Saturday October 20, 2018
Latest Updates

തണുപ്പിലും, മഞ്ഞിലും ആവേശം കൈവിടാതെ അയര്‍ലണ്ട് സെന്റ് പാട്രിക്ക് ദിനാഘോഷത്തിന്റെ ലഹരിയില്‍,ഭീഷണിയായി ‘സണ്‍ ഓഫ് ദി ബീസ്റ്റ്’

തണുപ്പിലും, മഞ്ഞിലും ആവേശം കൈവിടാതെ അയര്‍ലണ്ട് സെന്റ് പാട്രിക്ക് ദിനാഘോഷത്തിന്റെ ലഹരിയില്‍,ഭീഷണിയായി ‘സണ്‍ ഓഫ് ദി ബീസ്റ്റ്’

ഡബ്ലിന്‍:സെന്റ് പാട്രിക്ക് ഡേയുടെ ആവേശത്തെ തണുപ്പിക്കുന്ന കാലാവസ്ഥ വ്യതിയാനത്തില്‍ അയര്‍ലണ്ടിലെങ്ങും ബാധിക്കുന്ന അതിശക്തമായ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മെറ്റ് എറാന്‍ കാലാവസ്ഥ പ്രവചനം. മഞ്ഞു വീഴ്ചയുടെ തീവ്രത കണക്കിലെടുത്തു ഞായറാഴ്ച ഓറഞ്ച് അലെര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റ് എറാന്‍. സെന്റ് പാട്രിക് ദിനത്തില്‍ മഞ്ഞുവീഴ്ചക്കുള്ള സാധ്യത സൂചിപ്പിച്ചുകൊണ്ട് യെല്ലോ അലെര്‍ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഞ്ഞുവീഴ്ച തുടരുമെന്നാണ് കണക്കാക്കുന്നത്.

തുടര്‍ച്ചയായ മഞ്ഞുവീഴ്ചയില്‍ പല സ്ഥലങ്ങളും മഞ്ഞില്‍ മൂടുമെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡബ്ലിന്‍, കില്‍ഡെയര്‍, ലൗത്, വെക്‌സ്ഫോര്‍ഡ്, വിക്ലോ,മീത്ത്,വാട്ടര്‍ഫോര്‍ഡ് തുടങ്ങിയ കൗണ്ടികളെയാണ് കാലാവസ്ഥ ഏറ്റവും കൂടുതലായി ബാധിക്കുക.

ഇന്ന് രാവിലെ മൂന്ന് ഡിഗ്രി താപനിലയാണ് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അനുഭവപ്പെടുന്നത്,ഉച്ചയോടെ മൈനസിലേയ്ക്ക് താപനില മാറുമെന്നാണ് മെറ്റ് ഏറാന്‍ നല്‍കുന്ന സൂചന.

സ്‌കാന്ഡിനേവിയ, വെസ്റ്റേണ്‍ യൂറോപ് എന്നിവടങ്ങളില്‍ നിന്ന് വരുന്ന ‘സണ്‍ ഓഫ് ദി ബീസ്റ്റ്’ എന്ന കാലാവസ്ഥ പ്രതിഭാസമാണ് ഇപ്പോഴത്തെ മഞ്ഞുവീഴ്ചക്കു കാരണമാകുന്നത്.

സെന്റ് പാട്രിക് ഡേയോടനുബന്ധിച്ച് നാല് ദിവസത്തെ ആഘോഷത്തിനായി ഡബ്ലിന്‍ ഒരുങ്ങി കഴിഞ്ഞു.യുഎസില്‍ നിന്നടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ ബാന്‍ഡ് സംഘവും ‘Home is Where the Heart is’ എന്ന തീമോടെ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ട്ട ആഘോഷത്തിന് കൊഴുപ്പേകാന്‍ എത്തുന്നുണ്ട്.

ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പാര്‍ണല്‍ സ്‌ക്വയറില്‍ നിന്നും അയര്‍ലണ്ടിലെ ഏറ്റവും വലിയ പരേഡ് നഗരത്തെ ഉത്സവ ലഹരിയില്‍ ആഴ്ത്തി പുറപ്പെടുക.ചരിത്രമുറങ്ങുന്ന ഡബ്ലിനിലെ തെരുവീഥികളിലൂടെ നീങ്ങുന്ന പരേഡിന് അഭിനയലോകത്തെ സാമ്രാട്ട് ലിയാം കണ്ണിംഗ്ഹാം നേതൃത്വം നല്‍കും.

അയര്‍ലണ്ടിന്റെ എല്ലാ പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും സെന്റ് പാട്രിക്‌സ് ഡേ പരേഡ് നടത്തപ്പെടും.ദേശീയ ദിനത്തിന്റെ ലഹരിയിയിലേയ്ക്ക് നഗരം നീങ്ങുകയാണ്.ഹൗത്തിലും വേറിട്ട ആഘോഷ പരിപാടികളാണ് നടത്തപ്പെടുക.അയര്‍ലണ്ടിലെ സര്‍ക്കസിന്റെ 250 മത് വാര്‍ഷികത്തോട് അനുബന്ധിച് ‘സര്‍ക്കസ് 250’എന്ന തീമാണ് ലീമെറിക്ക് നഗരം തിരഞ്ഞെടുത്തിരിക്കുന്നത്.

ഗോള്‍വേ നഗരത്തിലെ സെന്റ് പാട്രിക്ക് പരേഡ് ഉച്ചയ്ക്ക് 11.30 ന് ഫാദര്‍ ഗ്രിഫിന്‍ റോഡില്‍ തുടങ്ങുന്ന പരേഡ് പ്രോസ്‌പെക്ട് ഹില്ലില്‍ സമാപിക്കും.
തണുത്ത കാറ്റും മഞ്ഞു മഴയും ചേര്‍ന്ന കാലാവസ്ഥ തിങ്കളാഴ്ച വരെ തുടരുമെന്ന് മെറ്റ് എറാന്‍ മുന്നറിയിപ്പില്‍ പറയുന്നു. മൈനസ് അഞ്ചു വരെ ആയിരിക്കും രാത്രികാലങ്ങളിലെ തണുപ്പ്. തണുത്ത കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സെന്റ് പാട്രിക് ഡേ ആഘോഷം കഠിനമായ തണുപ്പില്‍ ആയിരിക്കുമെന്നു ഉറപ്പായി.

മഞ്ഞുവീഴ്ചയെ തുടര്‍ന്നുണ്ടാകുന്ന മഴയില്‍ കില്‍കെന്നി, കോര്‍ക്ക്, ഡബ്ലിന്‍ എന്നിവടങ്ങളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും കാണുന്നുണ്ട്. അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റോഡ് സേഫ്റ്റി അതോറിറ്റിയും ഗാര്‍ഡായും ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണെന്നു അറിയിച്ചിട്ടുണ്ട്.

റോഡുകളിലെ മഞ്ഞു നീക്കം ചെയ്യാനുള്ള നടപടികള്‍ കൈക്കൊണ്ടതായി ഹൗസിങ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. കാലാവസ്ഥ നിരീക്ഷണ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി ജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top