Monday May 29, 2017
Latest Updates

തെെറോയിഡ് ക്യാന്‍സര്‍ മണത്തറിയാന്‍ ഈ നായക്ക് കഴിയും

തൈറോയിഡ് ക്യാന്‍സറിനെ തിരിച്ചറിയാനുള്ള കഴിവ് നായക്കുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. എല്ലാ നായകള്‍ക്കും ഈ കഴിവില്ല. ഫ്രാങ്കി എന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡിന് മാത്രമാണ് ഈ കഴിവ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു പക്ഷെ മറ്റും നായകള്‍ക്കുമുണ്ടായിരിക്കാം. വിശദമായ പഠനം നടത്തിയാല്‍ മാത്രമെ അത് കണ്ടെത്താന്‍ സാധിക്കുകയുള്ളു. അര്‍ക്കന്‍സാസ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഫ്രാങ്കിയുടെ കഴിവിനെ തിരിച്ചറിഞ്ഞിരിക്കുന്നത്.

നായയെക്കൊണ്ട് യൂറീന്‍ സാമ്പിള്‍ മണപ്പിച്ചാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. തൈറോയിഡ് ക്യാന്‍സറിന്റെ അണുക്കള്‍ ഉണ്ടെങ്കില്‍ അത് ഗവേഷകരെ അറിയിക്കാന്‍ നായക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ട്യൂമര്‍ സാന്നിധ്യം മണത്തറിഞ്ഞാലുടന്‍ നിലത്ത് കിടക്കും, പ്രശ്‌നമൊന്നുമില്ലെങ്കില്‍ കാര്യമാക്കാതെ സ്വന്തം പാട് നോക്കി പോകും. 34 പേരില്‍ ഫ്രാങ്കിയെ ഉപയോഗിച്ച് പരിശോധന നടത്തി. ഇതില്‍ 88 ശതമാനവും ഫലം കൃത്യമായിരുന്നു.

നായകള്‍ക്ക് ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനുളള കഴിവുണ്ടെന്ന് സമര്‍ഥിക്കുന്ന വാര്‍ത്തകള്‍ നേരത്തെയും വന്നിട്ടുണ്ട്.  നേരത്തെ, സ്‌റ്റോക്ടണില്‍ നിന്നുളള ജോസി കോണ്‍ലാന്‍ എന്ന 46 കാരിയെ ക്യാന്‍സറില്‍ നിന്ന് വളര്‍ത്തുനായ രക്ഷിച്ചത് വാര്‍ത്തയായിരുന്നു. നായ അവരുടെ മാറിടത്തില്‍ മാന്തുകയും തുടര്‍ച്ചയായി വിചിത്രശബ്ദങ്ങള്‍ കേള്‍പ്പിക്കുകയും ചെയ്തതു മൂലമായിരുന്നു അവര്‍ ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്. പരിശോധനയില്‍ അവര്‍ക്ക് സ്തനാര്‍ബുദമുണ്ടെന്നും അത് മൂന്നാം ഘട്ടത്തിലെത്തിയെന്നും മനസ്സിലാകുകയും ഉടനടി ശസ്ത്രക്രിയക്ക് വിധേയയാവുകയുമായിരുന്നു.

 

Scroll To Top