Wednesday April 26, 2017
Latest Updates

തളരാതെ പ്രതിഷേധവുമായി ആയിരങ്ങള്‍ ഡബ്ലിനില്‍ പ്രകടനം നടത്തി

തളരാതെ പ്രതിഷേധവുമായി ആയിരങ്ങള്‍ ഡബ്ലിനില്‍ പ്രകടനം നടത്തി

ഡബ്ലിന്‍: തങ്ങള്‍ക്ക് ലഭിച്ചിരുന്ന ന്യായമായ അവകാശങ്ങളും സഹായങ്ങളും തടയപ്പെട്ടുകൊണ്ടുള്ള ബജറ്റ് 2014നെതിരെ പ്രതിഷേധവുമായി വയോജനങ്ങള്‍ രംഗത്ത്. മെഡിക്കല്‍ കാര്‍ഡുകളിലും ടെലഫോണ്‍ അലവന്‍സുകളിലും മറ്റു സഹായങ്ങളിലും വരുത്തിയ വെട്ടിച്ചുരുക്കലുകളാണ് പെന്‍ഷനേര്‍സിനെ പ്രതിഷേധവുമായി തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്.
ഏകദേശം 12,000ത്തില്‍ പരം വയോജനങ്ങളാണ് ഡബ്ലിനില്‍ ഒത്തുകൂടിയത്. ഡയലിനു നേരെയാണ് പ്രതിഷേധക്കാര്‍ നടന്നടുത്തത്. പ്രായാധിക്യവും അസുഖങ്ങളും ഇവരില്‍ പലരെയും അവശരാക്കിയെങ്കിലും തങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പ്രതിഷേധമായതിനാല്‍ തന്നെ എല്ലാവരും ഒരേ മനസോടെ തന്നെ മുന്നേറി.
ഇതിനിടയില്‍ തന്റെ പ്രസംഗത്തിനിടെ പാട്രിക് ടൗച്ചര്‍ എന്ന സമരാനുയായി തളര്‍ന്നു വീഴുകയും ചെയ്തു. സര്‍ക്കാരിന്റെ വെട്ടിച്ചുരുക്കലുകള്‍ക്കെതിരെയാണ് പാട്രിക് സംസാരിച്ചത്.
തങ്ങള്‍ വയോജനങ്ങളായതിനാല്‍ തന്നെ തങ്ങളെ ലക്ഷ്യം വയ്ക്കുന്നത് എളുപ്പമായിരിക്കുമെന്നും എ്‌നാല്‍ ഇതനുവദിച്ചുതരില്ലെന്നും ഇവരില്‍ പലരും പറയുന്നുണ്ടായിരുന്നു.
പ്രധാനമന്ത്രി എന്റ കെന്നി രാജിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നുകൊണ്ടിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും തെരുവുകളില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടിയതായാണ് റിപ്പോര്‍ട്ട്.
ലെയിന്‍സ്റ്റര്‍ ഹൗസിനു മുന്നിലേക്കാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച്ച അവതരിപ്പിച്ച ബജറ്റിനെതിരെ പ്ലക്കാര്‍ഡുകളും കയ്യിലേന്തി ആയിരങ്ങളാണ് തങ്ങളുടെ വയ്യായ്ക മറന്ന് റോഡുകളില്‍ അണിനിരന്നത്.
60ഉം 70ഉം വയസ്സുള്ളവരായിരുന്നു പ്രതിഷേധക്കാരില്‍ അധികവും. സര്‍ക്കാരിന്റെ ബജറ്റു കട്ടുകള്‍ തങ്ങള്‍ക്കെതിരെയുള്ള നടപടിയാണെന്ന് സമരക്കാര്‍ പറഞ്ഞു.
ബജറ്റില്‍ വിവാദ തീരുമാനങ്ങളായി ടെലഫോണ്‍ അലവന്‍സ് വെട്ടിക്കുറയ്ക്കലും മരണാനന്തരം കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്ന സഹായ ധനം നിര്‍ത്തലാക്കിയതും എല്ലാം പ്രതിഷേധത്തിന് കാരണമായി.
ഇതിനിടയില്‍ പ്രതിഷേധക്കാര്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് കോളേജ് ഗ്രീനിലെയും ഒ’കോണല്‍ തെരുവിലെയും വാഹനഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. അതിനു ശേഷം വീണ്ടും ഇവര്‍ ലെയിന്‍സ്റ്റര്‍ ഹൗസ് ലക്ഷ്യമാക്കി തിരിക്കുകയായിരുന്നു.
അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇത്രയും വൃദ്ധജനങ്ങള്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയത്. ഇഴരുടെ പ്രധാന ആവശ്യം സര്‍ക്കാര്‍ ബജറ്റുകട്ടുകളില്‍ ഉള്‍പ്പെടുത്തിയ മെഡിക്കല്‍ കാര്‍ഡുകളെ അതില്‍ നിന്നും ഒഴിവാക്കി പൂര്‍വ്വ നില തുടരുക എന്നതാണ്.
ഐറിഷ് സീനിയര്‍ സിറ്റിസണ്‍സ് പാര്‍ലമെന്റാണ് ഇങ്ങിനെ ഒരു സമരത്തിന് നേത്ൃത്വം നല്‍കിയത്. കൂടാതെ 350ഓളം അംഗീകാരമുള്ള സംഘടനകളും സമരത്തില്‍ പങ്കുകൊണ്ടു.
അക്രമണ സംഭവങ്ങള്‍ അരങ്ങേറാന്‍ മാത്രം ഒന്നും തന്നെ പ്രതിഷേധത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഗാര്‍ഡ വക്താവ് വ്യക്തമാക്കി. ലെയ്ന്‍സ്റ്റര്‍ ഹൗസിന് മുന്നില്‍ നിന്ന് മെഗാഫോണിലൂടെ പ്രസംഗിക്കവേ കുഴഞ്ഞുവീണ ആളെ ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് ആമ്പുലന്‍സില്‍ ചികിത്സയ്ക്കായി കൊണ്ടുപോയെന്നും ഗാര്‍ഡ വിശദമാക്കി.

Scroll To Top