Monday February 27, 2017
Latest Updates

ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചു :അടിയന്തര സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് സമരക്കാര്‍

ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചു :അടിയന്തര സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് സമരക്കാര്‍

ഡബ്ലിന്‍ :രാജ്യത്തെ 51 ആശുപത്രികളിലെ ഡോക്റ്റര്‍മാര്‍ ഇന്ന് രാവിലെ 7 മണി മുതല്‍ സൂചനാ പണിമുടക്ക് ആരംഭിച്ചു ഒരു ദിവസത്തെ സമരം കൊണ്ട് തങ്ങളുടെ സമരപരിപാടികള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കില്ലെന്ന് ആരോഗ്യ വകുപ്പിന് ജൂനിയര്‍ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.

സമരക്കാരില്‍ 3000ത്തോളം വരുന്ന ഡോക്ടര്‍മാരോട് ആശുപത്രികള്‍ക്ക് ഞായറാഴ്ച്ച നല്‍കുന്ന സേവനങ്ങള്‍ രാവിലെ 7മണിമുതല്‍ രാത്രി വരെ നല്‍കാനുള്ള സഹകരണമുണ്ടാവണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ആശുപത്രികളും എച്ച്എസ്ഇയും ഡോക്ടര്‍മാരെക്കൊണ്ട് അധിക സമയ ജോലി ചെയ്യിക്കുന്നു എന്ന പ്രശ്‌നം കണക്കിലെടുത്താണ് പെട്ടെന്നു തീരുമാനിച്ച സമരം.

24 മണിക്കൂറുകള്‍ വരെ നീണ്ടുപോകുന്ന നോണ്‍ കണ്‍സല്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാരുടെ ജോലി സമയം കുറയ്ക്കണമെന്നാവശ്യപ്പെട്ട് എച്ച്എസ്ഇയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാതിരുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ സമരപരിപാടിയിലേക്ക് തിരിഞ്ഞത്.

കാലങ്ങളായി ഉള്ള പ്രശ്‌നം എച്ച്എസ്ഇ കണക്കിലെടുക്കാതിരിക്കുകയായിരുന്നുവെന്ന് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഐഎംഒ) ഇന്റസ്ട്രിയല്‍ റിലേഷന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ എറിക് യങ് ആരോപിച്ചു.

എച്ച്എസ്ഇക്ക് എന്നും ജൂനിയര്‍ ഡോക്ടര്‍മാരെ ഇത്തരത്തില്‍ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും ഇതിന് വസ്തുനിഷ്ഠവും വ്യക്തവുമായ തീരുമാനങ്ങള്‍ കൈക്കൊണ്ടില്ലെങ്കില്‍ സമരപരിപാടികള്‍ പോലുള്ള അനന്തിര നടപടികള്‍ സ്വീകരിക്കുമെന്നും എറിക് യങ് കൂട്ടിച്ചേര്‍ത്തു.

ഇന്റന്‍സിവ് കെയര്‍ യണിറ്റുകളിലേക്കും മറ്റ് അടിയന്തിര വിഭാഗങ്ങളിലേക്കും ഞായറാഴ്ചകളില്‍ നല്‍കുന്ന സേവന അടിസ്ഥാനത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാമെന്ന് ഡോക്ടര്‍മാര്‍ സമ്മതിച്ചിട്ടുണ്ട്. അടിയന്തിരമായി ചെയ്യേണ്ടുന്ന ശസ്ത്രകൃയകളും ഡയാലിസിസ് സര്‍വ്വീസുകളും ചെയ്തുകൊടുക്കാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കീമോതെറാപിക്കും റേഡിയോതെറാപ്പിക്കും വിധേയരാകുന്ന രോഗികളെ പരിശോധിക്കാനും ഡോക്ടര്‍മാര്‍ തയ്യാറാകും.
സമരം ഒഴിവാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം വരെ എച്ച്എസ്ഇ ഐഎംഒയെ സമീപിച്ചിരുന്നു.
പുറമേനിന്നുള്ളവരും ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടവരുമായ രോഗികളെ ഈ സമരം ബാധിക്കുമെന്ന് എച്ച്എസ്ഇ ഡയറക്ടര്‍ ജനറല്‍ ടോണി ഒ’ബ്രിയന്‍ പറഞ്ഞു. ഇത് സ്വാഗതാര്‍ഹമായ ഒരു സമരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമയപരിധിയെ സംബന്ധിച്ച് വളരെ മുന്‍പുതന്നെ ജൂനിയര്‍ ഡോക്ടര്‍മാര്‍ രംഗത്തുവന്നിരുന്നു എന്ന് ഐഎംഒ പറഞ്ഞു. എന്നാല്‍ എച്ച്എസ്ഇ ഇവരുടെ പ്രതിഷേധം കണക്കിലെടുക്കുകയുണ്ടായില്ല.

കൂടുതല്‍ സമയം ജോലി ചെയ്യുന്നതിന്റെ പ്രശ്‌നങ്ങളും രോഗികളെതന്നെയാണ് പ്രതികൂലമായി ബാധിക്കുക എന്ന് ഐഎംഒയുടെ നോണ്‍ കണ്‍സല്‍ട്ടന്റ് ഡോക്ടര്‍സ് കമ്മിറ്റി അംഗമായ ഡോക്ടര്‍ ജോണ്‍ ഡൊണെല്ലന്‍ പറഞ്ഞു.

യൂറോപിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ഇപ്പോഴത്തെ ജോലി സമയ പരിധി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോലി സമയം 24 മണിക്കൂര്‍ എന്നതില്‍ നിന്നും 11 മണിക്കൂര്‍ ആക്കിമാറ്റണമെന്ന് ആരോഗ്യമന്ത്രി ജോണ്‍ റൈലിയ്ക്ക് സിന്‍ഫെയിനിന്റെ ആരോഗ്യക്ഷേമ വക്താവ് കാവോമിന്‍ ഒ കോളിന്‍ അപേക്ഷ നല്‍കി.

മുന്‍ ഐഎംഒ പ്രസിഡണ്ടും ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയുമായാ റൈലി എത്രയും പെട്ടെന്ന് ജൂനിയര്‍ ഡോക്ടര്‍മാരും എച്ച്എസ്ഇയും തമ്മിലുള്ള ജോലിസമയ പരിധിയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിനിടപെടണമെന്നും കോളിന്‍ കൂട്ടിച്ചേര്‍ത്തു.

അടിയന്തിര ചികിത്സാസഹായം ആവശ്യം വരുന്ന രോഗികളെ പരിശോധിക്കാനുള്ള സ്റ്റാഫ് ലവല്‍ ആശുപത്രികളില്‍ ഉണ്ടാവില്ലെന്ന് ഐറിഷ് അസോസിയേഷന്‍ ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍ (ഐഎഇഎം) മുന്നറിയിപ്പ് നല്‍കി
.
അടിയന്തിരാവസ്ഥയിലുള്ള രോഗികള്‍ക്ക് ചികിത്സ ലഭിക്കുമെന്ന കാര്യം പൊതുജനങ്ങളെ അറിയിക്കണമെന്നും സമരം രോഗികളെ പ്രതികൂലമായി ബാധിക്കരുതെന്നും കോളിന്‍ പറഞ്ഞു. രോഗം കൂടുതല്‍ വഷളാവാനും രോഗിക്ക് മരണം സംഭവിക്കാനും സമരം കാരണമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top