Tuesday September 25, 2018
Latest Updates

ഡി എന്‍ എ ഫലം വന്നു,ലിഗയുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ തുടരുന്നു,അയര്‍ലണ്ടിലേക്കുള്ള ബന്ധുക്കളുടെ മടക്കയാത്ര വൈകും 

ഡി എന്‍ എ ഫലം വന്നു,ലിഗയുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ തുടരുന്നു,അയര്‍ലണ്ടിലേക്കുള്ള ബന്ധുക്കളുടെ മടക്കയാത്ര വൈകും 

തിരുവനന്തപുരം: തിരുവല്ലത്ത് നിന്ന് കണ്ടെടുത്ത മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. സഹോദരിയുടെ ഡിഎന്‍എയുമായി താരതമ്യം ചെയ്താണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടന്നത്.

ആന്തരികാവയവങ്ങളുടെ ശസ്ത്രക്രിയ പരിശോധനയും വൈകാതെ പൂര്‍ത്തിയാകും.ഇതുസംബന്ധിച്ച പരിശോധനകളുടെ അന്തിമഫലം നാളെ പുറത്തുവിട്ടേക്കും.
അതേ സമയം കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്.കോവളത്ത് നിന്നും കാണാതായ ടൂറിസ്റ്റ് ഗൈഡുകളും,ഒരു യോഗാ അധ്യാപകനും പോലീസ് നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടുണ്ട്.ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ച് മരണമെന്ന് പറയുമ്പോള്‍ അതില്‍ ഒളിച്ചിരിക്കുന്നതുകൊലപാതകമെന്ന സത്യമാണ്. ഇത് കേരളാ പൊലീസിന്റെ ഇതുവരെയുള്ള വാദങ്ങളെ തള്ളിക്കളയും.

ലിഗയുടേതു കൊലപാതകമെന്നതാണ് കുടുംബത്തിന്റെ ആരോപണം. അതിന് പ്രധാനമായും മൂന്ന് സംശയങ്ങളാണ് ഉന്നയിക്കുന്നത്. ഒന്ന് , നാട്ടുകാര്‍ പോലും പോകാത്ത കണ്ടല്‍ക്കാടിനുള്ളില്‍ സ്ഥലപരിചയമൊട്ടുമില്ലാത്ത ലിഗ എങ്ങിനെയെത്തി. വിശ്വാസം നടിച്ച് ആരെങ്കിലും കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം. രണ്ട് , ലിഗയെ കാണാതാകുമ്പോള്‍ ധരിച്ചിട്ടില്ലാത്ത ജാക്കറ്റ് മൃതദേഹത്തില്‍ എങ്ങിനെ വന്നു…മൂന്ന് മൃതദേഹത്തിന്റെ കഴുത്ത് വേര്‍പ്പെട്ടത് എങ്ങിനെ…? ഈ സംശയങ്ങളുടെ ഉത്തരമാണ് ബന്ധുക്കള്‍ തേടുന്നത്.

ഇതിന് ജാക്കറ്റ് കോവളത്ത് നിന്ന് വാങ്ങിയതാണെന്ന് ഉറപ്പിക്കാനുള്ള സാക്ഷി മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതിനൊപ്പം വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക മൊഴികള്‍ ലഭിച്ചുവെന്നും പൊലീസ് പറഞ്ഞിരുന്നു. ലിഗ വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി മൊഴി. മത്സ്യ ബന്ധനത്തിന് പോയവരാണ് മൊഴി നല്‍കിയത്. ഇതെല്ലാം ലിഗയുടേത് ആത്മഹത്യയാക്കി മാറ്റാനുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നു. ഇതിനിടെയാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം എത്തുന്നത്.

ഇതിനിടെ വാദി തന്നെ പ്രതിയാകും എന്ന രീതിയിലുള്ള പ്രചാരണങ്ങളും ചില കേന്ദ്രങ്ങള്‍ തുറന്നു വിടുന്നുണ്ട്.ക്വോട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ലിഗയെ ആരോ കൊലപ്പെടുത്തി എന്നാണ് ഇവരുടെ വാദം.എന്നാല്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനും,സംഭവത്തില്‍ സജീവമായി രംഗത്ത് നില്‍ക്കുന്ന സഹോദരി ഇലിസയെയും,കേരളത്തിലെ സാമൂഹ്യപ്രവര്‍ത്തകരെയും കൂടുതല്‍ ശക്തമായ നിലപാടുകളില്‍ നിന്നും പിന്തിരിപ്പിക്കാനുമുള്ള അജണ്ടയുടെ ഭാഗമാണ് ഇത്തരത്തിലുള്ള പ്രചാരണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മാനസിക രോഗം ആരോപിച്ചു അയര്‍ലണ്ടിലേയ്ക്ക് പോലീസ് നിര്‍ബന്ധപൂര്‍വം മടക്കിയയച്ച ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രു മൂന്നാം ദിവസം എങ്ങനെ,എന്തിന് വേണ്ടി തിരികെ എത്തി എന്നാണ് ഇവരുടെ ചോദ്യം.എന്നാല്‍ അയര്‍ലണ്ടിലേയ്ക്ക് പോവാന്‍ തയാറാകാഞ്ഞ ആന്‍ഡ്രുവിനെ ഇവര്‍ എന്തിനാണ് മടക്കി അയച്ചത് എന്ന ചോദ്യം ഇവര്‍ ഒഴിവാക്കുകയും ചെയ്യുന്നു.
ഇവരുടെ വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ സര്‍ക്കാര്‍ ഇടപെട്ട് വിസ പുതുക്കി നല്‍കിയിട്ടുണ്ട്.കേരള സര്‍ക്കാര്‍ നേരിട്ട് മുന്‍കൈ എടുത്താണ് ആന്‍ഡ്രുവിനും,ഇലിസയ്ക്കും വിസ നീട്ടി കൊടുത്തിരിക്കുന്നത്.
മൂന്നു ദിവസത്തിനകം കുറ്റവാളികള്‍ ഉണ്ടെങ്കില്‍ അവര്‍ പിടിയിലാവുമെന്നും,കേസിന് തെളിവുകള്‍ ലഭിക്കുമെന്നും ഡി ജി പി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.മനോജ് അബ്രാഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കൃത്യമായ അന്വേഷണമാണ് നടത്തുന്നതാണെന്നാണ് തിരുവനന്തപുരത്തെ സാമൂഹിക പ്രവര്‍ത്തകരും പറയുന്നത്.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top