Thursday November 23, 2017
Latest Updates

ഡിയുപി-ഷീന്‍ഫെയന്‍ കടുംപിടുത്തത്തില്‍  നോര്‍ത്തേണ്‍ അയര്‍ലണ്ട് ഭരണസിരാകേന്ദ്രം അനാഥമാകുന്നു,ചര്‍ച്ചയും പുതിയ സര്‍ക്കാരും ഇനി സെപ്റ്റംബറിലെ ഉണ്ടാവുകയുള്ളെന്ന് നേതാക്കള്‍ 

ഡിയുപി-ഷീന്‍ഫെയന്‍ കടുംപിടുത്തത്തില്‍  നോര്‍ത്തേണ്‍ അയര്‍ലണ്ട് ഭരണസിരാകേന്ദ്രം അനാഥമാകുന്നു,ചര്‍ച്ചയും പുതിയ സര്‍ക്കാരും ഇനി സെപ്റ്റംബറിലെ ഉണ്ടാവുകയുള്ളെന്ന് നേതാക്കള്‍ 

ബെല്‍ഫാസ്റ്റ് :ഡിയുപി-ഷീന്‍ഫെയന്‍ കടുംപിടുത്തത്തിനും ആരോപണങ്ങളിലും കുടുങ്ങി നോര്‍ത്തേണ്‍ അയര്‍ലണ്ടിന് തത്കാലം ഭരണകൂടം ഉണ്ടാവില്ലെന്ന അവസ്ഥയിലേയ്ക്ക്. ഇരുകക്ഷികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാല്‍ ഇനി സമ്മര്‍ അവധി കഴിയാതെ അധികാരം പങ്കുവെക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും ധാരണയുണ്ടാകാനിടയില്ലാത്തതിനാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് ഭരണപരമായ അനാഥത്വത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.സെപ്റ്റംബറിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമൊന്നുമുണ്ടാകില്ലെന്ന സൂചനയാണ് ഷീന്‍ഫെയന്‍ കേന്ദ്രങ്ങള്‍ നല്‍കുന്നത്.അതുവരെയും അയര്‍ലണ്ട് സര്‍ക്കാരും ബ്രിട്ടനും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും പാര്‍ടി കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി ബ്രോക്കണ്‍സ് ഹയറിന്റെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ചയും പാര്‍ട്ടികള്‍ സ്റ്റാര്‍മോണ്ടില്‍ ഒത്തുചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ‘വഞ്ചി തിരുനക്കര’യില്‍ത്തന്നെ എന്നതാണ് സ്ഥിതി.

ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടതു പ്രകാരം ബ്രിട്ടീഷ് പ്രധാനമന്ത്രി അഞ്ച് പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയിരുന്നു.എന്നിട്ടും അഭിപ്രയാഭിന്നതയുടെ മഞ്ഞുരുക്കാനായില്ല.ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും പാര്‍ട്ടികള്‍ തമ്മിലുള്ള അകല്‍ച്ച കൂടുകയാണെന്നാണ് തോന്നുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് മന്ത്രിസഭായോഗത്തില്‍ അഭിപ്രായപ്പെട്ടതായി അവരുടെ വക്താവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിയമപരമായ കാലാവധി അവസാനിച്ചതിനാല്‍ ഇനിയൊരു ഒത്തുതീര്‍പ്പുണ്ടായാലും എക്സിക്യൂട്ടീവ് പുനസ്ഥാപിക്കുന്നതിന് നിയമനിര്‍മാണവും വേണ്ടി വരും .അതിനാല്‍ അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് ഇക്കാര്യത്തില്‍ യോജിക്കണമെന്നും പ്രധാനമന്ത്രിയുടെ വക്താവ് ആവശ്യപ്പെട്ടു.
അതിനിടെ ഷീന്‍ഫെയന്‍-ഡിയുപി വാക്പോര് എല്ലാത്തിനും തടസ്സമാവുകയാണ്.ഐറീഷ് ഭാഷ സംബന്ധിച്ച നിയമനിര്‍മാണം, സ്വവര്‍ഗ വിവാഹത്തിന്മേലുള്ള നിയന്ത്രണം നീക്കല്‍,ഡിയുപിക്കെതിരായ റിന്യൂവബിള്‍ ഹീറ്റ് ഇന്‍സെന്റീവ് (ആര്‍എച്ഐ) അഴിമതി ആരോപണം ഇവയൊക്കെ പ്രധാന തര്‍ക്കവിഷയങ്ങളാണ്.ഒരു വശത്ത് അനുരഞ്ജനമെന്ന പേരില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഡിയുപി -ഷീന്‍ഫെയ്ന്‍ നേതാക്കള്‍ ആരോപണ ശരങ്ങളുമായി പരസ്പരം പോരിനിറങ്ങുകയാണ്.

അധികാരം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകളുടെ പേരില്‍ ഷീന്‍ഫെയന്‍ നേതാക്കള്‍ ‘ഷോപ്പിംഗ് ലിസ്റ്റു’മായി ഇറങ്ങിയിരിക്കുകയാണെന്ന് ഡിയുപി ലീഡര്‍ ആര്‍ലിന്‍ ഫോസ്റ്റര്‍ ആരോപിച്ചു.ഷോപ്പിംഗ് ലിസ്റ്റുണ്ടെന്നും അതില്‍ ജനങ്ങളുടെ അവകാശങ്ങളാണ് ഉള്ളതെന്നുമായിരുന്നു ഷിന്‍ഫെയന്‍ നേതാവ് മിച്ചെല്ലേ ഒ നെയ്ല്‍ തിരിച്ചടിച്ചത്.

ചൊവ്വാഴ്ചയും ഒത്തതീര്‍പ്പുണ്ടാകാത്തതിനാല്‍ സമ്മര്‍ അവധി കഴിഞ്ഞേ ഇക്കാര്യത്തില്‍ പുരോഗതിയുണ്ടാകൂയെന്ന് അയര്‍ലണ്ട് വിദേശമന്ത്രി സൈമണ്‍ കോവ്നെയും പറഞ്ഞു.

Scroll To Top