Sunday September 24, 2017
Latest Updates

തുല്യം വയ്ക്കാനില്ലാത്ത വിപ്ലവവീര്യം

തുല്യം വയ്ക്കാനില്ലാത്ത വിപ്ലവവീര്യം

സാഹസികനായ വിപ്ലവകാരി, ആരുടെ മുന്നിലും കുനിക്കാത്ത ശിരസ്സ്, ഉറച്ച ജീവിത മാതൃക, അങ്ങനെ ഒരു ജന്മം. അതാണ് അന്തരിച്ച എം വി രാഘവന്‍ എന്ന സഖാവ് എം.വി.ആര്‍. ചില ചരിത്രങ്ങള്‍ കാലം ആവര്‍ത്തിക്കും.ഇവിടെ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ താദാത്മ്യം പ്രാപിച്ച്, ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുമ്പോള്‍ എം.വി.ആര്‍ ചെയ്തത് മറ്റൊന്നല്ല. ചരിത്രത്തില്‍ ഒരു വിപ്ലവകാലം എഴുതിച്ചേര്‍ത്താണ് സഖാവിന്റെ യാത്ര.

ബാല്യവും, കൌമാരവും, അതിതീഷ്ണ യൌവ്വനവും, വാര്‍ദ്ധക്യം യൌവ്വനമാക്കിയും അദ്ദേഹം കമ്മ്യൂണിസ്റ്റായി. സമരങ്ങള്‍ എല്ലാ തരത്തിലും അദ്ദേഹത്തിലെ കമ്മ്യൂണിസ്റ്റിനെ സ്ഫുടം ചെയ്തുകൊണ്ടിരുന്നു. സി.പി.എം പോലെ കേരളത്തിലെ വലിയ വിപ്ലവപ്രസ്ഥാനത്തിനു മുന്നില്‍ മുട്ടുമടക്കാതെ എം.വി.ആറിലെ വിപ്ലവകാരി കേരളമാകെ ഓടിനടന്നു. ഉയര്‍ന്ന ചിന്ത, ലക്ഷ്യം സാക്ഷത്കരിക്കാന്‍ ഉള്ള തന്റേടം. ഉറച്ച കാല്‍വയ്പ്പ്, അടിപതറാത്ത വിശ്വാസം ഇതൊക്കെ അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ടായിരുന്നു. സിപിഎമ്മും സിഎംപിയും അദ്ദേഹത്തിന് രണ്ടായിരുന്നില്ല. ഏതു പ്രതിസന്ധിയിലും ഉണര്‍ന്നിരിക്കാനും, ലക്ഷ്യം നിറവേറ്റാനും അദ്ദേഹത്തിന് സ്വതസിദ്ധമായ, വേറിട്ട ഒരു കഴിവുതന്നെ ഉണ്ടായിരുന്നു.

1984 എസ്സ് എഫ് ഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തു നടക്കുമ്പോള്‍ കൊടിമരജാഥ ചിറ്റാറില്‍ സഖാവ് എം എസ്സ് പ്രസാദിന്റെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കൊണ്ടു പോകാന്‍ തീരുമാനിച്ചിരുന്നു. ചിറ്റാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതുമൂലം കൂട്ടം കൂടി നില്‍ക്കല്‍, പ്രകടനം നടത്തല്‍, യോഗം ചേരല്‍ എന്നിവ നിരോധിച്ചിരുന്ന കാലം. നിരോധനാജ്ഞ നിലനില്‍ക്കെതന്നെ പരിപാടി സംഘടിപ്പിക്കുവാന്‍ എംവി.ആര്‍ നേരത്തെയെത്തി.കൊടിമരജാഥ ഉദ്ഘാടനം ചെയ്യുന്നത് കേരള നിയമസഭയിലെ ഗര്‍ജ്ജിക്കുന്ന സിംഹമാണെന്നറിഞ്ഞ് വലിയ നിര പോലീസ് ചിറ്റാറില്‍ അണിനിരന്നു.

