Tuesday September 25, 2018
Latest Updates

തിരുവനന്തപുരത്ത് നടന്നത് ടി പി വധത്തിലും ക്രൂരമായ കൊലപാതകം, ചോരപ്പുഴയൊഴുക്കി തലസ്ഥാന നഗരം 

തിരുവനന്തപുരത്ത് നടന്നത് ടി പി വധത്തിലും ക്രൂരമായ കൊലപാതകം, ചോരപ്പുഴയൊഴുക്കി തലസ്ഥാന നഗരം 

തിരുവനന്തപുരം : ടിപി ചന്ദ്രശേഖരന്‍ വധത്തിലും ക്രൂരമായ കൊലപാതകമാണ് ഇന്നലെ തിരുവനന്തപുരത്ത് അരങ്ങേറിയ രാജേഷ് വധം.

ചന്ദ്രശേഖരന്റെ ദേഹത്തുണ്ടായിരുന്നതുപോലെ നാല്പതോളം വെട്ടുകളാണ് രാജേഷിന്റെ ദേഹത്തും ഉണ്ടായിരുന്നത്.

അതിലുപരി രാജേഷിനെ ക്രൂരമായി വെട്ടി വീഴ്ത്തിയ ശേഷം കൈ വെട്ടിയെടുത്ത് അടുത്ത പറമ്പിലേക്ക് എറിയുകയായിരുന്നു. ഇത്രയും ക്രൂരത ഒരുപക്ഷേ, ടിപിയോടു കാട്ടിയില്ലെന്നു പറയാം.

ആര്‍എസ്എസ് ശാഖ കഴിഞ്ഞ് വീട്ടിലേക്കുപോകും വഴിയായിരുന്നു ശ്രീകാര്യം ഇടവക്കോട് ശാഖാ കാര്യവാഹ് രാജേഷ് (34) ആക്രമിക്കപ്പെട്ടത്.

ബൈക്കിലും ഓട്ടോയിലുമായി എത്തിയ പതിനഞ്ച് പേര്‍ അടങ്ങുന്ന സംഘം രാത്രി ഒമ്പത് മണിയോടെയാണ് രാജേഷിനെ വളഞ്ഞിട്ട് ആക്രമിച്ചത്. കൈവെട്ടിമാറ്റി സമീപത്തെ പറമ്പില്‍ എറിയുകയായിരുന്നു.

വീട്ടിലേക്കു പാല്‍ വാങ്ങുന്നതിനായി വിനായക നഗറിലെ ഗൗരി സ്റ്റോറില്‍ കയറിയ വേളയിലായിരുന്നു അക്രമിസംഘം എത്തിയത്. കടയുടെ മുന്നിലിട്ടാണ് വെട്ടിയത്.

മാരകായുധങ്ങളുമായി എത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് രാജേഷിനെ വെട്ടിയത്.

ആദ്യ വെട്ടില്‍ തന്നെ രാജേഷ് നിലത്തു വീണിരുന്നു. പിന്നെയും വെട്ടാനാഞ്ഞപ്പോള്‍ തൊഴുതുകൊണ്ടു നിലവിളിച്ചു. അപ്പോഴാണ് കൈയില്‍ വെട്ടുകൊണ്ടത്. വെട്ടേറ്റ് ഒരു കൈ താഴെ വീണു. മറ്റേ കൈയില്‍ ആഴത്തില്‍ മുറിവുമുണ്ടായി. വെട്ടേറ്റു വീണ കൈയാണ് അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞത്.

വെട്ടേറ്റു വീണ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാതിരുന്നതാണ് മരണകാരണമായത്. വെട്ടേറ്റു രക്തം വാര്‍ന്നു കിടന്ന രാജേഷിനെ ശ്രീകാര്യം പൊലീസ് എത്തിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഗുരുതര സംഭവമായതിനാല്‍ നാട്ടുകാര്‍ യുവാവിനെ നേരിട്ട് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിമുഖത കാട്ടി.

ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ നിഷ്ഠുരമായി വട്ടിക്കൊന്ന കേസിലെ ആറു പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

ശ്രീകാര്യം സ്വദേശി മണികണ്ഠന്‍, കരുമ്പുകോണം സ്വദേശികളായ പ്രമോദ്, ഗിരീഷ്, മഹേഷ് എന്നിവരടക്കം ആറു പേര്‍ പിടിയിലായത്.

ഇവര്‍ക്ക് അക്രമവുമായി നേരിട്ട് ബന്ധമുണ്ട്. കൊലപാതക സംഘത്തില്‍ ഇവരുണ്ടായിരുന്നുവെന്ന് ബിജെപി നേതൃത്വം ഇന്നലെ തന്നെ പറഞ്ഞിരുന്നു.

പ്രതികളെ ഐജി: മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ ചോദ്യം ചെയ്യുകയാണ്. കാട്ടാക്കടയ്ക്ക് സമീപത്തുനിന്ന് പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ പൊലീസ് കണ്ടെത്തി.

മുന്‍വിധികളില്ലാതെയാണ് അന്വേഷണം. പ്രതികള്‍ക്ക് വാഹനം സംഘടിപ്പിച്ചു നല്‍കിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

പടിയിലായവരെ കൂടാതെ തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 13 പേരെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ടെന്നും മനോജ് എബ്രഹാം വെളിപ്പെടുത്തി.

രാജേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കിംസ് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി പരിസരത്ത് ആര്‍എസ്എസ്-ബി ജെപി അനുഭാവികളുടെ വന്‍ സംഘമാണ് തടിച്ചുകൂടിയിട്ടുള്ളത്.

രാജേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് പുരോഗമിക്കുകയാണ്.

ഇത്രയും ക്രൂരമായ കൊലപാതകങ്ങള്‍ തിരുവനന്തപുരത്തിന് അപരിചിതമാണ്. ഇതുവരെ ഇവിടെ നടന്നിരുന്നത് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക ആക്രമണങ്ങള്‍ മാത്രമായിരുന്നു. ഗുണ്ടാ സംഘങ്ങളെ പൊലീസ് സമര്‍ത്ഥമായി തമ്മില്‍ തല്ലിച്ചും ശേഷിച്ചവരെ പിടിച്ച് അകത്തിട്ടും പ്രശ്നങ്ങള്‍ ഏതാണ്ട് ഇല്ലാതാക്കിയപ്പോഴാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രമായി തിരുവനന്തപുരം മാറാന്‍ തുടങ്ങിയിരിക്കുന്നത്.

Scroll To Top