്ടുപോയി.

പതിനാലുകാരിയായ എമ്മ സ്ലോവാന്‍ കഴിഞ്ഞ ആഴ്ച്ച ഡെബ്ലിന്‍ സിറ്റി സെന്ററിനടുത്തുള്ള തെരുവിലാണ് മരിച്ചുവീണത്. ചുറ്റും കൂടിയ ആള്‍ക്കാര്‍ക്കു നടുവിലായി തന്റെ സഹോദരിമാരുടെ കണ്‍മുന്നില്‍ വച്ച് ശ്വാസം കിട്ടാതെയാണ് എമ്മ മരിച്ചത്.

നട്ട് അലര്‍ജിയുള്ള പെണ്‍കുട്ടി കുടുംബത്തോടൊപ്പം ഡബ്ലിനിലുള്ള ഏദന്‍ ക്വേയിലെ ഒരു റസ്‌റ്റോറന്റില്‍ വച്ച് ഭക്ഷണം കഴിക്കുന്ന കൂട്ടത്തില്‍ നട്ട്‌സ് അടങ്ങിയിരിക്കുന്ന സോസ് കഴിച്ചതാണ് അപകടത്തിന് കാരണമായത്. ഭക്ഷണം കഴിക്കുന്നതിനിടെ തന്നെ കുട്ടി തനിക്ക് ശ്വാസം എടുക്കാന്‍ കഴിയുന്നില്ലെന്ന് അവളുടെ അമ്മ കരോലിന്‍ സ്ലോവാനോട് പറഞ്ഞു. തുടര്‍ന്നാണ് അവര്‍ ഓര്‍ഡര്‍ ചെയ്ത സാറ്റാ സോസ് നട്ട്‌സ് അടങ്ങിയിരുന്നെന്ന് അവര്‍ക്ക് മനസിലായത്.

നട്ട് അലര്‍ജിക്ക് പ്രതിവിധി ആയിട്ടുള്ള എപിപെന്‍ ഇന്‍ജക്ഷന്‍ നല്‍കാന്‍ തൊട്ടടുത്തുള്ള ഫാര്‍മസി വിസമ്മതിച്ചു. എമ്മയുടെ അമ്മ കരോലിന്‍ എത്ര അപേക്ഷിച്ചിട്ടും ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നു നല്‍കാന്‍ സാധിക്കുകയില്ലെന്ന് ഫാര്‍മസി ജോലിക്കാരന്‍ പറയുകയായിരുന്നു.
കുട്ടിയെ ടെംപിള്‍ സ്ട്രീറ്റ് ആശുപത്രിയിലേക്ക് എത്തിക്കാനുള്ള തിടുക്കമായിരുന്നു പിന്നീട്. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ എമ്മ അവളുടെ കുടുംബത്തെ വിട്ടകന്നു.

സുന്ദരിയായ തന്റെ കുഞ്ഞ് തെരുവില്‍ ആളുകളുടെ നടുവില്‍ കിടന്നാണ് മരിച്ചതെന്നും അവള്‍ക്ക് എപിപെന്‍ ഇന്‍ജക്റ്റ് ചെയ്യാന്‍ എത്തിച്ചുകൊടുക്കാന്‍ സാധിക്കാത്തതാണ് തെറ്റായതെന്നും കരോലിന്‍ പറഞ്ഞു.

ഇത്തരത്തില്‍ നട്ട് അലര്‍ജിയുള്ള കുട്ടികളുടെ രക്ഷിതാക്കളോട് അവരുടെ കുഞ്ഞിന്റെ സുരക്ഷയ്ക്കായി എപിപെന്‍ കൈയില്‍ കരുതണമെന്നും ഹൃദയം പൊട്ടും വേദനയോടെ കരോലിന്‍ അഭ്യര്‍ഥിച്ചു .

ജിമ്മി ചംഗ്‌സ് റസ്‌റ്റോറന്റില്‍ കുടുംബസമേതം കഴിഞ്ഞ ബുധനാഴ്ച്ചയാണ് കരോലിനും കുടുംബവും എത്തിയത്. കരോലിനും മൂന്നുമക്കളും അവരുടെ സഹോദരിയും ഉണ്ടായിരുന്നു. എമ്മയുടെ ചേച്ചി 20കാരിയായ ആമിയും അനിയത്തി 2വയസ്സുകാരി മിയയും എമ്മയും വളരെ സന്തോഷത്തിലായിരുന്നു
.
താന്‍ കഴിക്കുന്ന ഏതൊരു ഭക്ഷണത്തിലും നട്ട്‌സ് അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമാണ് എമ്മ കഴിച്ചിരുന്നത്. റസ്‌റ്റോറന്റില്‍ വച്ച് കുടുംബം ഓര്‍ഡര്‍ ചെയ്തതില്‍ സാറ്റ സോസും ഉണ്ടായിരുന്നു. കറി പോലെ തോന്നിയതിനാലാണ് എമ്മ അത് കഴിച്ചത്. എന്നാല്‍ റസ്‌റ്റോറന്റ് മെനുവിലും ഇതില്‍ നട്ട്‌സ് ഉണ്ടെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ തന്നെ കുട്ടിക്ക് ശ്വാസം കിട്ടാതാവുകയും കുടുംബം പെട്ടെന്ന് റസ്‌റ്റോറന്റ് വിട്ട് എപിപെന്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഒ’കോണല്‍ സ്ട്രീറ്റിലെ ഹാമില്‍ടണ്‍ ലോംഗ് മെഡിക്കല്‍ ഷോപ്പിലാണ് കരോലിന്‍ എമ്മയ്ക്കാവശ്യമായ എപിപെന്‍ ഇന്‍ജക്ഷനു വേണ്ടി കയറിയത്. എന്നാല്‍ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്നു നല്‍കാന്‍ സാധിക്കില്ലെന്ന് മെഡിക്കല്‍ ഷോപ് ജീവനക്കാരന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് ഒരു എ ആന്‍ഡ് ഇയെ സമീപിക്കാനാണ് അവര്‍ നിര്‍ദ്ദേശിച്ചത്.

