Thursday February 22, 2018
Latest Updates

താമസക്കാരെ ഒഴിപ്പിക്കാനുള്ള വള്‍ച്ചര്‍ ഫണ്ടുകളുടെ നീക്കം അസാധു,  വിജയിച്ചത് അയര്‍ലണ്ടിലെ മലയാളികള്‍ അടക്കമുള്ളവരുടെ നിലപാടുകള്‍ 

താമസക്കാരെ ഒഴിപ്പിക്കാനുള്ള വള്‍ച്ചര്‍ ഫണ്ടുകളുടെ നീക്കം അസാധു,  വിജയിച്ചത് അയര്‍ലണ്ടിലെ മലയാളികള്‍ അടക്കമുള്ളവരുടെ നിലപാടുകള്‍ 

ഡബ്ലിന്‍:മലയാളികള്‍ അടക്കമുള്ള വാടകക്കാരെ കുടിയൊഴിപ്പിക്കാനുള്ള ഹൗസിംഗ് ഏജന്‍സിയുടെ ശ്രമം താമസക്കാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പരാജയപ്പെട്ടു.ഡണ്‍ലേരി സെന്റ് ഹെലെന്‍സ് കോര്‍ട്ട് അപ്പാര്‍ട്ട്മെന്റില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള വാള്‍ചര്‍ ഫണ്ടുകളുടെ ശ്രമമാണ് താമസക്കാരുടെ നിരന്തരമായ എതിര്‍പ്പിനെയും,പരാതിയെയും തുടര്‍ന്ന് നടപ്പാകാതെ പോയത്.

സെന്റ് ഹെലന്‍സ് കോര്‍ട്ടിലെ 17 വീടുകള്‍ ഒഴിപ്പിക്കാനുള്ള ലീസ് ടെര്‍മിനേഷന്‍ നോട്ടീസ് അസാധുവാണെന്ന് റസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് കഴിഞ്ഞ ദിവസമാണ് വിധിച്ചത്.

കെട്ടിടത്തിന്റെ നടത്തിപ്പുകാരായ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റിനും ഡോച്ചെ ബാങ്കിനും വേണ്ടി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപനമായ പി ഡബ്ല്യു സി ആണ് ടര്‍മിനേഷന്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

പുതിയ സാഹചര്യത്തില്‍ റസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് ഈ പ്രശ്‌നത്തില്‍ നിയമപരമായുള്ള അന്തിമ തീരുമാനത്തിലെത്തുകയോ അല്ലെങ്കില്‍ ഇരു കക്ഷികളും തമ്മില്‍ സന്ധിയില്‍ എത്തുകയോ ചെയ്തേക്കും.

റസിഡന്‍ഷ്യല്‍ കോംപ്ലക്സ് പുതുക്കിപ്പണിയുന്നതിനായി നിലവിലുള്ള താമസക്കാര്‍ ഒഴിയണമെന്ന് കഴിഞ്ഞ വര്‍ഷമാണ് പി ഡബ്ല്യു സി ആവശ്യപ്പെട്ടത്. വീടുകള്‍ വീണ്ടും വാടകയ്ക്ക് ലഭിക്കുമെന്ന് സ്ഥാപനം വാഗ്ദാനം നല്‍കിയിരുന്നെങ്കിലും പുതുക്കിയ കെട്ടിടത്തില്‍ കൂടുതല്‍ വാടക നല്‍കേണ്ടി വരുമെന്ന ഭയമാണ് താമസക്കാര്‍ക്കുള്ളത്.

ഒഴിപ്പിക്കല്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കാണിച്ച് 6000 ആളുകള്‍ ഒപ്പിട്ട നിവേദനം ഭവന മന്ത്രി ഓവന്‍ മര്‍ഫിയ്ക്ക് നല്‍കിയിരുന്നു.

ഡബ്ലിനില്‍ വാടകയില്‍ നാല് ശതമാനം വര്‍ധനവ് വരുത്താനെ ഉടമകള്‍ക്ക് സാധിക്കുകയുള്ളൂ. എന്നാല്‍ പുതിയ കെട്ടിടങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല. ഇതേ തുടര്‍ന്നാണ് ടെര്‍മിനേഷന്‍ നോട്ടീസ് പിന്‍വലിക്കണമെന്ന് കാണിച്ച് താമസക്കാര്‍ ആര്‍ടിബിയ്ക്ക് അപ്പീല്‍ നല്‍കിയത്.

ഡബ്ലിനിലെ ഡണ്‍ലേരിയിലെ മൂന്നു മലയാളി കുടുംബങ്ങളടക്കം വാടകയ്ക്കു കഴിയുന്ന 17 കുടുംബങ്ങളെ കടപുഴക്കി മാറ്റി വീടു വിട്ടുപോകാന്‍ നോട്ടീസ് നല്‍കിയ ആഗോളക്കുത്തക കമ്പനികളുടെ മനുഷ്യത്വരഹിതമായ തീരുമാനത്തിനെതിരെയുള്ള സമരങ്ങള്‍ പരക്കെ മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നു.കേസിനായി പൊരുതുമ്പോള്‍ തന്നെ മൂന്നു മലയാളി കുടുംബങ്ങളും സെന്റ് ഹെലന്‍സില്‍ നിന്നും മാറി താമസിച്ചിരുന്നു.

RELATED NEWS:ഡബ്ലിനില്‍ മലയാളികളടക്കം 17 കുടുംബങ്ങള്‍ പെരുവഴിയിലേക്ക്, കുത്തക കമ്പനികള്‍ പണി തുടങ്ങി…വാടകക്കാരോട് അടിയന്തരമായി ഒഴിവാക്കണമെന്ന് വള്‍ച്ചര്‍ ഫണ്ടുകള്‍,ജനകീയ പ്രതിഷേധം ശക്തമാകുന്നു

http://www.irishmalayali.ie/protest-st-helens-court-issue/

Scroll To Top