Wednesday September 26, 2018
Latest Updates

ഡ്രോഗഡ മേഖലയില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക് വെള്ളം റേഷനായി നല്‍കി തുടങ്ങി :മൂന്ന് ദിവസം പിന്നിടുമ്പോഴും പരിഹാരമായില്ല,പ്രശ്നമാകുന്നത് കാലഹരണപ്പെട്ട പൈപ്പുകള്‍

ഡ്രോഗഡ മേഖലയില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക് വെള്ളം റേഷനായി നല്‍കി തുടങ്ങി :മൂന്ന് ദിവസം പിന്നിടുമ്പോഴും പരിഹാരമായില്ല,പ്രശ്നമാകുന്നത് കാലഹരണപ്പെട്ട പൈപ്പുകള്‍

ഡ്രോഗഡ:ഡ്രോഗഡ മേഖലയില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ കുടിവെള്ള പ്രശ്നത്തിന് രണ്ടു ദിവസമാകുമ്പോഴും പരിഹാരമായില്ല. ആയിരക്കണക്കിനാളുകള്‍ എപ്പോള്‍ വെള്ളമെത്തുമെന്നുപോലുമുള്ള വ്യക്തമായ അറിവില്ലാതെ വലയുകയാണ്.കുടിവെള്ളം പോലും ഇല്ലാതെ ആയിരങ്ങളുടെ ജീവിതം വറുതിയിലാണ്.പൈപ്പുകളുടെ കാലപ്പഴക്കവും പ്രശ്നം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയുമാണ് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നത്.

വാട്ടര്‍ ടാങ്കുകളില്‍ വെള്ളം ശേഖരിച്ചു വെച്ചവരൊഴികെ നൂറുകണക്കിന് പേര്‍ അക്ഷരാര്‍ത്ഥത്തില്‍ കെണിയിലായി.
ആയിരക്കണക്കിനാളുകള്‍ കണ്ടെയ്നറില്‍ വെള്ളമെത്തുന്നതും കാത്ത് കാത്തിരിക്കുകയാണ്.ഔര്‍ ലേഡി ഹോസ്പിറ്റലിന് വെള്ളം തടസ്സമില്ലാതെ നല്‍കി .പക്ഷേ പൊതു ജനങ്ങള്‍ക്ക് റേഷനാണ്.പല വിവാഹപ്പാര്‍ട്ടികളും വെള്ളമില്ലാത്തതിനാല്‍ തടസ്സപ്പെട്ടു.വീട്ടിനുള്ളില്‍ കഴിയുന്ന നിരവധിയായ പ്രായമായ ആളുകള്‍ എന്താണ് സംഭവിക്കുന്നതെന്നുപോലുമറിറിയാതെ കുഴങ്ങുകയാണ്.

ഏതാണ്ട് എല്ലാ ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും വെള്ളം തീര്‍ന്നു കഴിഞ്ഞു. കടകളില്‍ കുപ്പിവെള്ളം പോലും വാങ്ങാന്‍ കഴിയാത്ത നിലയാണ്. കഴിഞ്ഞ രാത്രി ഒരു വിവാഹപ്പാര്‍ട്ടിക്കിടെ വെള്ളം തീര്‍ന്നതിനെ തുടര്‍ന്ന് ഹോട്ടലുടമ ടാങ്കറില്‍ വെള്ളം എത്തിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങള്‍ റിപോര്‍ട് ചെയ്യപ്പെടാത്തതായുണ്ട്.ഐറീഷ് വാട്ടറിന്റെ പരാജയമാണ് ഈ പ്രതിസന്ധിക്ക് കാരമമായതെന്ന് മുന്‍ മേയര്‍ കെവിന്‍ കല്ലാന്‍ ആരോപിച്ചു.

പ്രാദേശിക സംഭരണിയില്‍ നിന്നുള്ള ജലവിതരണവും നിര്‍ത്തി. ഇപ്പോള്‍ റേഷനിംഗ് സിസ്റ്റത്തിലാണ് ഇവിടെ നിന്നും വെള്ളം നല്‍കുന്നത്. ഡ്രോഗഡയിലെ ഔര്‍ ലേഡി ആശുപത്രിയില്‍ വെള്ളം എത്തിക്കുന്നതിനാണ് മുന്‍ഗണനയെന്ന് ഐറീഷ് വാട്ടര്‍ അറിയിച്ചു.കൗണ്ടി മീത്തിലെ റാത്തോത്ത് (പള്ളി പരിസരത്തും,ഫെയറി ഹൌസ് റോഡിലെ സ്‌കൂളിലും)ഡലീക്ക്(പള്ളി),ലാഗവോറീന്‍,ഡോണോര്‍(പള്ളി),ആഷ്ബോണ്‍(റേസ് ഹില്‍),സ്റ്റാമുല്ലന്‍(ഹൗസിംഗ് എസ്റ്റേറ്റിന് മുന്‍വശം),കെന്‍സ് ടൗണ്‍(ലോന്‍ഡീസ് കാര്‍ പാര്‍ക്ക് ഏരിയ),ആര്‍ഡ്കാത്ത്(പള്ളി) നോക്ക് കോമണ്‍ (സ്‌കൂള്‍)കുറാഹ് (പള്ളി)കില്‍ ബ്രൈഡ് (പള്ളി)റോസ് നൈര്‍ (പള്ളി)എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് കണ്ടെയ്നറുകളില്‍ ജലവിതരണമുണ്ടെന്ന് ഐറീഷ് വാട്ടര്‍ അറിയിച്ചു.

