ഡ്രൈവിംഗ് പരിശീലനത്തിനിടെ വാഹനാപകടമുണ്ടായാല്‍ ഡ്രൈവര്‍ക്കൊപ്പം വാഹന ഉടമയും കുടുങ്ങും:വാഹനം പിടിച്ചെടുക്കാന്‍ ഗാര്‍ഡയ്ക്ക് അധികാരം

ഡബ്ലിന്‍ :അംഗീകാരമില്ലാതെ ഡ്രൈവിംഗ് പഠനത്തിനിടെ അപകടമുണ്ടാക്കിയാല്‍ ഡ്രൈവര്‍ക്കൊപ്പം വാഹന ഉടമയെയും പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമമായി. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ക്ക് മന്ത്രിസഭ അനുമതി നല്കി.ഫുള്‍ ലൈസന്‍സ് ഇല്ലാത്ത ഒരു ഡ്രൈവറുടെ സാന്നിധ്യത്തിലല്ലാതെ ഒരു പഠിതാവ് ഡ്രൈവിംഗ് നടത്തുന്നതു കണ്ടെത്തിയാല്‍ ഗാര്‍ഡയ്ക്ക് ആ വാഹനം പിടിച്ചെടുക്കാനും അനുമതി നല്കുന്ന നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു.
ക്ലാന് അമെന്‍ഡ്മെന്റ് എന്നാണ് പുതിയ വാഹന നിയമഭേദഗതിക്ക് നാമകരണം ചെയ്തിട്ടുള്ളത്.ഒരു അപകടത്തെ തുടര്‍ന്നുള്ള ഭേദഗതിയായതിനാലാണ് ഇങ്ങനെ പേരു വന്നത്.2015 ഡിസംബറില്‍ നോയല്‍ ക്ലാന്‍സിയുടെ ഭാര്യ ജെറാള്ഡിന് ഡ്രൈവ് ചെയ്ത കാറില്‍ അനംഗീകൃത പഠിതാവായ സൂസന് ഗ്ലെസന്റെ വാഹനം ഇടിക്കുകയായിരുന്നു.അപകടത്തില്‍ ജെറാള്‍ഡിനും മകള്‍ ലൂയിസും മരിച്ചു.ഈ അപകട സംഭവത്തെ തുടര്‍ന്നാണ് കര്‍ക്കശമായ നിയമ ഭേദഗതിക്ക് ഗതാഗത മന്ത്രി ഷെയിന്‍ റോസ് തയ്യാറായത്.
ഇത്തരം സംഭവങ്ങളില്‍ കാര്‍ ഓടിച്ചയാള്‍ക്കും വാഹന ഉടമയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന വിധത്തിലുള്ള നിയമനിര്‍മ്മാണമാണ് പ്രാബല്യത്തില്‍ വരുന്നത്.സമാനമായ സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം കൗമാരക്കാരന് കൊല്ലപ്പെട്ടിരുന്നു.ഇതില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയയാളെ ഒന്‍പതുമാസം ശിക്ഷിച്ചിരുന്നു.
നികുതി അടയ്ക്കാത്ത, ഇന്‍ഷ്വറന്‍സില്ലാത്ത,എന്‍സിടി ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് ഗാര്‍ഡയ്ക്ക് അധികാരം ഉള്ളതെന്ന് മന്ത്രി വിശദീകരിച്ചു.അനംഗീകൃത പഠിതാക്കള്‍ ഓടിക്കുന്ന വാഹനങ്ങള്‍ അപകടമുണ്ടാക്കിയാല്‍ അവ പിടിച്ചെടുക്കണമെങ്കില്‍ ഗാര്‍ഡയുടെ ഈ അധികാരം വിപുലപ്പെടുത്തണം. അതിനാണ് 1994ലെ റോഡ് ട്രാഫിക് ആക്ടിന്റെ സെക്ഷന്‍ 41 ഭേദഗതി ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി.