Sunday April 23, 2017
Latest Updates

ഡ്രാക്കുള ഈ ആഴ്ച്ച ഡബ്ലിനിലേയ്ക്ക്

ഡ്രാക്കുള ഈ ആഴ്ച്ച ഡബ്ലിനിലേയ്ക്ക്

‘ഒരു കാഴ്ച കണ്ട് അയാള്‍ ഞെട്ടിപ്പോയി. മുറിയുടെ മൂലയില്‍ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. തലയോട്ടികളും അസ്ഥിഖണ്ഡങ്ങളും ഒരു കൂമ്പാരം പോലെ കാണപ്പെട്ടു. ആദ്യത്തെ ഞെട്ടല്‍ കഴിഞ്ഞപ്പോള്‍ അയാള്‍ പതുക്കെ തലയോട്ടികള്‍ എടുത്തു പരിശോധിച്ചു. ഗുഹപോലെയുള്ള കണ്ണുകളുടെ സുഷിരങ്ങളില്‍ ഇരുള്‍ നിറഞ്ഞിരുന്നു. ചില തലയോട്ടികളില്‍ പായല്‍ പറ്റിയിരുന്നു. ചിതറിക്കിടക്കുന്ന നീണ്ട മുടികള്‍ കണ്ടപ്പോള്‍ അയാള്‍ക്കു കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായി. എല്ലാം സുന്ദരികളായ സ്ത്രീകളുടേതാണ്. ഈ മുറിക്കുള്ളില്‍ അനേകം സ്ത്രീകള്‍! വധിക്കപ്പെട്ടിട്ടുണ്ട്. അവരുടെ രക്തം കുടിച്ചുകൊണ്ട് ഡ്രാക്കുളപ്രഭു ഇവിടെ സംഹാരതാണ്ഡവമാടിയിരിക്കും. റോസിലിനെപ്പോലെയുള്ള സുന്ദരികള്‍!…’

കണ്ണൂരിലെ ചെമ്പേരി ദേശിയ വായനശാലയിലെ പുസ്തകകൂട്ടത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ഞാന്‍ വായിച്ചിട്ടുള്ള ഒരു പുസ്തകം തുടങ്ങുന്നതിങ്ങനെയാണ്.കോട്ടയം പുഷ്പനാഥിന്റെ റിട്ടേണ്‍ ഓഫ് ഡ്രാക്കുള എന്ന ആ പുസ്തകം മാത്രമല്ല മുപ്പതിലധികം വരുന്ന പുസ്തകങ്ങള്‍ക്ക് വേണ്ടി ചെറുപ്പക്കാര്‍ പിടികൂടിയിരുന്നത്ഒരു സാധാരണ കാഴ്ചയായിരുന്നു . ‘ഡ്രാക്കുള പ്രഭുവിന്റെ അസാമാന്യമായ തലയെടുപ്പും,കൂസലില്ലായ്മയും അദ്ദേഹത്തിനു ഏറെ ആരാധകരെ പോലും സൃഷ്ട്ടിച്ചിരുന്നു.ഗ്രാമ തലങ്ങളിലെ കൗമാരക്കാര്‍ക്ക് എന്നും ഡ്രാക്കുള പേടിപ്പെടുത്തുന്ന ഒരു ഓര്‍മയായിരുന്നു.
ഡ്രാക്കുള എന്ന പേരു നമ്മില്‍ പലരിലും ഇന്നും ഭയം നിറയ്ക്കുന്നു. ചെറുപ്പത്തിലെന്നോ വായിച്ചതോ കണ്ടതോ ആയ ഡ്രാക്കുള കഥകള്‍ മനസിലെവിടെയോ പല ഓര്‍മ്മകളും നിറയ്ക്കുന്നതിനാലാവാം അത്.

നീണ്ടു മെലിഞ്ഞ്, കറുത്തമുടികള്‍ പറ്റെ പിറകിലോട്ട് ചീകി ഒതുക്കി, നീളമുള്ള കറുത്ത ഗൗണ്‍ ധരിച്ച് ഒരു രൂപമാണ് ഡ്രാക്കുള എന്നു കേള്‍ക്കുമ്പോള്‍ ഏവരുടെയും മനസിലേക്ക് ഓടിയെത്തുന്നത്. പുത്തന്‍ നൂറ്റാണ്ടിലെ ഡ്രാക്കുളയ്ക്ക് പുതുതലമുറയെ ആകര്‍ഷിക്കാന്‍ വേണ്ടിയോ എന്തിനോ ‘സിക്‌സ് പാക്ക് മസിലും’ ഇപ്പോള്‍ സംവിധായകര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഏതായാലും രക്തദാഹിയായ കഥാപാത്രം ലോകമുള്ളിടത്തോളംകാലം ആസ്വാദക മനസുകളില്‍ നിലനില്‍ക്കുക തന്നെ ചെയ്യും.

