Saturday February 25, 2017
Latest Updates

നഗരവീഥികളില്‍ തരംഗമായി ; സാന്റയോടൊപ്പം മിസിസ് സാന്റ ക്ലോസും

നഗരവീഥികളില്‍ തരംഗമായി ; സാന്റയോടൊപ്പം മിസിസ് സാന്റ ക്ലോസും

ഡബ്ലിന്‍ :ആഘോഷരാവിന് പരിസമാപ്തിയിട്ടുകൊണ്ട് കഴിഞ്ഞ രാവില്‍ ഒടുവില്‍ സാന്റ തന്നെ കാത്തുനിന്ന ആളുകള്‍ക്കിടയിലേക്ക് ഇറങ്ങി വന്നു. ഓരോരാളുകള്‍ക്കും സമ്മാനങ്ങള്‍ നല്‍കി ക്രിസ്തുമസ് ആശംസിച്ച് പപ്പ നടന്നു നീങ്ങുന്ന കാഴ്ച്ച വളരെ ഉത്സവ പ്രതീതി നിലനിര്‍ത്തുന്നതായിരുന്നു.
കഴിഞ്ഞ ദിവസം ഡബ്ലിന്‍ തെരുവുകളില്‍ സാന്തയെക്കാത്തിരുന്ന ആയിരക്കണക്കിന് ആളുകള്‍ക്കിടയിലേക്ക് മിസിസ് സാന്താ ക്ലോസും കടന്നു വന്നിരുന്നു.

പ്രത്യേകമായും കുട്ടികളെയാണ് മിസിസ് സാന്താ ചെന്നു കണ്ടത്. അവരുടെ ഇഷ്ടങ്ങളും അനുഭവങ്ങളും നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ മിസിസ് സാന്തയോട് വിവരിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് തങ്ങളുടെ ചെറുപ്പത്തില്‍ തങ്ങളുടെ അപ്പൂപ്പന്‍മാരുടെയും അമ്മൂമ്മമാരുടെയും കൈയും പിടിച്ച് ആ തെരുവില്‍ സാന്തായ്ക്കായി കാത്തിരുന്നവരാണ് ഇപ്പോഴത്തെ മിക്ക അപ്പൂപ്പന്‍മാരുടെയും അമ്മൂമ്മമാരുടെയും റോളില്‍ എത്തിയിരിക്കുന്നത്. പലര്‍ക്കും ചുറ്റിലും മൂന്നും നാലും കുട്ടികളും ഉണ്ടായിരുന്നു.

