Thursday September 21, 2017
Latest Updates

ദേശീയ അവാര്‍ഡ് പട്ടികയില്‍ ആമിറിനും ഷാഹിദിനുമൊപ്പം മമ്മൂട്ടിയും

ദേശീയ അവാര്‍ഡ് പട്ടികയില്‍ ആമിറിനും ഷാഹിദിനുമൊപ്പം മമ്മൂട്ടിയും

ദേശീയ അവാര്‍ഡിനായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ മലയാളത്തില്‍നിന്ന് മമ്മൂട്ടിയും. മലയാള ചിത്രം മുന്നറിയിപ്പിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം നല്‍കാന്‍ പരിഗണിക്കുന്നത്. പതിനൊന്ന് മലയാള സിനിമകളാണ് പ്രാദേശിക ജൂറി കേന്ദ്രജൂറിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. ആകെ എണ്‍പത് ചിത്രങ്ങളാണ് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി മത്സരിക്കുന്നത്.

പികെ എന്ന സിനിമയിലെ പ്രകനടത്തിന് ആമിര്‍ഖാനും,ഹൈദര്‍ എന്ന ചിത്രത്തിലെ പ്രകടത്തിന് ഷാഹിദ് കപൂറുമാണ് മമ്മൂട്ടിക്കൊപ്പം മികച്ച നടനാകാന്‍ മത്സരിക്കുന്നത്. മലയാളത്തില്‍ ചലനം സൃഷ്ടിച്ച സിനിമകളില്‍ ഒന്നാണ് മുന്നറിയിപ്പ്. ഈ സിനിമയിലെ സി.കെ. രാഘവന്‍ എന്ന മമ്മൂട്ടി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു.

മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി ക്വീനിലെ അഭിനയത്തിന് കങ്കണാ റാണോട്ടും മേരി കോമിലെ അഭിനയത്തിന് പ്രിയങ്കാ ചോപ്രയുമാണ് മത്സരിക്കുന്നത്.

മലയാളത്തില്‍ നിന്നുള്ള 11 ചിത്രങ്ങളില്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്, ജയരാജ് ചിത്രം ഒറ്റാല്‍, സനല്‍കുമാര്‍ ശശിധരന്റെ ഒരാള്‍പൊക്കം, കെ മുഹമ്മദ് കോയ സംവിധാനം ചെയ്ത അലിഫ്, എം പത്മകുമാറിന്റെ ജലം, സലിംകുമാര്‍ സംവിധാനം ചെയ്ത കമ്പാര്‍ട്ട്‌മെന്റ്, പ്രിയനന്ദനന്റെ ഞാന്‍ നിന്നോട് കൂടെയുണ്ട്, സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍, പത്മകുമാറിന്റെ മൈ ലൈഫ് പാര്‍ട്ണര്‍, രഞ്ജിത് ചിത്രം ഞാന്‍ എന്നിവയുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സ് ആണ് ജനപ്രിയ വിഭാഗത്തില്‍ റീജനല്‍ ജൂറി കേന്ദ്രജൂറിക്ക് മുന്നില്‍ സമര്‍പ്പിച്ച ചിത്രം.

 

 

Scroll To Top