Tuesday September 25, 2018
Latest Updates

നഗരത്തില്‍ ആരാധകരോത്ത് സെല്‍ഫി, പ്രിയങ്ക ചോപ്ര ഡബ്ലിനിലെത്തി

നഗരത്തില്‍ ആരാധകരോത്ത് സെല്‍ഫി, പ്രിയങ്ക ചോപ്ര ഡബ്ലിനിലെത്തി

ഡബ്ലിന്‍:അമേരിക്കന്‍ ടി.വി ഷോ Quantico സീസണ്‍ 3 യുടെ അവസാന എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനായി ഇന്ത്യന്‍ താരസുന്ദരിയും,പാതി മലയാളിയുമായ പ്രിയങ്ക ചോപ്ര അയര്‍ലണ്ടിലെത്തി.

ഡബ്ലിനിലെ ലൊക്കേഷനില്‍ വച്ചു നടക്കുന്ന ഷൂട്ടിംഗ് കാണാനായി നിരവധി ആരാധകരാണ് എത്തുന്നത്. ഇതിനിടയില്‍ പ്രിയങ്കയെ നേരില്‍ കാണാനായതിന്റെ സന്തോഷം പങ്കുവച്ച് പ്രിയങ്കയുടെ ഒപ്പമുള്ള സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ചില ആരാധകര്‍.

ആര്‍മി പ്രിന്റ് ക്യാപ്പും,സണ്‍ ഗ്ലാസ്സും ധരിച്ച്,അയര്‍ലണ്ടിലെ തണുപ്പില്‍ നിന്നും രക്ഷപെടാന്‍ ഒരു ലൈറ്റ് ബ്രൗണ്‍ ഓവര്‍കോട്ടും ധരിച്ച് ഡബ്ലിനിലെ തെരുവീഥികളില്‍ കൂടി നടന്നു നീങ്ങുന്നതിനിടയിലാണ് ആരാധകര്‍ പ്രയങ്കയ്‌ക്കൊപ്പം സെല്‍ഫി ‘ഒപ്പിച്ചെടുത്തത്’ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോ ഡബ്ലിനിലെ ഒരു എ ഐ ബി ബാങ്ക് ശാഖയ്ക്ക് സമീപത്തു നിന്നുമാണ് എടുത്തിരിക്കുന്നത്.

കേരളത്തിലെ കോട്ടയത്തു നിന്നുള്ള മലയാളിയായ മുത്തശ്ശിയായിരുന്നു, പ്രിയങ്ക ചോപ്രയുടെ ബാല്യകാലത്ത് ഇന്ത്യന്‍ മിലട്ടറിയില്‍ ഡോക്റ്റര്‍മാരായായിരുന്ന മാതാപിതാക്കളുടെ അഭാവത്തില്‍ പ്രിയങ്കയെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചത്. കഴിഞ്ഞ വര്‍ഷം മുത്തശ്ശി മരിച്ചപ്പോള്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് പ്രിയങ്കയും കോട്ടയം പൊന്‍കുന്നത്ത് എത്തിയിരുന്നു.

13 എപ്പിസോഡുകളുള്ള സീസണ്‍ 3 ഏപ്രില്‍ 27, മുതല്‍ തുടങ്ങും എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. 22 എപ്പിസോഡുകള്‍ വീതം ഉണ്ടായിരുന്ന സീസണ്‍ ഒന്നും രണ്ടും വലിയ വിജയമായിരുന്നു. പ്രിയങ്കയുടെ കരിയറിലെ തന്നെ മികച്ച പ്രകടനം നടത്തിയ Quantico യുടെ അടുത്ത സീസണ്‍ തുടങ്ങുന്നതിനു ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ഡബ്ലിനിലേയ്ക്ക് പുറപ്പെടാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയപ്പോള്‍

Quantico കൂടാതെ രണ്ട് ഹോളിവുഡ് സിനിമകള്‍ കൂടിയാണ് പ്രിയങ്കയ്ക്ക് ഉള്ളത്. ജിം പാര്‍സന്‍സ്, ക്ലൈയര്‍ ഡെയിന്‍സ്, ഒക്‌റ്റേവിയ സ്‌പെന്‍സര്‍ എന്നിവരും അഭിനയിക്കുന്ന ‘എ കിഡ് ലൈക്ക് ജാക്ക്’ ആണ് ഒരു ചിത്രം. Sundance ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയതാണ് ഈ ചിത്രം. രണ്ടാമത്തെ ചിത്രം ‘Ins’t It Romantic?’. പ്രിയങ്കയോടൊപ്പം റേബല്‍ വില്‍സണ്‍, ആദം ദേവീന്‍, ലിയാം ഹെംസ്വര്‍ത് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഒരു ഇന്റര്‍നാഷണല്‍ മാസികയുമായുള്ള അഭിമുഖത്തില്‍ ഫെമിനിസത്തെക്കുറിച്ച് പ്രിയങ്ക സംസാരിച്ചത് ശ്രദ്ധേയമായിരുന്നു. എന്തുകൊണ്ടാണ് ‘മാനിസം’ എന്നൊരു ആശയം പറയാത്തത് എന്ന ചോദ്യത്തിന് ഫെമിനിസത്തെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് പ്രിയങ്ക. നൂറുകണക്കിന് വര്‍ഷങ്ങമായി, എന്തു വസ്ത്രധാരണം ചെയ്യണം, എന്തൊക്കെ തൊഴിലുകള്‍ ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങളിലും നിയന്ത്രണം അനുഭവിച്ചിരുന്ന സ്ത്രീകള്‍ക്ക് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ഫെമിനിസം ഉദ്ദേശിക്കുന്നത്. കുറേ കാലത്തേക്ക് പുരുഷന്മാര്‍ മാത്രം ആസ്വദിച്ചിരുന്ന അവസരങ്ങള്‍ സ്ത്രീകള്‍ക്കു കൂടി നല്‍കുന്നതിന് ഫെമിനിസം അവര്‍ക്കൊപ്പം നിലകൊള്ളുന്നു. പുരുഷന്മാര്‍ പണ്ടുമുതലേ എല്ലാവിധ സ്വാതന്ത്ര്യവും അനുഭവിക്കുന്നവരാണ്. അതിനാല്‍ അവര്‍ക്കു ‘മാനിസ’ത്തിന്റെ ആവശ്യം ഉണ്ടാകുന്നില്ല. പ്രിയങ്ക വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top