അവരുടെയെല്ലാം മുന്നിലൂടെ വിപ്ലവപ്രസ്ഥാനത്തിനു യോജിച്ച തരത്തില്‍ തന്നെ കൊടിമരജാഥയുമായി എം.വി.ആര്‍ കടന്നുപോയി.ജാഥക്ക് വലിയ സ്വീകരണമാണ് അന്നു ലഭിച്ചത്.മാറ്റിവക്കേണ്ടിവരും എന്നു വിചാരിച്ച ഒരു പരിപാടി അതിസാഹസികനായ ഒരു നേതാവിന്റെ കരുത്തില്‍ സംഘടിപ്പിച്ച കഥ സി.പി.ഐ.എം ഏരിയ സെക്രട്ടറിയും എം എസ്സ് പ്രസാദിന്റെ സഹോദരനുമായ എം എസ്സ് രാജേന്ദ്രന്‍ ഇന്നും വിപ്ലവവീര്യത്തോടെ ഓര്‍ത്തിരിക്കുന്നു.

ധീരനായപോരാളിയെപ്പോലെ കേരളമാകെ പൊരുതിയെങ്കിലും പത്തനംതിട്ടയുടെ മണ്ണില്‍ അദ്ദേഹത്തിന് കരുത്തു നഷ്ടപ്പെട്ടു.പ്രതിഷേധങ്ങളുടെ നടുവില്‍ നിശ്ചയിച്ച പരിപാടിയില്‍ നിന്ന് പിന്തിരിഞ്ഞ്, സ്റ്റേജില്‍ എത്താന്‍ കഴിയാതെ അദ്ദേഹത്തിനു തിരിച്ചുപോകേണ്ടിവന്നത് പത്തനംതിട്ടയില്‍ മാത്രം.അടൂരില്‍ നിശ്ചയിച്ച പരിപാടി റദ്ദുചെയ്തു.ആറന്മുളയില്‍ മത്സരിച്ച പരാജയമറിഞ്ഞു.അങ്ങിനെ എല്ലാതരത്തിലും പത്തനംതിട്ട അദ്ദേഹത്തെ കൈവിട്ടു. ഒരുകാലത്തെ പത്തനംതിട്ടക്കാരുടെ പ്രിയനേതാവായിട്ടുകൂടി.എങ്കിലും എപ്പോളും പാര്‍ട്ടിക്കരുടേയും, സഖാക്കളുടേയും വിളിപ്പുറത്തുണ്ടായിരുന്നു എംവി.ആര്‍.

പ്രതികരിക്കേണ്ടയിടത്തു പ്രതികരിക്കാനും, പറയേണ്ടതു പറയാനും അദ്ദേഹം കാട്ടിയ ധീരത കേരളത്തിലെ, ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ധൈര്യം പകര്‍ന്നുനല്‍കി.അദ്ദേഹത്തിന്റെ പാതപറ്റി പാര്‍ട്ടി വിട്ടവരെ കേരളത്തിലെ വലിയ വിപ്ലവപ്രസ്ഥാനംകൈകാര്യം ചെയ്യുന്നരീതി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന കാലത്ത്, എംവിആര്‍ എന്നും മാതൃകതന്നെയാകുന്നു.താന്‍ തുടങ്ങിവച്ച വിപ്ലവപാത ആരുപിന്തുടരുമെന്ന് വലിയ ചോദ്യം അവശേഷിപ്പിച്ചാണ് എംവിആര്‍ മറയുന്നത്.തുല്യംവക്കാനില്ലാത്ത വിപ്ലവവീര്യത്തിന്റെ ഉടമക്ക് ആരുപകരമാകും?

കാലത്തിന്റെ പലകപ്പുറത്ത് ആഴത്തില്‍ എഴുതിച്ചേര്‍ത്ത ചരിത്രവുമയാണ് ആ വിപ്ലവകാരി മറയുന്നത്. എം.വി.ആര്‍ എന്ന ധീരതക്കുമുന്നില്‍ ശിരസ്സുനമിക്കാതെ വയ്യ.

‘വിപ്ലവം, ജീവിത വിപ്ലവം, എന്നന്ത്യ വിപ്ലവാശംസ സഖവേ…
എന്‍മുന്നിലേക്ക് ഒരു തുള്ളി തെറിച്ചുവീണൊന്നു മിനുങ്ങിക്കുറുകി
ഇന്നുമതിന്റെ ചൂടെന്നിലുണ്ട് ഉണ്ടാകുമെന്നും, ഒരുതുള്ളിരക്തം’
വയലാര്‍ (ഒരുതുള്ളി രക്തം)

രാജന്‍ ചിറ്റാര്‍ 


Scroll To Top