ഒരു ഭാഗത്തായി ഒതുങ്ങിനിന്നിരുന്ന ഒരമ്മൂമ്മയുടെയും കൊച്ചുമകന്റെയും സമീപത്തേക്കാണ് മിസിസ് സാന്ത ക്ലോസ് ആദ്യം പോയത്. വാല്‍കിന്‍സ് ടൗണിലുള്ള എലിസബത്ത് ഈഗനും അവരുടെ കൊച്ചുമകനായ അഞ്ചുവയസ്സുകാരന്‍ ദാരായുമായിരുന്നു അത്. 69കാരിയായ എലിസബത്തും മിസിസ് ക്ലോസിനോട് തന്റെ ചെറുപ്പകാലത്ത് താനും ഇത്തരത്തില്‍ സാന്തയെ കാണാന്‍ വന്നു നിന്നിരുന്നതായി പറഞ്ഞു. അന്നത്തെകാലത്തെ തങ്ങളുടെ നിഷ്‌കളങ്കതയ്ക്കനുസരിച്ചുള്ള ഏതൊരു സമ്മാനവും തങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരുന്നുവെന്നും എലിസബത്ത് ഓര്‍ത്തു.
അവരുടെ കൊച്ചുമകന്‍ ഇത്തവണ സാന്തയോട് നിഞ്ഞ ടര്‍ട്ള്‍ സ്ലെഡുകളാണ് ചോദിക്കാന്‍ പോകുന്നത്.
തന്റെ പതിമൂന്നാം വയസ്സില്‍ സാന്ത തനിക്ക് നല്‍കിയത് നൂലും സൂചിയുമായിരുന്നുവെന്നും എലിസബത്ത് ഓര്‍ക്കുന്നു. ആ സമയത്ത് തന്റെ രക്ഷിതാക്കള്‍ പറഞ്ഞത് താന്‍ കുട്ടിത്തം മാറി സ്ഥിരജോലിയിലേക്ക് കടക്കേണ്ട സമയമായി എന്നായിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പഠിത്തം അവസാനിപ്പിക്കുകയും എംബ്രോയിഡറി വര്‍ക്കുമായി ബന്ധപ്പെട്ട ഒരു ഫാക്റ്ററിയില്‍ ജോലിക്കു പോകുകയാണ് എലിസബത്ത് ചെയ്തതെന്നും അവര്‍ മിസിസ് ക്ലോസിനോട് പറഞ്ഞു. ക്രിസ്തുമസ് പപ്പയ്ക്ക് കുട്ടികളുടെ മനസറിഞ്ഞ് സമ്മാനം നല്‍കാന്‍ സാധിച്ചിരുന്നുവെന്നും എലിസബത്ത് ഓര്‍ത്തു.

വീണ്ടും അവര്‍ തങ്ങളുടെ കാത്തിരിപ്പ് തുടര്‍ന്നു. തുടര്‍ന്ന് മിസിസ് ക്ലോസ് മറ്റോരു കൂട്ടത്തിന്റെ അടുത്തേക്ക് ചെന്നു. അവിടെ സീന്‍, ജാക്ക്, മൈക്കല്‍ എന്നീ കൊച്ചുമക്കള്‍ക്കൊപ്പം സാന്തയെ കാത്തിരിക്കുകയായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ സമ്മാനങ്ങള്‍
സാന്തയോടാവശ്യപ്പെടാനുമുണ്ടായിരുന്നു. ഒട്ടേറെ കളിപ്പാട്ടങ്ങളും മറ്റും ഇവര്‍ ആശിക്കുന്നതായി തുറന്നു പറയുകയും ചെയ്തു കുട്ടികള്‍.

ഓരോരോ കുസൃതി ചോദ്യങ്ങള്‍ക്കും പെട്ടെന്നു പെട്ടെന്നു തന്നെ മൂന്നുപേരും ഉത്തരം പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലെ ക്രിസ്തുമസ് രാവുകളെക്കുറിച്ചും അവര്‍ ഓര്‍മ്മകള്‍ പങ്കുവച്ചു. ഏതായാലും ഇത്തവണയും തങ്ങളുടെ മുത്തച്ഛന്റെ കൈപിടിച്ച് അവര്‍ ഡബ്ലിന്‍ തെരുവിലെത്തിയത് ക്രിസ്തുമസ് പപ്പയെ കണ്ട് ആശംസകള്‍ അറിയിക്കാനും സമ്മാനങ്ങള്‍ വാങ്ങാനും തന്നെയാണ്.

ഒട്ടേറെ അപ്പൂപ്പന്‍മാരും അമ്മൂമ്മമാരും ഇത്തരത്തില്‍ തങ്ങളുടെ കുസൃതിക്കുരുന്നുകളുമായി തെരുവില്‍ നിറഞ്ഞു നിന്നിരുന്നു. സാന്തയെ ഒരുനോക്ക് കണ്ട് ആശംസകള്‍ അറിയിക്കാന്‍ തന്നെ. അടുത്ത വര്‍ഷത്തെ ക്രിസ്തുമസ് രാവു വരെ ഇനി കാത്തിരിക്കണമല്ലോ സാന്തയെ വീണ്ടും കാണാന്‍.

Scroll To Top