Thursday August 17, 2017
Latest Updates

ഡോക്ടറുടെ ആരോപണം എയിംസ് നിഷേധിച്ചു; അന്വേഷിക്കട്ടെയെന്ന് തരൂര്‍

ഡോക്ടറുടെ ആരോപണം എയിംസ് നിഷേധിച്ചു; അന്വേഷിക്കട്ടെയെന്ന് തരൂര്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂര്‍ ഇടപെട്ടുവെന്ന ആരോപണം എയിംസ് നിഷേധിച്ചു. സുനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത എയിംസിലെ ഡോ. സുധീര്‍ ഗുപ്തയാണ് തരൂരിനെതിരെ ആരോപണം ഉന്നയിച്ചത്. മരണത്തിന്റെ യഥാര്‍ത്ഥ കാരണം മറച്ച് വച്ച് സ്വാഭാവിക മരണമെന്ന് ചിത്രീകരിക്കാന്‍ സുനന്ദയുടെ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരും മുന്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദും ഇടപെട്ടുവെന്നുമായിരുന്നു ആരോപണം.

എന്നാല്‍ ആശുപത്രി മാനേജ്‌മെന്റ് തന്നെ ഡോക്ടറുടെ ആരോപണം നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഗുപ്തയുടെ ആരോപണം അസംബന്ധവും കെട്ടിച്ചമത്താണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗുപ്തയുടെ ആരോപണം സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രി മാനേജ്‌മെന്റ് അടിയന്തര യോഗം ചേര്‍ന്നു.

അതിനിടെ ഏത് ആരോപണവും അന്വേഷിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മരണം നടന്ന് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ താനും സുനന്ദയുടെ കുടുംബവും അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെന്നും തരൂര്‍ പറഞ്ഞു. വിവാദങ്ങളോടുള്ള പ്രതികരണം എന്ന തലക്കെട്ടിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Scroll To Top