Wednesday August 15, 2018
Latest Updates

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം: ഉത്തരവാദി സ്മൃതി ഇറാനി തന്നെയെന്ന് രാഷ്ട്രപതി

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം: ഉത്തരവാദി സ്മൃതി ഇറാനി  തന്നെയെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതൃപ്തി അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിനെയാണ് രാഷ്ട്രപതി അതൃപ്തി അറിയിച്ചത്.

ഒരു മണിക്കൂര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കുവെന്ന് ആഴ്ചകള്‍ക്കു മുന്നേ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ മാറ്റമായി ഇതിനെ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അവതരിപ്പിക്കുകയായിരുന്നു. ഇതിലൂടെ രാഷ്ട്രപതി ഭവനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടുകയായിരുന്നെന്നും രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.

വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ വിഷയത്തില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രതിസ്ഥാനത്തായി. സാധാരണയായി രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കു ബന്ധപ്പെട്ട മന്ത്രിമാര്‍ നേരിട്ടെത്തി ക്ഷണപത്രം കൈമാറുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഈ പതിവുണ്ടായില്ല.

ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച എല്ലാവര്‍ക്കും രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കുകയാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്ന് വിഭന്നമായി 11 അവാര്‍ഡുകള്‍ മാത്രം രാഷ്ട്രപതി വിതരണം ചെയ്യുമെന്നും ബാക്കിയുള്ളവ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. തലേ ദിവസം നടന്ന റിഹേഴ്സിലിനിടെയാണ് ഇക്കാര്യം വാര്‍ത്ത വിനിമയ മന്ത്രാലയം അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്. രാഷ്ട്രപതി അവാര്‍ഡ് നല്‍കുമെന്നാണ് ജേതാക്കള്‍ക്ക് നല്‍കിയ ക്ഷണക്കത്തില്‍ അറിയിച്ചിരുന്നത്.

സര്‍ക്കാറിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം നേടിയ 68 പേര്‍ അവാര്‍ഡ് നല്‍കുന്ന ചടങ്ങ് ബഹിഷ്‌കരിച്ചത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഭൂരിഭാഗം പുരസ്‌കാര ജേതാക്കളും ചടങ്ങ് ബഹിഷ്‌കരിച്ചപ്പോള്‍ ഗായകന്‍ യേശുദാസും സംവിധായകന്‍ ജയരാജും ചടങ്ങില്‍ പങ്കെടുത്ത് പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.

Scroll To Top