Monday September 25, 2017
Latest Updates

ഡ്രോഗഡ മേഖലയിലെ പൈപ്പുകള്‍ പുനസ്ഥാപിച്ചു; ജലവിതരണം സാധാരണ നിലയിലെത്താന്‍ സമയമെടുക്കും

ഡ്രോഗഡ മേഖലയിലെ പൈപ്പുകള്‍ പുനസ്ഥാപിച്ചു; ജലവിതരണം സാധാരണ നിലയിലെത്താന്‍ സമയമെടുക്കും

ഡ്രോഗഡ: ഡ്രോഗഡ മേഖലയിലെ രണ്ട് ലക്ഷത്തോളം ആളുകളുടെ വെള്ളംകുടി മുട്ടിച്ച പൈപ്പ് പൊട്ടല്‍ പ്രശ്നം പരിഹരിച്ചു.പൊട്ടിയ പൈപ്പുകള്‍ക്ക് പകരം പുതിയത് മാറ്റി സ്ഥാപിച്ചെങ്കിലും ഒരു ഭാഗത്ത് ഇപ്പോഴും പഴയ പൈപ്പുകള്‍ നിലകൊള്ളുന്നത് ഐറീഷ് വാട്ടറിനെയും ഉദ്യോഗസ്ഥരേയും അങ്കലാപ്പിലാക്കുന്നുണ്ട്. മൂന്നുതവണയും പരാജയപ്പെട്ട ദൗത്യം അവരെ പേടിപ്പിക്കുന്നുമുണ്ട്.വെള്ളം കടന്നുപോകുമ്പോഴുണ്ടാകുന്ന അതിമര്‍ദം ആ പഴയ പൈപ്പുകള്‍ക്ക് അതിജീവിക്കാനായാല്‍ ജലവിതരണം സുഗമമാകും. അതല്ലാത്ത പക്ഷം പ്രശ്നം വീണ്ടും ഉണ്ടായേക്കാം.ജലവിതരണം സാധാരണ നിലയിലാകാന്‍ ഒരാഴ്ചയെടുക്കുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്.

നോര്‍ത്തില്‍ നിന്നും കൊണ്ടുവന്ന ഏതാനും പൈപ്പുകള്‍ ഡോണോറില്‍ എത്തിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ചെറിയ തോതില്‍ വെള്ളച്ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവ ഗുരുതരമാകുന്ന പക്ഷം ആ പൈപ്പുകളും മാറേണ്ടി വരും. അങ്ങനെ വന്നാല്‍ വെള്ളവിതരണം വീണ്ടും തടസ്സപ്പെടാന്‍ ഇടയുണ്ട്.

പൈപ്പിടുന്നതു സംബന്ധിച്ച് ഒരു കര്‍ഷകനുമായുണ്ടായ തര്‍ക്കം പരിഹരിക്കാനായിരുന്നെങ്കില്‍ ലക്ഷക്കണക്കായ ആളുകളുടെ കുടിവെള്ളം മുട്ടിക്കുന്ന ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്ന് മീത്ത് കൗണ്ടി കൗണ്‍സിലര്‍ പാഡി മിയേഡ് പറഞ്ഞു.50വര്‍ഷം പ്രായമുള്ള പൈപ്പുകള്‍ പൂര്‍ണമായും മാറ്റിയില്ലെങ്കില്‍ വീണ്ടും ഈ പ്രശ്നം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.സൈനിക സേവനം ലഭ്യമാക്കിയാണ് ആവശ്യക്കാര്‍ക്ക് വെള്ളമെത്തിക്കാനായത്. ഇനിയെങ്കിലും ഐറീഷ് വാട്ടര്‍ പാഠം പഠിച്ചാല്‍ മതിയായിരുന്നുവെന്നും ഫിനഗേല്‍ കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.

സ്റ്റാലീന്‍ പ്ലാന്റിലെ ആദ്യഘട്ട പുനരുദ്ധരിക്കല്‍ ജോലികള്‍ പൂര്‍ത്തിയായതായി ഐറീഷ് വാട്ടര്‍ അറിയിച്ചു.ഇനിയും 2.2കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.ഇതിന് 18മാസമെങ്കിലും വേണം.2-3മില്യന്‍ യൂറോയും ചെലവുണ്ടാകും.ഇതിനാവശ്യമായ വിശദമായ പദ്ധതികള്‍ തയ്യാറാക്കിയതായും ഐറീഷ് വാട്ടര്‍ അറിയിച്ചു.2020 ഓടെ രാജ്യത്താകെയുളള 1300 കിലോമീറ്റര്‍ പൈപ്പ് മാറ്റിയിടാനുള്ള പദ്ധതി തയാറാണെന്നും അവര്‍ അറിയിച്ചു.

അതിനിടെ പുതിയ പൈപ്പുമായി ബെല്‍ഫാസ്റ്റില്‍ നിന്നും വന്ന ട്രക്ക് കാണാതായ സംഭവവുമുണ്ടായി.ഡ്രോഗഡ സ്വദേശിയായ ഒരാള്‍ എഫ്.എം.റേഡിയോയില്‍ വിളിച്ചറിച്ചതാണ് പൈപ്പ് കാണാതായ സംഭവം. ഇതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്

Scroll To Top