അപ്പോഴേക്കും പൊതുനിരത്തിലെ നടപ്പാതയില്‍ എമ്മ കുഴഞ്ഞു വീണിരുന്നു. അതുവഴി പോയ ഒരു ഡോക്ടര്‍ ഇവരുടെ സഹായത്തിനായി പരിശ്രമിച്ചു. എന്നയുടെ സ്ഥിതി ഭേദപ്പെട്ടതാക്കാനായിരുന്നു ഡോക്ടറുടെ ശ്രമം. കൂടാതെ അവിടെ എത്തിയ അഗ്‌നിശമന സേനാംഗങ്ങളും എച്ച്എസ്ഇ ആംബുലന്‍സും കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും എമ്മ മരണത്തിനൊപ്പം യാത്രയായിരുന്നു.

അവിടെകൂടി നിന്നവരെല്ലാം വളരെ ഞെട്ടലോടെയാണ് ഹൃദയഭേദകമായ കാഴ്ച്ച കണ്ടു നിന്നത്. കാഴ്ച്ചക്കാരുടെ കൂട്ടത്തില്‍ എമ്മയുടെ രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു.
ക്രിസ്തുമസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിവച്ചിരുന്ന വീട്ടിലേക്കാണ് ദുരന്തം കടന്നുചെന്നിരിക്കുന്നത്. എമ്മ മരിക്കുന്ന ദിവസം രാവിലെയാണ് കരോലിന്‍ കുടുംബത്തിലേക്കുള്ള ക്രിസ്തുമസ് ട്രീ ഒരുക്കി വച്ചത്. ദുഖപൂര്‍ണ്ണമായ ചുറ്റുപാടില്‍ ഇവര്‍ക്ക് തന്നെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്താനുമില്ല.

ഇനി തങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുകയേ ഇല്ലെന്നാണ് കരോലിന്‍ പറഞ്ഞത്.
റെസ്‌റ്റോറന്റ് അധികൃതര്‍ക്ക് തെരുവില്‍ ആള്‍ക്കൂട്ടം കണ്ട് എന്താണ് കാര്യമെന്ന് മനസിലായിരുന്നില്ല. എന്നാല്‍ പിന്നീട് മനസിലായപ്പോഴേക്കും കുട്ടി മരിച്ചു കഴിഞ്ഞിരുന്നു. റെസ്‌റ്റോറന്റിന്റെ തെറ്റല്ല അതെന്ന് കരോലിനും സമ്മതിക്കുന്നുണ്ട്. ഫുഡിനൊപ്പവും മെനുകാര്‍ഡിലും ഉള്ള നിര്‍ദ്ദേശത്തില്‍ സാറ്റ സോസില്‍ നട്ട്‌സ് അടങ്ങിയിട്ടുണ്ടെന്നുള്ള വിവരം എഴുതിയിട്ടുണ്ടായിരുന്നു. എന്നാല്‍ ശ്രദ്ധക്കുറവ് വന്നത് കുടുംബത്തിന്റെ തന്നെ ഭാഗത്തു നിന്നാണ്.

നിയമ പ്രകാരം പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്നുകൊടുക്കുന്നത് കുറ്റകരമായതിനാലാണ് മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്നു നല്‍കാതിരുന്നത്. മെഡിക്കല്‍ ഷോപ്പുകാരെ സമീപിച്ചെങ്കിലും മാധ്യമങ്ങളോടൊ പൊതുജനങ്ങളോടൊ ഇതേക്കുറിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്ന് ഇവര്‍ക്ക് ഗാര്‍ഡ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പറയുകയാണ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഗഅന്വേഷണം നടത്താന്‍ ശിശു സംരക്ഷണ വകുപ്പ് മന്ത്രി ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ഗാര്‍ഡയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റസ്‌റ്റോറന്റ് മെനുവില്‍ സാറ്റ സോസിന് മുന്നിലായി ‘നട്ട്‌സ് കണ്ടൈന്‍ഡ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
അവര്‍ലേഡി ഓഫ് മേഴ്‌സി സെക്കണ്ടറി സ്‌കൂളില്‍ ജൂനിയര്‍ സെര്‍ട്ട് എക്‌സാമിന് തയ്യാറെടുക്കുകയായിരുന്നു എമ്മ. എമ്മയുടെ വിയോഗം ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ക്രംലിന്‍ അവര്‍ലേഡി ഗുഡ് കൗണ്‍സില്‍ പള്ളിയില്‍ കഴിഞ്ഞ ശനിയാഴ്ച്ച നടന്ന ശവസംസ്‌കാര ചടങ്ങില്‍ . എമ്മയുടെ കുടുംബവും സുഹൃത്തുക്കളും അവള്‍ക്ക് യാത്രാമൊഴി നല്‍കി.

Scroll To Top