Sunday September 23, 2018
Latest Updates

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയ്‌ക്കെതിരെ അയര്‍ലണ്ടിലെ തമിഴ് മക്കള്‍ ഇന്ത്യന്‍ എംബസിയ്ക്ക് മുമ്പില്‍ ധര്‍ണാസമരം നടത്തി 

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയ്‌ക്കെതിരെ അയര്‍ലണ്ടിലെ തമിഴ് മക്കള്‍ ഇന്ത്യന്‍ എംബസിയ്ക്ക് മുമ്പില്‍ ധര്‍ണാസമരം നടത്തി 

ഡബ്ലിന്‍:തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പുസംസ്‌കരണ യൂണിറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ടുള്ള സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അയര്‍ലണ്ടിലെ തമിഴ് മക്കള്‍ ഇന്ത്യന്‍ എംബസിയ്ക്ക് മുമ്പില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശികള്‍ ആവേശപൂര്‍വ്വമാണ് പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തത്.കഴിഞ്ഞ ദിവസം പെയ്ത പെരുംമഴയത്തും കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം സമരക്കളത്തില്‍ ഇറങ്ങിയ തമിഴ് മക്കളുടെ പോരാട്ടവീര്യം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.

പ്രദേശവാസികള്‍ 55 ദിവസമായി നടത്തിവരുന്ന സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും സമരക്കാര്‍ ആരോപിച്ചു.മറ്റൊരു ഭോപ്പാല്‍ ആവര്‍ത്തിക്കാതിരിക്കണമെന്നും പ്ലാന്റ് അടച്ചുപൂട്ടണമെന്ന് അയര്‍ലണ്ടിലെ തമിഴ് കമ്യൂണിറ്റി ആവശ്യപ്പെട്ടു.

പ്ലാന്റിനെതിരെ തമിഴ്നാട്ടില്‍ ഒരു വിഭാഗം ഗ്രാമീണര്‍ നിരാഹാരസമരത്തിലാണ്. പ്രദേശത്തുള്ള ഐടിഐയിലെയും വിവിധ കോളജുകളിലെയും വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചാണ് പ്രക്ഷോഭത്തില്‍ അണിനിരക്കുന്നത്. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. തൂത്തുക്കുടിയിലെ കുമാര റെഡ്ഡിയാര്‍പുരത്താണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.ഇതിനെതിരേ കാലങ്ങളായി പ്രദേശവാസികള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കമ്പനിയുടെ പുതിയ യൂണിറ്റുകളുടെ നിര്‍മാണം സമീപത്തുതന്നെ ആരംഭിച്ചത്. ഇതോടെയാണ് വീണ്ടും സമരം ശക്തമായത്.

പ്ലാന്റില്‍നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ കൃഷിയെ ബാധിക്കുന്നുവെന്നും വെള്ളവും വായുവും മലിനമാക്കുന്നുവെന്നും സമരക്കാര്‍ ആരോപിക്കുന്നു. പലരും ശ്വാസകോശരോഗങ്ങളും ചര്‍മരോഗങ്ങളും പിടിപെട്ട് ചികിത്സ തേടുന്നുണ്ട്. സര്‍ക്കാരും മലിനീകരണനിയന്ത്രണ ബോര്‍ഡും മുറവിളികള്‍ക്കുനേരെ മുഖംതിരിക്കുകയാണ്- സമരക്കാര്‍ ആരോപിച്ചു.

Scroll To Top