ലൂത്ത് കൗണ്ടി കൗണ്‍സിലും ഐറീഷ് വാട്ടറും ചേര്‍ന്ന് പൈപ്പു മാറ്റുന്നതിനുള്ള തീവ്രശ്രമം തുടരുകയാണെന്നും ഐറീഷ് വാട്ടര്‍ അറിയിക്കുന്നു.എന്നാല്‍ കാര്യങ്ങള്‍ കൃത്യതയോടെയല്ല കൈകാര്യം ചെയ്യുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.ഡബ്ലിനിലോ മറ്റോ ആയിരുന്നു ഈ പ്രശ്നം സംഭവിച്ചതെങ്കില്‍ പ്രശ്നപരിഹാരവും വേഗത്തിലാകുമായിരുന്നുവെന്നു കരുതുന്നവരുണ്ട്.ഇവിടെ ഐറീഷ് വാട്ടറിനു പോലും നിശ്ചയമില്ല,ഒരു കാര്യത്തിനും. വെള്ളിയാഴ്ച മുതല്‍ അവര്‍ ഇപ്പോള്‍ ശരിയാകും എന്നു പറയുന്നതല്ലാതെ വെള്ളം മാത്രം എത്തുന്നില്ല.

ആവശ്യമായ കാനുകളും മറ്റും കൊണ്ടുവന്ന് വെള്ളം കൊണ്ടുപോകാവുന്നതാണ്.ബോതാര്‍ ബ്രുഗ സ്‌കൂള്‍,ബാള്‍സ് ഗ്രോവ് ബ്രിംഗ് ബാങ്ക്സ്,ഷോപ്പ് സ്ട്രീറ്റ്,ടെര്‍മോനബെ,ഡബ്ലിന്‍ റോഡിലെ സ്റ്റാമാന്‍,മാര്‍ലെയ്സ് ലെയ്ന്‍ എന്നിങ്ങനെ പതിനാറിടങ്ങളില്‍ ബദല്‍ ജലവിതരണ കേന്ദ്രങ്ങളും തുറന്നു. എന്നാല്‍ ഇവിടെ നിന്നും ലഭിക്കുന്ന വെള്ളം തിളപ്പിച്ചശേഷമേ ഉപയോഗിക്കാവു എന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നു.

ഇന്നു വൈകിട്ടോടെ പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത് അതുവരെ റേഷനിംഗ് തുടരുമെന്നും ഐറീഷ് വാട്ടര്‍ അറിയിച്ചു.ഗുണഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഐറീഷ് വാട്ടര്‍ ക്ഷമാപണവും നടത്തുന്നുണ്ട്.ആവശ്യങ്ങള്‍ക്ക് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാം-ഫോണ്‍ -1850278278.ജൂലിയന്‍സ്ടൗണ്‍,ഗോര്‍മാന്‍സ്ടണ്‍,ഈസ്റ്റ് കൗണ്ടി മീത്തിലെ സ്‌കൈറന്‍ ഉള്‍പ്പടെ 20സ്ഥലങ്ങളില്‍ ആളുകളുടെ വെള്ളം കുടി മുട്ടിയിരിക്കുകയാണ്.

കടകളില്‍പോലും വെള്ളം വാങ്ങാന്‍ കിട്ടാത്ത സ്ഥിതിയാണ്.ശനിയാഴ്ച ഉച്ചകഴിഞ്ഞ് വെള്ളമെത്തുമെന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞത്. പിന്നീടത് ആറുമണിയാക്കി.എന്നാല്‍ ഞായറാഴ്ച പിന്നിടുമ്പോഴും വെള്ളമെത്തിയിട്ടില്ല. ഇടയ്ക്കിടെ ഇത്തരം അറിയിപ്പുകള്‍ നല്‍കിയതാണ് കൂടുതല്‍ വഷളാക്കിയതെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഏകദേശം രണ്ട് ലക്ഷത്തോളം ആളുകളാണ് വെള്ളമില്ലാതെ വലയുന്നത്. അപ്രതീക്ഷിതമായതിനാല്‍ ആരുംതന്നെ വെള്ളം ഒട്ടും കരുതാതെയുംപോയി.

പ്രദേശത്തേക്കുള്ള മെയിന്‍ വാട്ടര്‍ സപ്ലെ പൈപ്പില്‍ വെള്ളിയാഴ്ച രാവിലെയാണ് വിള്ളലും,ലീക്കും അനുഭവപ്പെട്ടത്.അപ്പോള്‍ മുതല്‍ നന്നാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും പൈപ്പ് ലൈനിലെ വിള്ളല്‍ വര്‍ദ്ധിച്ചതോടെ പരിഹാരം നീണ്ടു.സ്റ്റാളീന്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലേക്കുള്ള ലൈനില്‍ ഭൂമിക്കടിയില്‍ നാല് മീറ്ററോളം താഴ്ചയിലാണ് വിള്ളല്‍ ഉണ്ടായത്.

Scroll To Top