Monday February 27, 2017
Latest Updates

താമരശ്ശേരി അരമനയില്‍ പിണറായി വിജയന്‍ പോയതിന്റെ പിന്നാമ്പുറങ്ങള്‍

താമരശ്ശേരി അരമനയില്‍ പിണറായി വിജയന്‍ പോയതിന്റെ പിന്നാമ്പുറങ്ങള്‍

തിരുവാമ്പാടി :താമരശ്ശേരി ബിഷപ്പായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പള്ളിയെ ‘നികൃഷ്ട ജീവി എന്ന് വിളിച്ചു കത്തോലിക്കാ സഭയുടെ ഏതിര്‍പ്പ് ഏറ്റുവാങ്ങിയ സി പി എം സംസ്ഥാന സെക്രട്ടറി പിന്നറായി വിജയന്‍ ഇന്നലെ അതേ താമരശേരിയില്‍ എത്തി അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടത് കൌതുകമുണര്‍ത്തി
കസ്തൂരിരംഗന്റെ പേര് പറഞ്ഞാണ് എത്തിയതെങ്കിലും വിജയന്റെ മനസിലിരുപ്പ് ലോകസഭാ തിരഞ്ഞെടുപ്പില്‍ സഭയുടെ പിന്തുണ നേടാന്‍ ആയിരുന്നു എന്നറിയാന്‍ കവടി നിരത്തേണ്ട ആവശ്യമൊന്നുമില്ല.pinnarai thaamara
ബിഷപ് ചിററിലപ്പള്ളിയുടെ പിന്‍ഗാമി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയാവട്ടെ നിറഞ്ഞ ചിരിയോടെ പിന്നറായി വിജയനെ കൈപിടിച്ചു സ്വീകരിച്ചു വയറു നിറയെ ഭക്ഷണവും ,മനസു നിറയെ പ്രതീക്ഷയും നല്‍കിയാണ് മടക്കിയത്.ഇത്തവണ കോഴിക്കോട് മണ്ഡലത്തില്‍ ഒരു സീറോ മലബാര്‍ സ്ഥാനാര്‍ഥിയെ പരീക്ഷിച്ചാലോ എന്നൊരു കുസൃതി ചോദ്യവും ബിഷപ്പിനോട് പിന്നറായി ചോദിച്ചെന്നു ചില കുശാഗ്ര ബുദ്ധികള്‍ കണ്ടെത്തി .( ഷാനവാസ് ഡല്‍ഹിയില്‍ കൊണ്ടുപോയി സോണിയാമ്മയെ കാണിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ സന്തോഷമാണ് ഈ ‘ധൂര്‍ത്തപുത്രന്‍’ മടങ്ങി വന്നപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് കോടഞ്ചേരിയിലെയും ,കൂടത്തായിയിലെയും ചില ചേടത്തിമാര്‍ വരെ പറയുന്നുണ്ടത്രേ !)
പക്ഷെ ..കസ്തൂരി രംഗനെ എതിര്‍ക്കാന്‍ സീറോ മലബാറിനോളം നല്ലൊരു നേതൃത്വം വേറെയില്ലെന്ന് ഏററവും നന്നായി അറിയാവുന്നത് പിന്നറായി സഖാവിനു തന്നെയാണല്ലോ ?

‘മരത്താലെ വന്ന ദോഷം മരത്താലെ ഒഴിപ്പാനായ് ‘എന്ന പാനപ്പാട്ട് ഈണത്തില്‍ ചില കുടിയേറ്റക്കാര്‍ ഇന്നലെ പാടിയെന്നു പറഞ്ഞു കേള്‍ക്കുന്നുണ്ട് . എങ്ങനെ പാടാതിരിക്കും ചിറ്റിലപ്പള്ളി മെത്രാനെ പല്ല് കടിച്ചു പിടിച്ച് കടുപ്പത്തില്‍ പറഞ്ഞ വാചകങ്ങള്‍ക്ക് ശേഷം ലോകസഭയിലും നിയമ സഭയിലുമൊന്നും പച്ചതൊടാന്‍ ഇടതു പക്ഷത്തിനു പറ്റിയിട്ടെയില്ല. എവിടുന്നാണ് ‘ഉളുക്ക് കിട്ടിയതെന്ന് പിന്നറായിയോട് ആരോ പറഞ്ഞു കാണും .
വിശ്വാസിക്കു സി.പി.എം. അംഗമായി തുടരാനാകില്ലെന്നും പാര്‍ട്ടിക്കു സമുദായ സംഘടനകളോട് അയിത്തമില്ലെന്നും പാലക്കാട്ടു നടന്ന സി.പി.എം. സംസ്ഥാനപ്ലീനം പ്രഖ്യാപിച്ചതിനു പിന്നാലെയാണു പിണറായിയുടെ അരമനയാത്ര.

റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ബാധിക്കുന്നത് ഒരു ജാതിയെയോ മതത്തെയോ മാത്രമല്ലെന്നും അങ്ങനെ ചിത്രീകരിക്കുന്നതു ശരിയല്ലെന്നും ബിഷപ് ചൂണ്ടിക്കാട്ടി. പൊതുവായ പ്രശ്‌നമായതിനാല്‍ ഇക്കാര്യത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാമെന്നും സാധാരണക്കാരെ സംരക്ഷിക്കുന്നതിനെ മാത്രമേ സി.പി.എം. പിന്തുണയ്ക്കുകയുള്ളുവെന്നും പിണറായി വ്യക്തമാക്കി.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടു ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നപ്പോള്‍, അവര്‍ അവരുടെ നിലപാടുമായി മുന്നോട്ടുപോകട്ടെയെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കു ശക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേ കോടഞ്ചേരിയില്‍ സംഘടിപ്പിച്ച മലയോരകര്‍ഷക പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ായന്‍ പോകുമ്പോഴാണ് അദ്ദേഹം ബിഷപ്‌സ് ഹൗസില്‍ കയറിയത്. സി.പി.എം. ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, മുന്‍ എം.എല്‍.എ. ജോര്‍ജ് എം. തോമസ്, പുതുപ്പാടി ലോക്കല്‍ സെക്രട്ടറി ഗിരീഷ് ജോണ്‍ എന്നിവരും പിണറായിക്കൊപ്പമുണ്ടായിരുന്നു.

തിരുവമ്പാടി എം.എല്‍.എയായിരുന്ന മത്തായി ചാക്കോയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു നികൃഷ്ടജീവി പ്രയോഗം. 2007ല്‍ അസുഖബാധിതനായി കഴിയുകയായിരുന്ന എം.എല്‍.എയ്ക്കു രോഗശയ്യയില്‍ അന്ത്യകൂദാശ ശുശ്രൂഷ നല്‍കിയതുമായി ബന്ധപ്പെട്ടു വിവാദമുയര്‍ന്നതോടെയായിരുന്നു പിണറായി ഈ പരാമര്‍ശം നടത്തിയത്.

സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നികൃഷ്ടജീവി പ്രയോഗത്തോടു സഭ ക്ഷമിച്ചതായി ഇരുവരുടെയും കൂടി കാഴ്ച്ചയ്ക്ക് ശേഷം താമരശേരി രൂപത ഒരു പത്രക്കുറിപ്പും ഇറക്കി .ഇത്രയും കാലം സഭയ്ക്ക് ഇങ്ങേരോട് ക്ഷമിക്കാന്‍ പറ്റിയിരുന്നില്ല എന്നാണല്ലോ ഇതിന്റെ അര്‍ഥം .എന്തായാലും നന്നായി .ആറു കൊല്ലം കഴിഞ്ഞെങ്കിലും ക്ഷമിക്കാന്‍ തോന്നിയല്ലോ ? ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നപോലെ എന്ന് പറയുമ്പോള്‍ അതിനു കാലാവധിയൊന്നും തമ്പുരാന്‍ വെച്ചിട്ടില്ലല്ലോ ?എപ്പോള്‍ വേണമെങ്കിലും ക്ഷമിക്കാം .എന്തായാലും ഈ ക്ഷമയ്ക്ക് വഴിയൊരുക്കിയ കസ്തൂരി രംഗനു കൂടി നന്ദി പറഞ്ഞ് ഒരു പത്രക്കുറിപ്പ് കൂടി ഇരുവരും ചേര്‍ന്നിറക്കിയാല്‍ ഭേഷായി ..

Scroll To Top