Sunday February 26, 2017
Latest Updates

തീരങ്ങളില്‍ ആശങ്ക തുടരുന്നു:മുള്ളിംഗറിലും ,ലാഹിന്‍ച്ചിലും സംരക്ഷണ ഭിത്തികള്‍ കടലെടുത്തു

തീരങ്ങളില്‍ ആശങ്ക തുടരുന്നു:മുള്ളിംഗറിലും ,ലാഹിന്‍ച്ചിലും സംരക്ഷണ ഭിത്തികള്‍ കടലെടുത്തു

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ എമ്പാടും കനത്ത കാറ്റും തിരമാലകളുടെ ആക്രോശവും തുടരുകയാണ്.പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണ് മിക്ക സ്ഥലങ്ങളിലും ഉള്ളതെങ്കിലും കാറ്റ് മാത്രം ചില സമയങ്ങളില്‍ രൗദ്രഭാവത്തിലാഞ്ഞടിക്കുന്നു .
അയര്‍ലണ്ടിലെ ചില തീരപ്രദേശങ്ങളിലെങ്കിലും ഇതിനിടയില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് സഹായമെത്തിക്കാന്‍ പോലുമാകാതെ നിസ്സഹായരാവാനെ ഗാര്‍ഡയ്ക്കും അഗ്‌നി ശമന സേനാംഗങ്ങള്‍ക്കും മറ്റ് ജനങ്ങള്‍ക്കും സാധിക്കുന്നുള്ളു.
പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ആറോളം കുടുംബങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. ഇപ്പോള്‍ കാറ്റും തിരമാലകളും ശക്തിയായ രീതിയില്‍ ഇവരെ ആക്രമിക്കുന്നില്ലെങ്കിലും പുറമേ നിന്ന് യാതൊരു സഹായവും ലഭിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കുടുംബങ്ങള്‍. ഈ പ്രദേശങ്ങളിലേക്ക് ഭക്ഷണങ്ങളും മറ്റും എത്തിക്കുന്നതിനായി പലരും വിളിച്ച് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഈ പ്രദേശത്തേക്ക് പോകേണ്ടുന്ന റോഡുകളും വഴികളും മറ്റും തടസപ്പെട്ടിരിക്കുന്നതിനാല്‍ ആര്‍ക്കും അവിടേക്ക് എത്തിച്ചേരാനും സാധിക്കുന്നില്ല.

ക്ലെയറിലെ ലൂപ് ഹെഡ് ഭാഗത്തേക്കുള്ള റോഡുകള്‍ തകര്‍ന്നതില്‍പിന്നെ ഈ പ്രദേശങ്ങളിലേക്കുള്ള ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിതരണവും മുടങ്ങിയിരിക്കുകയാണ്.

സ്ലൈഗോയിലെ മുല്ലിഗ്മോറില്‍ 40 അടിയോളം ഉയരത്തില്‍ വീശിയടിച്ച പ്രളയത്തിരമാലകള്‍ വരുത്തിയിരിക്കുന്നത് ലക്ഷക്കണക്കിന് യൂറോയുടെ നഷ്ടങ്ങളാണ്. കടല്‍ ക്ഷോഭത്തില്‍ നിന്നും കരയെ രക്ഷിക്കാനുള്ള ഭിത്തികളും മതിലുകളും റോഡുകളും എല്ലാം തന്നെ കടലെടുത്ത് അവസ്ഥയിലാണ്.

ഡബ്ലിനിലെ ഹൗത്തില്‍ വച്ച് തിരമാലകളുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഭാഗ്യത്തിന് ഒഴുക്കില്‍പ്പെടാതെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വിവരിച്ചത്.

പടിഞ്ഞാറന്‍ തീരങ്ങളിലും തെക്കന്‍ തീരങ്ങളിലുമാണ് ക്രിസ്റ്റീന്റെ ആക്രമണം രൂക്ഷമായി തുടര്‍ന്നത്. പല പ്രദേശങ്ങളും ശക്തമായ തിരമാലകള്‍ ആഞ്ഞടിക്കുന്നതിനും ഇത് കാരണമായി. ഏറ്റവും ആശങ്കാകരമായി തുടരുന്ന അവസ്ഥ ഇനിയും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് ഈ പ്രദേശങ്ങളില്‍ പ്രതീക്ഷിക്കാമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പാണ്.