ബേല ലുഗോസിയെപോലുള്ളവരുടെ ശ്രമഫലമായാണ് ഡ്രാക്കുള വെള്ളിത്തിരയിലെത്തിയത്. എന്നാല്‍ അതിനൊക്കെ മുന്‍പ് ഡ്രാക്കുള ‘ജനിച്ചത്’ അയര്‍ലണ്ടിലാണ്. ഡബ്ലിനിലെ ക്ലോന്റ്റ്രഫില്‍ ജനിച്ച ഐറിഷ് എഴുത്തുകാരനായ ബ്രാം സ്‌റ്റോക്കറുടെ ഭാവനാശില്പിയായ ഡ്രാക്കുള ആസ്വാദന ലോകത്തേക്ക് കടന്നുവരുന്നത് 1897ലാണ്.

ഈ വാരാന്ത്യത്തില്‍ ഡബ്ലിനിലും ബ്രാംസ്‌റ്റോക്കര്‍ ഫെസ്റ്റിവല്‍ ആഘോഷിക്കുകയാണ്. ശരിക്കും രക്തദാഹിയായ ഡ്രാക്കുളയെ ഓര്‍ത്തുകൊണ്ടും.

ഡ്രാക്കുളയെ ചെറുപ്പകാലംമുതല്‍ തന്നെ മനസിലേറ്റി ആരാധിച്ച ആളായിരുന്നു ഇപ്പോഴത്തെ പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കിം ന്യൂമാന്‍. 1931ല്‍ പുറത്തിറങ്ങിയ ബേല ലൂഗോസിയുടെ ഡ്രാക്കുള എന്ന പടം കുട്ടിയായ കിമ്മില്‍ ഇപ്പോഴത്തെ അന്നോ ഡ്രാക്കുള പുസ്തകസീരീസിന് പ്രചോദനമാവുകയായിരുന്നു.

ബ്രാംസ്‌റ്റോക്കര്‍ ഫെസ്റ്റിവെലിനോടനുബന്ധിച്ച് ഡ്രാക്കുള സിനിമകളുടെ ഒരു ശ്രേണി തന്നെ പ്രദര്‍ശിപ്പിക്കാനും കിം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഡ്രാക്കുള സിനിമകള്‍ മാത്രമല്ല ഇതില്‍ പ്രദര്‍ശിപ്പിക്കപ്പെടുക, കുട്ടികള്‍ക്കുവേണ്ടിയും സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
മറ്റു ഭയപ്പെടുത്തുന്ന ജീവികളില്‍ നിന്നുമെല്ലാം ഡ്രാക്കുള വ്യത്യാസപ്പെട്ടിരിക്കുന്നു. മനുഷ്യരൂപവും ഒരു പ്രത്യേക വസ്ത്ര രീതിയും സംസാരവും എല്ലാം തന്നെ ഡ്രാക്കുളയെ വ്യത്യസ്തനാക്കുന്നതായി കിം പറഞ്ഞു.

ഡ്രാക്കുള എന്ന ബുക്ക് എക്കാലത്തെയും ബെസ്റ്റ് സെല്ലര്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുകയില്ല. യഥാര്‍ത്ഥത്തില്‍ സ്‌റ്റോക്കറുടെ മരണം വരെ പുസ്തകം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടുപോലുമില്ലെന്നും കിം പറയുന്നു. 1920കളില്‍ അരങ്ങിലേക്ക് പ്രത്യക്ഷപ്പെട്ടതോടെയാണ് ഡ്രാക്കുള ആസ്വാദക മനസുകളില്‍ ഭയം നിറച്ചുകൊണ്ട് കടന്നുകൂടിയത്. തുടര്‍ന്ന ബേല ലൂഗോസ് ബ്രോഡ്വേയില്‍ നിന്നും ഡ്രാക്കുളയെ സ്വന്തമാക്കുകയായിരുന്നു


