Tuesday January 24, 2017
Latest Updates

ഡീന്‍ കുര്യാക്കോസിന്റെ പരാജയം: കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ. മണി രാജിവച്ചു

ഡീന്‍ കുര്യാക്കോസിന്റെ പരാജയം: കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ. മണി രാജിവച്ചു

ഇടുക്കി: ഡീന്‍ കുര്യാക്കോസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത പൊട്ടിത്തെറി തുടരുന്നു. പരാജയത്തിന്റെ പേരില്‍ നേതാക്കള്‍ പരസ്പ്പരം പഴി ചാരുമ്പോള്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ. മണി രാജിവച്ചു. ഇടുക്കിയില്‍ ഡീന്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വയ്ക്കുമെന്ന് എ.കെ. മണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജിക്കത്ത് മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റ് വി എം സുധീരനും അയച്ചു കൊടുത്തു.

അതിനിടെ പരാജയത്തിന്റെ പേരില്‍ നേതാക്കള്‍  തമ്മിലുള്ള പരസ്പര ആരോപണങ്ങള്‍ തുടരുകയാണ്. ജോയിസ് ജോര്‍ജിന്റെ ബന്ധുവും കോണ്‍ഗ്രസ് നേതാവുമായ ഇ.എം. അഗസ്തിയുടെ നേതൃത്വത്തില്‍ തന്നെ പരാജയപ്പെടുത്താന്‍ വ്യാപക ശ്രമം ഉണ്ടായതായി ചൂണ്ടിക്കാട്ടി ഡീന്‍ കുര്യാക്കോസ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്കി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെയും റോയ് കെ പൌലോസിന്റെയും കോലം കത്തിച്ചിരുന്നു.

മുന്‍ എം.പി പി.ടി തോമസിന്റെ നിലപാടുകളാണ് ഇടുക്കിയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് ഇ.എം. അഗസ്തി ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം ഇടുക്കി ബിഷപ്പ് ഹൌസിലേക്ക് പടക്കം ഏറിഞ്ഞതില്‍ പിടി തോമസിന് പങ്കുണ്ടെന്നും ഇ.എം. അഗസ്തി ആരോപിച്ചു. പിടി തോമസിനോട് അടുപ്പം പുലര്‍ത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പടക്കം എറിഞ്ഞതെന്ന് അഗസ്തി ഇന്നലെ ആരോപിച്ചിരുന്നു.

അതിനിടെ പടക്കമെറിഞ്ഞ സംഭവത്തില്‍ പുരന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. കൊച്ചി റേഞ്ച് ഐജി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. രൂപത അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുനരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ല പോലീസ് മേധാവിയുടെ ഓഫിസിലേക്ക് നാളെ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് മാറ്റി വച്ചതായി രൂപത അധികൃതര്‍ അറിയിച്ചു.

Scroll To Top