ശക്തമായ തിരമാലകളുടെയും വേലിയേറ്റത്തിന്റെയും കടല്‍ ക്ഷോഭത്തിന്റെയും ആക്രമണത്തില്‍ ക്ലെയര്‍ തീരപ്രദേശത്തുള്ള ഒട്ടനവധി വീട്ടുകാരും ബിസിനസ് സ്ഥാപനങ്ങളും ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ലാഹിഞ്ചില്‍ കടല്‍ ഭിത്തിയുടെ വലിയൊരു ഭാഗം തന്നെ കടലാക്രമണത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കടല്‍ ഭിത്തി ഇല്ലായിരുന്നെങ്കില്‍ ലാഹിഞ്ച് തീരത്തുള്ള മുഴുവന്‍ കെട്ടിടങ്ങളും മറ്റും കടലില്‍ പോയേനെയെന്നാണ് ഐറിഷ് ഹോട്ടല്‍ ഫെഡറേഷന്‍ പ്രസിഡണ്ടും ലാഹിഞ്ചിലെ ഹോട്ടല്‍ ഉടമയുമായ മൈക്കല്‍ വോഗന്‍ പറഞ്ഞത്.

ഡൂലിനില്‍ ചെറിയ രീതിയിലായാലും വെള്ളം നിറയാന്‍ കാരണമായത് ശക്തമായ തിരമാലകള്‍ തന്നെയായിരുന്നു.

കോസ്റ്റ് ഗാര്‍ഡിന്റെ കീഴിലുള്ള പഴയ കെട്ടിടത്തില്‍ ഉയരത്തില്‍ വെള്ളം കയറിയെങ്കിലും കെട്ടിടത്തെ കടലെടുത്തില്ല. ഇവിടെനിന്നും കടല്‍പ്പാലത്തിലേക്ക് പോകുന്ന റോഡും തകര്‍ന്ന അവസ്ഥയിലാണുള്ളത്.

ഗാല്‍വേയിലെയും വെക്‌സ്‌ഫോര്‍ഡിലെയും കോര്‍ക്കിലെയും തീരപ്രദേശങ്ങളില്‍ ഇന്നലെയും ശക്തമായ തിരമാലകള്‍ തന്നെയാണ് കാണപ്പെട്ടത്. ഡബ്ലിന്റെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തിന് ഇരയായി

4000ത്തോളം വീടുകളിലാണ് വൈദ്യുതി തടസപ്പെട്ടിരിക്കുന്നത്. 11,000ത്തോളം നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി എയര്‍കോമും അറിയിച്ചു.

ഗാല്‍വേ, മായോ, സ്ലൈഗോ, ഡൊണഗല്‍, കാര്‍ലോ, കില്‍ക്കെന്നി, വാട്ടര്‍ഫോര്‍ഡ് എന്നീ പ്രദേശങ്ങളിലാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ആരന്‍ ഐല്‍ഡിലുള്ള ഐനിസ് ഒയറിലുള്ള ലൈറ്റ്ഹൗസിന്റെ മതില്‍ തിരമാലകളില്‍പ്പെട്ട് തകര്‍ന്നിരുന്നു.

ശക്തമായ അറ്റ്‌ലാന്റിക് തിരമാലകളുടെ ആക്രമണവും കാറ്റും മഴയും എല്ലാം തന്നെ റോഡുകളുടെ അവസ്ഥ പരിതാപകരമാക്കിയിരിക്കുകയാണെന്നും െ്രെഡവര്‍മാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പു നല്‍കുന്നുണ്ട്.

പല റോഡുകളും അപകടാവസ്ഥ മുന്‍നിര്‍ത്തി അടക്കപ്പെടുമെന്നും അതിനാല്‍ തന്നെ അറിയിപ്പുകളും സൈന്‍ ബോര്‍ഡുകളും ശ്രദ്ധിച്ചു മാത്രമേ വാഹനങ്ങള്‍ഓടിക്കാന്‍ പാടുള്ളൂവെന്നും ആര്‍എസ്എ അറിയിച്ചു.

തീരപ്രദേശങ്ങള്‍ ആശങ്കയില്‍ ആണെങ്കിലും മറ്റു ഭാഗങ്ങളില്‍ ജനജീവിതത്തെ കാലാവസ്ഥ കാര്യമായി ബാധിക്കുന്നേയില്ല എന്ന പ്രത്യേകതയും അയര്‍ലണ്ടില്‍ ഇപ്പോഴുണ്ട്.ബ്രിട്ടന്റെ ചില ഭാഗങ്ങളിലും സമാനമായ കാലാവസ്ഥ തുടരുകയാണ്

Scroll To Top