Wednesday July 26, 2017
Latest Updates

ഡല്‍ഹിയില്‍ ഓരോ മണ്ഡലത്തിലും ബി ജെ പി 5000 കള്ളവോട്ട് ചേര്‍ക്കുന്നുവെന്ന് കേജരിവാള്‍ 

ഡല്‍ഹിയില്‍ ഓരോ മണ്ഡലത്തിലും ബി ജെ പി 5000 കള്ളവോട്ട് ചേര്‍ക്കുന്നുവെന്ന് കേജരിവാള്‍ 

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും 5000 വീതം കള്ളവോട്ടുകള്‍ ഉറപ്പാക്കാന്‍ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ എം.എല്‍.എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന ആരോപണവുമായി അരവിന്ദ് കേജ്രിവാള്‍ രംഗത്ത്. ബി.ജെ.പിക്ക് അനുകൂലമായി കുറഞ്ഞത് 5000 കള്ളവോട്ടെങ്കിലും ഉറപ്പാക്കണമെന്നും ആം ആദ്മി പാര്‍ട്ടി വോട്ടുകള്‍ തടയണമെന്നും ഒരു മുതിര്‍ന്ന നേതാവ് എം.എല്‍.എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കേജ്രിവാള്‍ ട്വിറ്ററില്‍ ആരോപിച്ചു.

ഇക്കാര്യം തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍ക്കണ്ട് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണത്തില്‍ പേര് വ്യക്തമാക്കിയില്ലെങ്കിലും ‘മുതിര്‍ന്ന നേതാവ്’ എന്നതുകൊണ്ട് കേജ്രിവാള്‍ ഉദ്ദേശിച്ചത് അമിത് ഷായെ ആണെന്ന് ആപ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. #BJPFakeVote എന്ന പേരില്‍ ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പ്രചരണം ട്വിറ്ററില്‍ ടോപ് ട്രെന്‍ഡുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

‘ഓരോ മണ്ഡലത്തിലും 5000 കള്ളവോട്ടെങ്കിലും സൃഷ്ടിക്കണമെന്നും ആപ് വോട്ടുകള്‍ ഇല്ലാതാക്കണമെന്നും മുതിര്‍ന്ന നേതാവ് ഡല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നു. പുതിയ കള്ള വോട്ട് ഒന്നിന് 1500 രൂപയും ആപ്പിന്റെ ഒരു വോട്ട് ഇല്ലാതാക്കുന്നതിന് 200 രൂപയുമാണ് കൈക്കൂലി നല്‍കുന്നത്. കഴിഞ്ഞയാഴ്ച ബി.ജെ.പിക്കു വേണ്ടി ഇക്കാര്യം ചെയ്ത ഒരാളാണ് ഇത് വെളിപ്പെടുത്തിയത്. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഞങ്ങള്‍ ഔദ്യോഗിക പരാതി നല്‍കും.’ മുന്‍ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ഡല്‍ഹി തെരഞ്ഞെടുപ്പ് അകാരണമായി നീട്ടിവെക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കേജ്രിവാള്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് ബി.ജെ.പിക്ക് അനുകൂലമായി നടപടിയെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫെബ്രുവരി 14ന് കേജ്രിവാള്‍ രാജിവെച്ചതിനു ശേഷം ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണമാണ് നിലനില്‍ക്കുന്നത്. ഡല്‍ഹിയില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ധൈര്യമുണ്ടോ എന്ന് കേജ്രിവാള്‍ ബി.ജെ.പിയെ വെല്ലുവിളിച്ചു.

Scroll To Top