ബ്രാംസ്‌റ്റോക്കറിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടയിലാണ് അദ്ദേഹം ഒരു നോവലിസ്റ്റാണെന്ന് ലോകം അറിയുന്നതെന്നും കിം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും ഭയാനകമായ ചിത്രമായി പിന്നീട് ‘ഡ്രാക്കുള’ അംഗീകരിക്കപ്പെടുകയായിരുന്നു. പിന്നീട് ഇതിന്റെ തുടര്‍ച്ചയായി വന്ന ഹൊറര്‍ ചിത്രങ്ങളാണ് ഫ്രാങ്കന്‍സ്‌റ്റെയിനും മമ്മിയുമെല്ലാം.
ഒട്ടുമിക്ക സ്റ്റുഡിയോകളും ഹൊറര്‍ സിനിമ എന്ന ഓപ്ഷന്‍ പറയുമ്പോള്‍ ഡ്രാക്കുള പോലുള്ള പടം എന്ന് പറഞ്ഞുതുടങ്ങുകയായിരുന്നു. പിന്നീട് ഡ്രാക്കുള ബുക്കുകളില്‍ നിന്നും മാറിമറിഞ്ഞ് സിനിമകളില്‍ കൂടുതല്‍ കഥകള്‍ സൃഷ്ടിക്കപ്പെട്ടു.
ഡ്രാക്കുളയ്ക്ക് ആദ്യം ഒരു രൂപം നല്‍കിയത് ബേല ലൂഗോസി തന്നെയായിരുന്നു.
കൂടുതല്‍ ഭീകരനായ, രക്തദാഹിയായ, ദയയില്ലാത്തവനായി കഥാപാത്രമായി ഡ്രാക്കുളയെ തിരികെ കൊണ്ടുവരാന്‍ താനും ശ്രമിക്കുകയാണെന്ന് കിം ന്യൂമാന്‍ പറഞ്ഞു.
സ്‌റ്റോക്കര്‍ ഒരു മികച്ച എഴുത്തുകാരനായിരുന്നില്ലെങ്കിലും മികച്ച ഒരു നോവല്‍ ലോകത്തിന് നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും കിം കൂട്ടിച്ചേര്‍ത്തു.
ഭാവനയാല്‍ സൃഷ്ടിച്ചെടുക്കുന്ന ഒരു യക്ഷിയെങ്കിലും ഇല്ലാതെ ഇന്നത്തെ ലോകത്തെ സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. ട്വിലൈറ്റ് പോലുള്ള ബുക്കിന്റെ മൂന്നുശ്രേണികള്‍ ഇറങ്ങിയതിന്റെ പ്രധാനകാരണവും ആസ്വാദകര്‍ അതിനെ സ്വീകരിക്കുന്നു എന്നതു തന്നെയാണ്.
സ്‌റ്റോക്കര്‍ തന്റെ കഥാപാത്രത്തിന്റെ വിജയം മുന്‍കൂട്ടികണ്ടുകൊണ്ടാവണം ഇവിടെ റൊമാന്റികായ രക്തദാഹികള്‍ക്കും സ്ഥാനം കിട്ടുമെന്ന് പറഞ്ഞിരിക്കുക എന്നും കിം കൂട്ടിച്ചേര്‍ത്തു.
1931ലെ ഡ്രാക്കുള, 1960ലെ െ്രെബഡ്‌സ് ഓഫ് ഡ്രാക്കുള,1974ലെ ബ്ലഡ് ഫോര്‍ ഡ്രാക്കുള, 2002ലെ ഡ്രാക്കുള പേജസ് ഫ്രം എ വേര്‍ജിന്‍സ് ഡയറി, 1987 ദ മോണ്‍സ്റ്റര്‍ സ്‌ക്വാഡ്, 2012ലെ ഹോട്ടല്‍ ട്രാന്‍സില്‍വാനിയ തുടങ്ങിയവയാണ് കിം പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ഡ്രാക്കുള ശ്രേണികള്‍.
സ്‌റ്റോക്കര്‍ ഓണ്‍ ദ സ്‌ക്വയര്‍ എന്ന് പേരുനല്‍കിയിരിക്കുന്ന പ്രദര്‍ശനം മീറ്റിംഗ് ഹൗസ് സ്‌ക്വയറില്‍ ഇന്ന് സമാപിക്കും.


റെജി സി ജേക്കബ് 

like-and-share

Scroll To Top